Blog : നിര്‍ഭയം - Green Books India Pvt Ltd - Publishers of Quality Books In Kerala

നിര്‍ഭയം

ഒരു കുറ്റാന്വേഷകന്റെ തുറന്നെഴുത്തുകള്‍

    എണ്‍പതുകള്‍ക്കു ശേഷമുള്ള കേരളീയ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് ഡോ. സി.ബി. മാത്യൂസിന്റെ 'നിര്‍ഭയം - ഒരു ഐ.പി.എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന ഈ പുസ്തകം. കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ ഒട്ടേറെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നീതിപാലകനായി നിയോഗിക്കപ്പെട്ട ഒരു പൊലീസുദ്യോഗസ്ഥന്റെ ഡയറിക്കുറിപ്പുകള്‍ കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രസ്തുത കാലഘട്ടത്തിന്റെ ഒരു ചരിത്ര റഫറന്‍സ് ഗ്രന്ഥം കൂടിയാകുന്നു ഈ പുസ്തകം.

കേരളത്തെ ഇളക്കി മറിച്ച കേസുകള്‍
    കരിക്കന്‍വില്ല കൊലപാതകം, ജോളി വധം, മാര്‍ക്ക് ലിസ്റ്റ് കേസ്, പോളക്കുളം ടൂറിസ്റ്റ് ഹോം കൊലപാതകം, മാറാട് കലാപം, കണ്ണൂര്‍ കൊലപാതക പരമ്പരകള്‍, സൂര്യനെല്ലി പെണ്‍കുട്ടി, ഐ.എസ്.ആര്‍.ഒ. കേസ്, മണിച്ചന്‍ അഥവാ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ്, അബ്ദുള്‍ നാസര്‍ മദനി, പ്രൊഫ. ജോസഫിന്റെ കൈവെട്ടുകേസ്, ലാവ്‌ലിന്‍ തുടങ്ങിയ ഒട്ടേറെ കേസ് ഡയറികള്‍ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു എന്നു പറഞ്ഞാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ. മതമേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പൊലീസ് സേനയും പലപ്പോഴും അസുഖകരമായ അനുഭവങ്ങള്‍ നല്‍കിയെന്ന് ഈ പുസ്തകം പറയുന്നു. അന്വേഷിച്ച കേസുകള്‍ക്കൊക്കെ തുമ്പുണ്ടാക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ പല കേസുകളും പിന്നീട് ഹൈക്കോടതിയില്‍ പോയി ശിക്ഷയില്‍ ഇളവു നേടി. ഇതെല്ലാം ഗ്രന്ഥകാരന് പ്രതിയോഗികളുടെ ഒരു വലിയ പട്ടിക തന്നെ സംഭാവന ചെയ്തു. നിസ്സഹായാവസ്ഥയും തീവ്രമായ മനഃസംഘര്‍ഷങ്ങളും തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ വേണ്ടുവോളമുണ്ടായിരുന്നു. എന്നിട്ടും കരുത്തോടെ നീതിയുടെ പക്ഷത്തു തന്നെ അദ്ദേഹം നിലയുറപ്പിച്ചു.

    നമ്മുടെ പൊലീസ് വ്യവസ്ഥിതിയുടെ കറുത്ത മുഖങ്ങള്‍ ഇതിലുണ്ട്. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു സാമൂഹികവ്യവസ്ഥിതിയേയും നീതിന്യായ വ്യവസ്ഥയേയും നിര്‍ഭയം തുറന്നു കാണിക്കുന്നു ഈ  പുസ്തകം. കേസന്വേഷണത്തെയും വിസ്താരങ്ങളെയും ബാധിക്കുന്ന വിധത്തില്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ വീഴ്ചകള്‍ സഹായിക്കുന്നു. പൊലീസ് സ്റ്റേഷന്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടാരമായി മാറുന്നു. സത്യസന്ധനായ ഒരു പൊലീസ് മേധാവിക്ക് മുന്നോട്ടു പോകാന്‍ ഒട്ടേറെ തടസ്സങ്ങള്‍ മറികടക്കേണ്ടി വരുന്നുണ്ട് എന്ന സങ്കടകരമായ യാഥാര്‍ത്ഥ്യം. കേസന്വേഷണം എവിടെയുമെത്താതെ വഴിമുട്ടിനില്‍ക്കുന്ന ഒരവസ്ഥയും സംജാതമാകുന്നു; നിരപരാധികളുടെമേല്‍ കുറ്റം ആരോപിക്കുന്ന അവസ്ഥ പോലും ഇതുണ്ടാക്കുന്നു. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും കുറ്റവാളികളെ  കണ്ടെത്തുന്നത് എത്രത്തോളം ആശാസ്യമാണ്? ശിക്ഷിക്കപ്പെട്ട ഒരാള്‍ കാലാവധിക്കു ശേഷവും കൂടുതല്‍ വലിയ കുറ്റവാളിയായാണ് സമൂഹമദ്ധ്യത്തിലേക്കു കടന്നുവരുന്നത്.

    സ്വാധീനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമതീതമായി നിലകൊള്ളുന്ന ഒരു പൊലീസ് മേധാവിക്കു കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തിക്കൊണ്ട് നിരന്തരമായ സ്ഥലമാറ്റങ്ങളാകും സമ്മാനമായി ലഭിക്കുക. കേസന്വേഷണം അതിന്റെ സമഗ്രതയില്‍ എത്തിനില്‍ക്കുമ്പോഴാകും അപ്രതീക്ഷിതമായ സ്ഥലം മാറ്റങ്ങള്‍ ഇടിത്തീപോലെ വന്നുവീഴുന്നത്. അതോടെ കേസ് നിഷ്‌ക്രിയമാവുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. നീതിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ പണക്കൊഴുപ്പുകൊണ്ടും സ്വാധീനംകൊണ്ടും ആക്രമിക്കാന്‍ പലപ്പോഴും പലരും ഉണ്ടായേക്കും; എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സത്യംതന്നെ ജയിക്കുമെന്ന് സ്വാനുഭവംകൊണ്ട് സിബി മാത്യൂസ് പറയുന്നു. ജീര്‍ണ്ണോന്മുഖമായ ഒരു സമൂഹത്തിന്റെ കണ്ണാടി എന്ന നിലയില്‍ ഈ പുസ്തകം വളരെ പ്രസക്തമാണ്. 

വിശ്വാസത്തിന്റെ ജപമാല
    ദൈവവിശ്വാസത്തിന്റെ പേരില്‍ സങ്കുചിത താത്പര്യം പേറുന്ന മതമേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടിയിലെ അവിശുദ്ധന്മാര്‍, സ്വന്തം ഉദ്യോഗവൃന്ദത്തിലെ മുതലെടുപ്പുകാര്‍, സമൂഹത്തില്‍ നിലയും വിലയും കൈക്കലാക്കുന്ന സാമൂഹ്യവിരുദ്ധന്മാര്‍. എണ്ണയൂറ്റുകേന്ദ്രങ്ങള്‍, വ്യാജ സിമന്റ് ലോബികള്‍, വേശ്യാലയവും മയക്കുമരുന്നും ചൂതുകളിയും നടത്തിയിരുന്ന അധോലോകവക്താക്കള്‍ എന്നിവര്‍ക്കൊക്കെ കണ്ണിലെ കരടായിരുന്നു സിബി മാത്യൂസ്. അവരുടെ പ്രത്യാക്രമണങ്ങള്‍ ഉളവാക്കിയ തീവ്രമായ മനഃസംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ സഹായിച്ചത് തന്റെ വിശ്വാസത്തിന്റെ ജപമാലയായിരുന്നു എന്ന് അദ്ദേഹം എടുത്തു പറയുന്നു. മുരിങ്ങൂരിലെ ധ്യാനകേന്ദ്രം അങ്ങനെയൊരു അത്താണിയായി മാറി. പില്‍ക്കാലത്ത് ആ ധ്യാനകേന്ദ്രത്തിന്റെ പേരില്‍ ചില ആരോപണങ്ങള്‍ ഉയര്‍ത്തി അതിന്റെ പേരില്‍, തന്നെ തേജോവധത്തിനു ശ്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം എഴുതുന്നു. തനിക്കു നേരെ ഉയര്‍ന്നുവന്ന വധശ്രമങ്ങളും അദ്ദേഹം ഓര്‍ക്കുന്നു. കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ കേരളമാസകലം ഒരു ക്രിമിനല്‍ സംഘത്തെ സൃഷ്ടിച്ച മണിച്ചന്റെ അജ്ഞാതലോറികള്‍ തനിക്കു നേരെ ചീറിവന്ന കഥകളും ഈ പുസ്തകം പറയുന്നുണ്ട്. 

നിര്‍ഭയം - ഒരു ഐ.പി.എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍. വില: 310.00Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
മായാസൂര്യന്‍ സ്വന്തം ബുദ്ധിശക്തി ആര്‍ക്കും പണയപ്പെടുത്താതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത്.  എഴുത്ത് ഒരു സ്വപ്നവ്യാപാരമെന്ന തലംവിട്ട്, അനിവാര്യമായ ഒരു സാംസ്‌കാരിക ആക്ടിവിസമായിക്കാണുന്ന സക്കറിയ, തന്റെ പ്രതികരണങ്ങളിലെല്ലാം ഒരു മൂന്നാംകണ്ണിന്റെ ജാഗ്രതാബോധം പുലര്‍ത്തുന്നു. സക്കറിയയുടെ പ്രഭാഷണങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരു പ്രതിരോധമൂല്യമുണ്ട്. ഏത ...
പടിയിറങ്ങാത്ത ഒരുവളെക്കുറിച്ച്‌ വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പിടച്ചിലിലുംപെട്ട് അക്ഷരങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന പ്രിയ എ.എസ്സിന്റെ വിമൂകമാം വരികള്‍...  ഒരക്ഷരം എഴുതാനാകാതെ ഞാന്‍ പിടഞ്ഞ ഒരുവര്‍ഷക്കാലം. നട്ടെല്ല്, പിണങ്ങിനുറുങ്ങിപ്പോയിരുന്നു. 2015 ഏപ്രില്‍ മുതല്‍ 2016 ജൂണ്‍ വരെ ആശുപതികള്‍ എന്നെ വിഴുങ്ങുകയും ഞാന്‍ ഗുളികകള്‍ വിഴുങ്ങുകയും ചെയ്തു. ഇനിയും ഞാന്‍ എണീറ്റിരിക്കും എന്ന് എന്റെ മകനുമാത്രമേ ഉറപ്പുണ്ടായിരുന്നുള്ളൂ.വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പി ...
അകലങ്ങളില്‍ അലിഞ്ഞുപോയവര്‍ ആത്മഹത്യയെക്കുറിച്ച് അസാധാരണമായൊരു പുസ്തകം  മനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നുപോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകള്‍. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നുപോയത്. അവരുടെ ഉള്ളകങ്ങള്‍ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും അസ്വാരസ്യതയുടെ കൊടുങ്കാറ്റായി മാറുന്നു. വായനക്കാരന്റെ മനോനിലകളിലേക്ക് ഒരു നെരിപ്പോട് പോലെ അവ നീറി പടരുന്നു. പാരനോയ്ഡ് സ്‌കിസോഫ്രീനിയ, ഫോബിയ, സംഘര്‍ഷവ്യാധി തുടങ്ങിയ മനോരോഗവിശകലനങ്ങളെ അര്‍ത്ഥപൂര് ...