Blog : ഇസ്താംബൂള്‍ ഇസ്താംബൂള്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

ഇസ്താംബൂള്‍ ഇസ്താംബൂള്‍

ഭൂഗര്‍ഭതടവറയില്‍ അകപ്പെട്ട മനുഷ്യാവസ്ഥയുടെ ചോര പുരണ്ട ഏടുകള്‍

ഭീകരമര്‍ദ്ദനമുറകളില്‍ അകപ്പെട്ട മനുഷ്യാവസ്ഥയുടെ സങ്കടഗാഥയാണീ നോവല്‍. 
നമ്മള്‍ ഈ ഭൂമിയുടെ ഉപരിതലത്തിലാണ് ജീവിക്കുന്നത്. ഈ ഭൂമിക്കു താഴെ മറ്റൊരു ലോകമുണ്ട്. അവിടെ ആരുടെയൊക്കെയോ വിലാപങ്ങളും നിലവിളികളും ഉയരുന്നു!

    എല്ലാ അര്‍ത്ഥത്തിലും ഇത് ഒരു അസാധാരണമായ നോവലാണ്. നെഞ്ചിലേക്ക് ഒരു വെടിയുണ്ട ചീറിവന്നതുപോലെ ഈ കൃതി നമ്മെ തീര്‍ത്തും പരിഭ്രാന്തമാക്കുന്നു. വായനയുടെ ഓരോ അദ്ധ്യായങ്ങളിലും ഇസ്താംബൂള്‍ എന്ന നോവല്‍ നമ്മളറിയാത്ത ഒരു വ്യവസ്ഥിതിയുടെ ബീഭത്സമായ അധോലോകവാഴ്ചയുടെ മര്‍ദ്ദനമുറകള്‍ വെളിപ്പെടുത്തുന്നു. ഇതിലെ കഥാപാത്രങ്ങള്‍ ആരും പുറംലോകങ്ങള്‍ കാണുന്നില്ല. ഭൂഗര്‍ഭഅറയിലുള്ള ഒരു ഇടുങ്ങിയ ഇരുട്ടറയിലാണ് അവര്‍ തിക്കിത്തിരക്കി ഇരിക്കുന്നത്. മെദിര്‍തായ്, ക്ഷുരകന്‍ കാമോ, കുഹെയ്‌ലാന്‍ അമ്മാവന്‍, ഡോക്ടര്‍; തടവുപുള്ളികളായ ഇവരിലൂടെ, കെട്ടുകഥയിലൂടെ, ഫാന്റസികളിലൂടെ, ഓര്‍മ്മകളിലൂടെ ഇസ്താംബൂളിന്റെ അസാധാരണമായ ഒരു കഥയുടെ ചുരുള്‍ നിവരുകയാണ്. ഇസ്താംബൂളിന്റെ വായനാനുഭവം നമുക്ക് മറ്റൊരു കൃതിയിലും കിട്ടുകയില്ല. അത്രയ്ക്ക് വ്യക്തിനിഷ്ഠവും വ്യതിരിക്തവുമായ രചന. മര്‍ദ്ദിതരുടെ ചോര നമ്മുടെ നെഞ്ചിലേക്കു പോലും തെറിച്ചുവീഴുന്നു. എല്ലാവരും അതിഭീകരമായി മര്‍ദ്ദിക്കപ്പെട്ട് അവശരായവര്‍. മനസ്സിന്റെ സമനില തെറ്റിക്കുന്ന മനുഷ്യാവസ്ഥകള്‍. തടവറയുടെ വേദനയില്‍, കൊടുംപീഡനങ്ങളില്‍നിന്ന് ചീന്തിയെടുത്ത കഥകളുടെ ഒരു ഭീകര ലോകം.

    രാത്രിയെന്നോ പകലെന്നോ എന്നറിയാത്ത വിധം ഒരു ഭൂഗര്‍ഭഅറയില്‍ അകപ്പെട്ടവര്‍, സമയതീരങ്ങള്‍ക്കപ്പുറം ഇരുളടഞ്ഞ ഇടുങ്ങിയ ചുമരുകളുടെയുള്ളില്‍ അകപ്പെട്ട്, ആ കൊടുംശൂന്യതയിലിരുന്ന് അദ്ഭുതകരമായ വിധത്തില്‍ ഭാവനകളിലും യാഥാര്‍ത്ഥ്യങ്ങളിലും കൂടിക്കുഴഞ്ഞ ഒരു ലോകത്തെ (മനോരാജ്യങ്ങളില്‍) സൃഷ്ടിക്കുകയാണ്. നഗരത്തിന്റെ എല്ലാ വിശദാംശങ്ങളിലൂടെയും ഇസ്താംബൂളിന്റെ ഇരുളും വെളിച്ചവും അവരുടെ ബോധത്തില്‍ തിളച്ചുമറിയുകയാണ്. 
ഈ പീഡനമുറിയില്‍ അകപ്പെട്ടതെങ്ങനെ എന്ന കഥ ഓരോരുത്തരും ഓരോരോ അദ്ധ്യായങ്ങളിലായി പറഞ്ഞുവെക്കുന്നു. അവരെല്ലാവരും തന്നെ വ്യവസ്ഥാപിത ഭരണത്തിനെതിരെ, കൊടുംഅനീതികള്‍ക്കെതിരെ പോരാടുന്ന രഹസ്യസംഘടനയിലുള്ളവര്‍. പരസ്പരം അറിയുമെങ്കിലും നേരില്‍ കാണാത്തവര്‍. പരസ്പരം കണ്ടുമുട്ടുന്നത് ഈ ഇരുളടഞ്ഞ ഭൂഗര്‍ഭ അറയില്‍ വെച്ച്. അഭിമുഖീകരിക്കേണ്ടി വരുന്നത് കൊടും പീഡനങ്ങള്‍...

    നമ്മളെല്ലാം ഇവിടെയിങ്ങനെ ഈ ഭൂഗര്‍ഭതടവറയില്‍ നരകയാതന അനുഭവിക്കുമ്പോള്‍ നമുക്കു മുകളിലെ നഗരത്തില്‍ ജനം അവരുടെ സാധാരണ ജീവിതം നയിക്കുകയാണ്. അപ്പോള്‍ പിന്നെ നമ്മളിങ്ങനെ നരകിക്കുന്നതില്‍ എന്താണര്‍ത്ഥം? അവര്‍ക്ക് നമ്മളിതിനകത്തുണ്ടെന്നു പോലുമറിയില്ല. മനുഷ്യര്‍ ആദ്യമായി ബാബേല്‍ ഗോപുരം പണിയാന്‍ തുനിഞ്ഞപ്പോള്‍ ദൈവം അവര്‍ക്ക് പല ഭാഷകള്‍ നല്‍കി. പരസ്പരം ആശയവിനിമയം നഷ്ടപ്പെട്ടവരുടെ കോപിഷ്ടരായ ജനം ഭൂമി മുഴുക്കെ കീഴടക്കി. ഒന്നല്ല, ആയിരക്കണക്കിന് ഗോപുരങ്ങള്‍ പണിതു. ഗോപുരങ്ങള്‍കൊണ്ട് ആകാശങ്ങള്‍ തുരന്നു. അവരുടെ കെട്ടിടങ്ങള്‍ക്ക് ഉയരം വര്‍ദ്ധിച്ചുതുടങ്ങിയപ്പോള്‍ അവര്‍ ദൈവത്തെ തോല്പിച്ചു എന്ന് കരുതിത്തുടങ്ങി. തെറ്റായ സ്ഥലങ്ങളിലാണ് നമ്മള്‍ സത്യം തിരയുന്നത്. ഇനി ഏകമാര്‍ഗ്ഗം ജനങ്ങളില്‍നിന്ന് നമ്മള്‍ ഓടിയകലുക മാത്രം. നോവലിന്റെ അദ്ധ്യായങ്ങളത്രയും ഉള്‍ക്കിടിലമുണ്ടാക്കുന്ന അസാധാരണമായ വായനാനുഭവമായിരിക്കുന്നു. ഭീകരമായ മര്‍ദ്ദനമുറകളില്‍ അകപ്പെട്ട മനുഷ്യാവസ്ഥയുടെ ചോര പുരണ്ട ഏടുകളാണ് ഇതിലെ മിക്ക അദ്ധ്യായങ്ങളും. നോവലിലെ ചില പീഡനഭാഗങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുക മാത്രമല്ല, ബോധക്ഷയത്തിലേക്കു വരെ കൊണ്ടെത്തിക്കും എന്നു തോന്നും. ''രണ്ട് തൂണുകള്‍ക്കു വിലങ്ങനെ ഒരു ഇരുമ്പുകമ്പി കെട്ടിയിരിക്കുന്നു. അവളുടെ രണ്ട് കൈകളും ആ വടിയില്‍ കെട്ടിയിരിക്കുകയാണ്. ബാക്കി ശരീരം വായുവില്‍ തൂങ്ങിയാടുന്നു. അവള്‍ക്ക് തലയനക്കാന്‍ പോലുമാകുന്നില്ല. അവള്‍ നഗ്നയായിരുന്നു. അവളുടെ മുലകളില്‍നിന്നും തുടങ്ങിയ മുറിവ് വയറിലൂടെ, ഗുഹ്യഭാഗത്തിലൂടെ, കാലില്‍ ചെന്നവസാനിക്കുന്നു. അവിടെ ഒരു ചുകന്ന വര വ്യക്തമായും കാണാം.''
''അവര്‍ എന്റെ സമീപമെത്തി. എന്നെ മുടിയില്‍ പിടിച്ച് ചുമരിലേക്കു വലിച്ചിഴച്ചു. എന്റെ ചുമലും കൈകളും ഒരു മരത്തടിയില്‍വെച്ച് കെട്ടി. എന്നിട്ട് നീളമുള്ള ഒരു ആണി എടുത്തു. അത് എന്റെ ഉള്ളംകൈയില്‍ വെച്ച് ഇരുമ്പുകൂടം കൊണ്ടടിച്ചു. അവര്‍ ആ ഇരുമ്പുകൂടം എന്റെ തലച്ചോറിലേക്കാണടിച്ചു കയറ്റുന്നതെന്ന് എനിക്കു തോന്നി. ഞാന്‍ ഉച്ചത്തില്‍ മുരണ്ടു. എന്റെ തുറന്ന കണ്ണില്‍നിന്നും അടഞ്ഞ കണ്ണില്‍നിന്നും ഒരുപോലെ കണ്ണീരൊഴുകി.''

    ബുറാന്‍ സോന്മെന്‍സ് തുര്‍ക്കിയിലെ സുപ്രസിദ്ധനായ കവിയും നോവലിസ്റ്റുമാണ്. കുര്‍ദ്ദുകളുടെ  സാംസ്‌കാരികപാരമ്പര്യം അദ്ദേഹത്തിന്റെ പൈതൃകമാണ്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1996 തുര്‍ക്കി സംഘര്‍ഷത്തിന്റെ പൊലീസ് മര്‍ദ്ദനമേറ്റ് ദീര്‍ഘകാലം ബ്രിട്ടനില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ കേംബ്രിഡ്ജിലും ഇസ്താംബൂളിലുമായി താമസം. വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്റെ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര നോവല്‍ 'വിശുദ്ധ മാനസര്‍' (മസുമലാര്‍)Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...