Blog : ടാബ്‌ലെറ്റിലെ ആകാശം - Green Books India Pvt Ltd - Publishers of Quality Books In Kerala

ടാബ്‌ലെറ്റിലെ ആകാശം

അവതാരിക സക്കറിയ

മഞ്ജു ജയശീലന്റെയും കണ്ണന്‍ ഷൊര്‍ണ്ണൂറിന്റെയും, ഒരേ സമയം സ്വകാര്യവും പരസ്യവുമായ ആത്മഗതങ്ങളാണ് ഈ ചെറുപുസ്തകത്തിന്റെ ഉള്ളടക്കം എന്ന് പറയാമെന്നു തോന്നുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള, അതായത് ആഗോളനെറ്റ് സാധ്യമാക്കിയിരിക്കുന്ന ആത്മപ്രകാശന വേദികളിലൂടെയുള്ള,പുതിയ സംവേദനക്രമത്തിന്റെ പ്രത്യേകതയാണ് ഒരേ സമയം പരസ്യവും സ്വകാര്യവുമായിരിക്കുന്ന അവസ്ഥ. യഥാര്‍ത്ഥവും വേലിക്കെട്ടുകളില്ലാത്തതും സമ്പൂര്‍ണ്ണ സ്വതന്ത്രവുമായ ഒരു സംവേദനമാണത്. അതുകൊണ്ടാണ് സ്വകാര്യതയെ തന്റേതും മറ്റുള്ളവരുടേതും കൂടി ആക്കിതീര്‍ക്കാന്‍ സാധിക്കുന്നത്. പരമ്പരാഗത സംവേദനമാര്‍ഗ്ഗമായ അച്ചടി മാധ്യമങ്ങളില്‍ ഇത്തരമൊരു സ്വാതന്ത്ര്യം നിശ്ശേഷം ലഭ്യമല്ല. അച്ചടി മാധ്യമങ്ങള്‍ക്കു പിന്നില്‍ നിയന്ത്രണത്തിന്റെയും നിരോധനത്തിന്റെയും നിക്ഷിപ്ത താല്‍പര്യങ്ങളുടെയും അദ്യശ്യ ശക്തികള്‍ അണിനിരന്നു നില്‍പ്പുണ്ട്. അവയെ മറികടന്നുള്ള ഒരു സംവേദനം- മഞ്ജു ജയശീലന്റെയും കണ്ണന്‍ ഷൊര്‍ണ്ണൂറിന്റെയും പോലെയുള്ള നിയമ ലംഘനാത്മകമായ ആത്മഭാഷണങ്ങള്‍- സാധ്യമല്ല. ഇന്റര്‍നെറ്റില്‍ നിന്ന്, പുസ്തകരൂപത്തിലുള്ള ഒരു അച്ചടി നിര്‍മ്മിതിയിലേക്ക് അവരുടെ സംവേദനങ്ങള്‍ രൂപം മാറുമ്പോഴും അവ നിലകൊള്ളുന്നത് മുഖ്യധാരയ്ക്കു പുറത്തുള്ള ഒരിടത്താണ്. അവര്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയില്ല. കാരണം, മുഖ്യധാരയ്ക്കു അവരെപ്പോലെയുള്ള കലാപകാരികളുടെ സാന്നിധ്യം അവഗണിക്കുകയാണ് സൗകര്യം. എന്നാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് എന്ന് തോന്നിപ്പിക്കുന്ന ഈ അസ്തിത്വം തന്നെയാണ് ആഗോള നെറ്റിലൂടെയുള്ള പുതിയ സംവേദനസ്വാതന്ത്ര്യത്തിന്റെ പ്രസക്തിയും പ്രത്യേകതയും. കാരണം മുഖ്യധാരയ്ക്കു പുറത്ത് അവര്‍ സൃഷ്ടിക്കുന്ന ലോകം, അതിന്റെ എല്ലാ അരാജകത്വങ്ങളോടും അപക്വതകള്‍ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥാവിശേഷങ്ങളോടുംകൂടി സംവേദനക്രിയയുടെ അതിരുകളെ പിന്നാക്കം തള്ളിക്കൊണ്ടേയിരി ക്കുകയാണ്. മുഖ്യധാരാസംവേദകരായി അവര്‍ അംഗീകരിക്കപ്പെടുകയോ പരിണമി ക്കുകയോ ചെയ്യുന്നതോടെ അവരുടെ കലാപത്തിന്റെ വ്യക്തിത്വം ചോര്‍ന്നുപോകുകയും അതിന്റെ മുഖച്ഛായ അംഗീകൃതമുഖച്ഛായകളിലേക്കു അലിഞ്ഞുപോവുകയും ചെയ്യാനുള്ള സാധ്യത വളരെയാണ്.
 
ആഗോളനെറ്റ് ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും കേന്ദ്രപ്രധാനമായ കരുവാണ്. ആഗോളവല്‍ക്കരണം ഒരു ചീത്തവാക്കാണ് എന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ മേല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഒട്ടിച്ചുവയ്ക്കുന്ന വ്യാജവിവരണങ്ങള്‍ കീറിക്കളഞ്ഞ് അതിനെ കണ്ണുതുറന്നു കാണുകയും, അതിന്റെ രീതീകളും അതിലൊളിച്ചിരുന്നേക്കാവുന്ന സ്ഥാപിത താല്‍പര്യങ്ങളും മനസ്സിലാക്കുകയുമാണ് ആവശ്യം. പ്രത്യേകിച്ചും കേരളത്തെപ്പോലെ, ആഗോളവല്‍ക്കരണം സാധ്യമാക്കിയ ലോകമെങ്ങും പരന്നുകിടക്കുന്ന മനുഷ്യവിഭവവിപണിയിലേക്കു ലക്ഷക്കണക്കിന് പൗരന്മാരെ വിക്ഷേപിച്ചുകൊണ്ടേയിരിക്കുന്ന ഒരു സമൂഹത്തിന് ആഗോളവല്‍ക്കരണത്തെപ്പറ്റി രാഷ്ട്രീയമുദ്രാവാക്യങ്ങളല്ല ആവശ്യം, വ്യക്തവും പ്രായോഗികവും സത്യസന്ധവുമായ ധാരണകളാണ്. കേരളത്തിലെ ഓരോ പുതിയ ഇന്റര്‍നെറ്റ് കണക്ഷനും ഓരോ പുതിയ മൊബൈല്‍ഫോണും ഒരു മലയാളിയെകൂടി അവനത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, ആഗോളവല്‍ക്കരണത്തിന്റെ അന്താരാഷ്ട്ര സാമ്രാജ്യത്തിലെ അംഗമാക്കുകയാണ് എന്ന വാസ്തവം നമ്മുടെ മുമ്പിലിരിക്കുകയാണ്.  മഞ്ജു ജയശീലനും കണ്ണന്‍ ഷൊര്‍ണ്ണൂറും അവരെപ്പോലെ ആയിരക്കണക്കിന് സംവേദകരും ചെയ്യുന്നത്, ആഗോളവല്‍ക്കരണത്തിന്റെ ഈ ബ്രഹ്മാണ്ഡവലയില്‍ തങ്ങളുടെ സ്വകാര്യവും സ്വന്തവും സ്വതന്ത്രവുമായ ഇടങ്ങള്‍ കണ്ടെത്തുകയും, ആ വലയിലൂടെ തങ്ങളുടെ സംവേദനത്തിന്, അച്ചടിക്കു ഒരിക്കലും നല്‍കാനാവാത്ത, ഒരു ഗോളാന്തരസ്പര്‍ശശേഷി സമ്പാദിക്കുകയുമാണ്. ഇതു ഒരുതരം ഒളിപ്പോരാളിയുദ്ധമാണ്. കാരണം, ആഗോളനെറ്റിന്റെ പിന്നിലും ആയിരമായിരം നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഒരു പടതന്നെ സര്‍വ്വസന്നാഹങ്ങളുമായി നിരന്നുനില്‍പ്പുണ്ട്. മഞ്ജു ജയശീലന്റെ ആത്മഗതങ്ങളില്‍ അവര്‍ക്ക് യാതൊരു താല്‍പര്യവുമില്ല അവരെ സംബന്ധിച്ചിടത്തോളം, ഒറ്റപ്പെട്ടതും സ്വതന്ത്രങ്ങളും സ്വകാര്യങ്ങളുമായ ഈ ശബ്ദങ്ങള്‍ അവര്‍ക്കു സാധൂകരണം നല്‍കുകമാത്രം ചെയ്യുന്നു. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, മഞ്ജു ജയശീലന് ആഗോളനെറ്റ് നല്‍കുന്ന സ്വാതന്ത്ര്യമാണ് അതിന്റെ നിലനില്‍പിന്റെ തന്നെ ആസ്തിയും യുക്തിയും. അത് പിന്‍വലിച്ചാല്‍ നെറ്റ് കൊടുങ്കാറ്റില്‍പ്പെട്ട ചിലന്തിവലപോലെ ച്ഛിന്നഭിന്നമാകും. ആ ജീവന്‍മരണപ്രാധാന്യമുള്ള യുക്തിക്ക് ഭംഗം വരുത്തുന്നവയാണ് ബാല്‍താക്കറേയെപ്പോലെയൊരു വിഷജീവിയുടെ ശവസംസ്‌ക്കാരത്തെ വിമര്‍ശിച്ചതിന് പോലീസ് ഒരു പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതുപോലെയുള്ള സംഭവങ്ങള്‍. ആ യുക്തി നല്‍കുന്ന സ്വാതന്ത്ര്യത്തിന് കൊടുക്കേണ്ടിവരുന്ന വിലയാണ് സ്‌നോഡണ്‍ വെളിപ്പെടുത്തിയ നെറ്റിലേക്കുള്ള അമേരിക്കന്‍ കടന്നുകയറ്റങ്ങള്‍. നെറ്റ് സംവേദനസ്വാതന്ത്ര്യത്തിന്റെ പറുദീസയായിരിക്കാം, പക്ഷേ എല്ലാം കാണുന്ന, തനിക്കാവശ്യമുള്ളവ പിടിച്ചെടുക്കുന്ന, ഒരു ദൈവം അതിന്റെ താക്കോല്‍പഴുതിലൂടെ ഒളിഞ്ഞു നോക്കുന്നുണ്ട്. അത് മതങ്ങളുടെ ദൈവത്തെപ്പോലെ ഒരു കപോലകല്‍പ്പിത ദൈവമല്ല. അത് ജീവിച്ചിരുന്ന, ആയിരമായിരം കണ്ണും ചെവിയും യന്ത്രത്തലച്ചോറുകളുമുള്ള യഥാര്‍ത്ഥ ജീവിയാണ്.
 
മഞ്ജു ജയശീലനും കണ്ണന്‍ ഷൊര്‍ണ്ണൂറും പ്രവര്‍ത്തിക്കുന്ന ഈ പുതിയ ദൈവരാജ്യത്തിന്റെ അതിസാമാന്യമായ പ്രത്യേകതയും ശക്തിയും അതിന്റെ തത്സമയ ആഗോളപ്രകാശനശേഷിയാണ്.  ഞാന്‍ ഈ നിമിഷം നെറ്റിലേക്ക് പകര്‍ത്തുന്ന എന്തും ആ നിമിഷം തന്നെ ലോകമെങ്ങും അനുഭവവേദ്യമാകുന്നു,  ഇത് നടുക്കുന്ന, പരിഭ്രമിപ്പിക്കുന്ന, ഒരു വാസ്തവമാണ്. മനുഷ്യന്‍ കണ്ടുപിടിച്ച മറ്റൊരു വിദ്യയ്ക്കും ഈ വിശ്വവ്യാപ്തമായ സംവേദനശേഷിയില്ല. റേഡിയോയേയും ഫോണിനെയും ചലച്ചിത്രത്തെയും ടെലിവിഷനെയും അച്ചടിച്ച കടലാസ്സി നെയും ഒരു പോലെ അത് ഉള്‍ക്കൊളളുകയും ആഗോളതത്സമയ പ്രകാശന ശേഷി നല്‍കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണിലൂടെയും ടാബ്‌ലെറ്റ് കമ്പ്യൂട്ടറിലൂടെയും ആഗോളനെറ്റ് പരക്കുന്നതിനൊപ്പം അതിന്റെ ശക്തിയും സ്വാധീനവും വര്‍ദ്ധിക്കും. അത് അച്ചടിയേയും കടലാസിനെയും ഇല്ലാതാക്കുന്ന ഒരു ദൃശ്യം ഇന്ത്യയില്‍ ഒരുസമീപഭാവിയില്‍ കാണാനാവില്ലെങ്കിലും, ലോകത്തിന്റെ മറ്റിടങ്ങളില്‍ അത് ഒരു യാഥാര്‍ത്ഥ്യമാണ്.
 
വിവരസാങ്കേതിക വിദ്യയുടെ ഈ അതിര്‍വരമ്പുകളില്‍ നിന്നു കൊണ്ടാണ് മഞ്ജുജയശീലനെയും കണ്ണന്‍ ഷൊര്‍ണ്ണൂറിനെയും പോലെയുളള ഇലക്‌ട്രോണിക് സംവേദകര്‍ ലോകത്തോട് സംവേദിക്കുന്നത്. ആ രീതിയില്‍ അവര്‍ 'പയണീയര്‍' മാരാണ്- പ്രാരംഭകര്‍; ആദ്യത്തെ കാല്‍ വയ്പ് നടത്തിയവര്‍. അവര്‍ സംവേദനം നടത്തുന്ന ഈ ആഗോളീകൃതലോകത്തിന് ഇപ്പോള്‍ പ്രവചിക്കാനാവാത്ത ഒരു വഴിത്തിരിവ്, വിപ്ലവാത്മകമായ ഒരു മുന്നേറ്റം ഉണ്ടാകുമ്പോളായിരിക്കും നാം, അവരുടെ; നിശ്ശബ്ദവും, കമ്പ്യൂട്ടര്‍മൌസിന്റെ നീക്കങ്ങള്‍ക്കു പിന്നിലൊളിഞ്ഞിരിക്കുന്നതുമായ നവലോകത്തിലേക്ക് ഞെട്ടിയുണരുക.
 
മഞ്ജു ജയശീലന്റെയും കണ്ണന്‍ ഷൊര്‍ണ്ണൂറിന്റെയും രചനകള്‍ മേല്‍പ്പറഞ്ഞ ഇലക്‌ട്രോണിക്ക് പ്രപഞ്ചത്തില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. അവയ്ക്ക് പിന്നില്‍ അവരെയുള്ളൂ; പത്രാധിപന്‍മാരോ സെന്‍സര്‍ ബോര്‍ഡുകളോ ഇല്ല. ആ സര്‍വ്വ സ്വാതന്ത്ര്യം  തന്നെ ഒരു വമ്പിച്ച വെല്ലുവിളിയാണ്.അത്തരമൊരു അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിനുള്ളില്‍ താന്‍ എവിടെയാണ് തന്റെ സ്വന്തം അതിരുകള്‍ രൂപീകരിക്കുക? എന്തായിരിക്കുമതിന്റെ  മാനദണ്ഡങ്ങള്‍? വളരെ ഏകാന്തമായ  ഒരു ഡിസിഷന്‍ മേക്കിംഗ്, തീരുമാനമെടുക്കലാണ് അത്. ആരുടെ നേരെയും വിരല്‍ ചൂണ്ടാനൊരവസരമില്ല. സംവേദകന്‍ സ്വന്തം നിയമങ്ങള്‍ നിര്‍മ്മിക്കുന്നു - അല്ലെങ്കില്‍ നിയമമില്ലായ്മകള്‍ ഭാഷയൊഴികെ -ഫേസ്ബുക്കും മറ്റും നിര്‍ദ്ദേശിക്കുന്ന സാമാന്യ മര്യാദകളുമൊഴികെ -ആ സംവേദനത്തിനു മറ്റൊരു വിലങ്ങുതടിയുമില്ല. അതേ സമയം ലോകത്തിന്റെ കോണുകളിലേക്ക് പരന്നുകിടക്കുന്ന ആഗോളനെറ്റില്‍ തന്റെ വായനക്കാരന്‍ / വായനക്കാരി ആരാണെന്നതിനെപ്പറ്റി ഒരു പ്രത്യേകമായ അനിശ്ചിതത്വം ബാക്കി നില്‍ക്കുകയും ചെയ്യും. ഒരുപക്ഷേ തന്നെ ആരും വായിക്കുന്നുണ്ടാവില്ല എന്ന സാധ്യതയും അഭിമുഖീകരിക്കുക. അതേസമയം ഇതിനു നേരേവിപരീതമായ മറ്റൊരുപ്രത്യേകതയുണ്ട്. തത്സമയപ്രതികരണങ്ങള്‍. ഒരുവന്‍ തന്റെ ചിന്ത അഥവ ഭാവന നെറ്റിന്റെ വേദികളിലെത്തിച്ചതും നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രതികരണങ്ങള്‍ എത്തിത്തുടങ്ങുന്നു. ഒരു സംവേദകനെ സംബന്ധിച്ചിടത്തോളം ഒരു മരണക്കെണിയാണത്. അതീവസ്ഥൂലവും ദയനീയമാംവിധം ഉപരിപ്ലവവും ബഹുമുഖമായ അന്ധതകള്‍ വ്യാപിച്ചതുമായ മാനസികപ്രതലങ്ങളില്‍  നിന്നാണ് ഈ പ്രതികരണങ്ങള്‍- അനുകൂലിക്കുന്നവയും പ്രതികൂലിക്കുന്നവയും- ഒട്ടനവധി പുറപ്പെടുന്നത്. പക്ഷേ ഈ കെണിയൊരു അവനവന്‍ കടമ്പകൂടിയാണ്. അവയുടെ വാരിക്കുന്തങ്ങള്‍ക്ക് മീതേ ചാടിയുയരാനുള്ള ശേഷി സമ്പാദിക്കുകയാണ് ഇലക്‌ട്രോണിക്ക് സംവേദകരുടെ പ്രധാനവെല്ലുവിളികളിലൊന്ന്. 
 
മഞ്ജുജയശീലന്റെ, കണ്ണന്‍ ഷൊര്‍ണ്ണൂരിന്റെ ഈ ആത്മ ഭാഷണങ്ങള്‍ സാഹിത്യത്തിന്റെ പരമ്പരാഗതക്രമങ്ങളനുസരിച്ച് വിലയിരുത്താനുള്ളവയല്ല. അവ ആ പരമ്പരാഗത സാഹിത്യലോകത്ത് പുറത്ത് സ്ഥിതി ചെയ്യുന്നവയാണ്. മഞ്ജു ജയശീലന്റെ സംവേദനങ്ങള്‍ പ്രധാനമായും ഡയറിക്കുറിപ്പുകള്‍ പോലെയുള്ള പ്രസ്താവനകളും, നിരീക്ഷണങ്ങളും, തിരിച്ചറിയലുകളും, സന്നിഗ്ധതകളുമാണ്. അവ വ്യക്തമായും  ഒരു ആത്മീയാന്വേഷിയുടേതും തത്ത്വചിന്താപ്രേമിയുടേതുമാണ്. 
 
സ്വതന്ത്രവും കലാപാധിഷ്ഠിതവും സുതാര്യവുമായ ഒരു പാത മുഖ്യധാരസാഹിത്യത്തില്‍ വിലക്കപ്പെട്ടിട്ടിലെങ്കിലും തിരസ്‌കരിക്കപ്പെടുന്ന അല്ലെങ്കില്‍ വിലമതിപ്പ് ലഭിക്കാത്ത, വ്യക്തിഗത നിലപാടുകളും പ്രഖ്യാപനങ്ങളും മഞ്ജുജയശീലന്റെ കുറിപ്പുകള്‍ക്ക് തനിമയും തിളക്കവും ശക്തിയും നല്‍കുന്നു. അവയുടെ ആകെത്തുകയാണ് അവയില്‍ പ്രകാശിക്കുന്ന സത്യസന്ധതയുടെയും മാനുഷികതയുടെയും വെളിച്ചം. ചെറുകവിതകളും കുറിപ്പുകളുമാണ് കണ്ണന്‍ ഷൊര്‍ണ്ണൂരിന്റെ രചനകള്‍.
 
അവതരിപ്പിക്കുന്നത് തത്ത്വചിന്തയുടെ വെളിച്ചം പരത്തുന്ന പ്രസ്താവങ്ങളും കാവ്യശകലങ്ങളും കഥകളുമായാണ്. പാരമ്പര്യമുക്തവും മാനവികവുമായ ഒരു തത്ത്വചിന്തയെയാണ് നാം ഇവിടെ കണ്ടെത്തുന്നത്. പ്രകൃതിയേയും മനുഷ്യനെയും സ്‌നേഹിക്കാന്‍ ദൈവമെന്ന  ഊന്നുവടി ഉപയോഗിക്കാത്ത ചിന്താധാരയാണത്. പ്രത്യയശാസ്ത്രങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പുറത്തുനിന്നുകൊണ്ട് മിസ്റ്റിസിസത്തിന്റെ പ്രലോഭനങ്ങള്‍ക്ക് കീഴ്‌വഴങ്ങാതെ, വ്യക്തതയോടെയും ലാളിത്യത്തോടെയും കണ്ണന്‍ ഷൊര്‍ണ്ണൂര്‍ അനുഭവങ്ങള്‍ക്കും ജീവിതത്തിനും അര്‍ത്ഥം തേടുന്നു. മലയാളത്തിന്റെ ഘനീഭവിച്ച അംഗീകൃത സാഹിത്യത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഈ രചനകളെ വായനക്കാരുടെ പക്കല്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ട്.
 
 Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച് ...
കഴിഞ്ഞ വസന്തകാലത്തില്‍ നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക ...
കൈവരിയുടെ തെക്കേയറ്റം ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌ ...