Blog : പടിയിറങ്ങാത്ത ഒരുവളെക്കുറിച്ച്‌ - Green Books India Pvt Ltd - Publishers of Quality Books In Kerala

പടിയിറങ്ങാത്ത ഒരുവളെക്കുറിച്ച്‌

വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പിടച്ചിലിലുംപെട്ട് അക്ഷരങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന പ്രിയ എ.എസ്സിന്റെ വിമൂകമാം വരികള്‍...

  ഒരക്ഷരം എഴുതാനാകാതെ ഞാന്‍ പിടഞ്ഞ ഒരുവര്‍ഷക്കാലം. നട്ടെല്ല്, പിണങ്ങിനുറുങ്ങിപ്പോയിരുന്നു. 2015 ഏപ്രില്‍ മുതല്‍ 2016 ജൂണ്‍ വരെ ആശുപതികള്‍ എന്നെ വിഴുങ്ങുകയും ഞാന്‍ ഗുളികകള്‍ വിഴുങ്ങുകയും ചെയ്തു. ഇനിയും ഞാന്‍ എണീറ്റിരിക്കും എന്ന് എന്റെ മകനുമാത്രമേ ഉറപ്പുണ്ടായിരുന്നുള്ളൂ.
വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പിടച്ചിലിലും പെട്ട് രാത്രി ഉറക്കം വന്നില്ല, എങ്ങോട്ടു നോക്കിയാലും അനിശ്ചിതത്വത്തിന്റെ പടുകൂറ്റന്‍ തിരമാലകളുടെ രാക്ഷസവരവ് മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.

  എഴുതാന്‍ ഇനി സമയമുണ്ടോ എന്ന ആധിയായിരുന്നു ഏറ്റവും വലുത്. കഥയും നോവലും നാടകവും തിരക്കഥയും കുറിപ്പുകളും ഇന്റര്‍വ്യൂകളും എന്ന് അക്ഷരവുമായി ബന്ധപ്പെട്ട സര്‍വ്വതും എന്റെ വിരല്‍ത്തുമ്പിലേക്കു പാഞ്ഞൊഴുകി വന്ന് എന്നെ  പിടിച്ചുവലിച്ചുകൊണ്ടേയിരുന്നു. കഷ്ടിച്ചു തരപ്പെടുത്തിയെടുത്തിയ ഇത്തിരി ഉറക്കം കൂടി, എന്നെ പെരുവഴിയിലുപേക്ഷിച്ചുപോയി അന്നേരം. അക്ഷരച്ചിമിഴിലാണെന്റെ പ്രാണനെന്നും അതിനെ തുറന്നു പുറത്തുവിടാതെ എനിക്കുണ്ടാവില്ല സ്വാസ്ഥ്യം എന്നും രാത്രിയുടെ ഇരുട്ടിലും പകലിന്റെ വെളിച്ചത്തിലും ഞാന്‍ തിരിച്ചറിഞ്ഞുകൊണ്ടേയിരുന്നു. നടക്കാനായില്ലെങ്കിലും വേണ്ടില്ല എഴുതാതിരിക്കലാണ് യഥാര്‍ത്ഥ മരണം എന്ന് ഉള്ള് മുറവിളി കൂട്ടി. 'നീ കിടന്നോ, ഞാന്‍ കേട്ടെഴുതിയെടുക്കാം' എന്നു പറഞ്ഞ് അമ്മ വന്നു, 'നൂതനസാങ്കേതിക വിദ്യകളുപയോഗിച്ച് റെക്കോര്‍ഡ് ചെയ്തുവയ്ക്കൂ എഴുതാനുള്ളത്' എന്ന് കൂട്ടുകാരും ഡോക്‌ടേഴ്‌സും നിരന്തരം പറഞ്ഞു.  എന്റെ പറച്ചിലുകളെച്ചൊല്ലി ഒരു കാലത്തും എനിക്കുണ്ടായിട്ടില്ല ആത്മവിശ്വാസം. എഴുതാനിരിക്കുമ്പോള്‍ വിരല്‍ത്തുമ്പില്‍ നിന്നുവരുന്നതും പറയാനൊരുങ്ങുമ്പോള്‍ ചുണ്ടില്‍ നിന്നുതിരുന്നതും രണ്ടിനുമുണ്ടാവാം അതാതിന്റെ ഗുണമേന്മ എങ്കിലും രണ്ടും രണ്ടു തലങ്ങളില്‍ നില്‍ക്കും എന്നറിയാമായിരുന്നു. പക്ഷേ എനിക്ക് എഴുതിയേ പറ്റൂതാനും. എഴുതാനാകാതെ ഇങ്ങനെ തന്നെ കിടക്കേണ്ടിവരികയാണെങ്കില്‍, എഴുതാനാകാത്ത വാക്കുകള്‍കൊണ്ടു ശ്വാസംമുട്ടി ഞാന്‍  മരിച്ചുപോകും എന്നു തന്നെ തോന്നി. കഷ്ടിച്ചുപോലും എഴുന്നേറ്റിരിക്കാന്‍ വയ്യാത്ത, എണീറ്റിരുന്നാലുടനെ കിടക്കണം, കിടക്കണം എന്ന്  മുറവിളി കൂട്ടുന്ന വേദനാശരീരത്തില്‍ നിന്നെന്നെ പുറത്തു കടത്താന്‍ വാക്ക് വരുന്നത് ഞാന്‍ എന്നും  സ്വപ്‌നം കണ്ടു, നടക്കാസ്വപ്നം എന്ന് വേവലാതിപ്പെട്ടു. അന്നൊരു ദിവസം കെ.ആര്‍. മീര വന്നു. 'ആരൊക്കെ എഴുതിയാലും പ്രിയ എഴുതുന്നതിനായിത്തന്നെ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളുണ്ടെന്ന്' പറഞ്ഞ് മീര എന്നെ തട്ടിയുണര്‍ത്തിക്കൊണ്ടിരുന്നു. 'ഇടവേളകളില്‍ എണീറ്റിരുന്ന് പല തവണയായി എഴുതി എന്തെങ്കിലുമൊക്കെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തുചെയ്ത് വാക്കിനെ വീണ്ടും മെരുക്കിയെടുക്കെ'ന്ന് മീര ഉരുവിട്ടുകൊണ്ടേയിരുന്നു.

  അന്ന് വൈകുന്നരം സ്വതന്ത്രമലയാളം കംപ്യൂട്ടിങ്ങിലെ ഋഷികേശ് വന്നു. ഋഷി എന്നെ 'ചേച്ചി' എന്നു വിളിച്ചാണ് അടുത്തിരുന്നതെങ്കിലും എനിക്കാഅടുപ്പത്തിന്നടുക്കലിരിക്കുമ്പോള്‍ 'മകന്‍' എന്നാണ് തോന്നിയത്. ആ സ്വാതന്ത്യത്തിലിരുന്ന് ഞാന്‍ ഋഷിയെ ഗുരുവാക്കി, ഫെയ്‌സ്ബുക്കില്‍ ഋഷി എന്നെ എഴുത്തിനിരുത്തി. അക്ഷരം വിട്ടുപോയിട്ടില്ല എന്ന് പതുക്കെ ബോദ്ധ്യമായി. കൈപ്പിടിയിലിനിയും അക്ഷരങ്ങളുണ്ട് എന്ന അറിവ്, മരുന്നിനേക്കാള്‍ വലിയ മരുന്നായി. നടുവു താങ്ങിപ്പിടിച്ചും ഹോട്ട്‌വാട്ടര്‍ബാഗിനെ ചാരിയിരുന്നും നടുവു കഴയ്ക്കുമ്പോള്‍ ഓടിപ്പോയി നീണ്ടുനിവര്‍ന്നുകിടന്നു വിശ്രമിച്ചും ഒക്കെയായി ഞാനെഴുതിയ കുറിപ്പുകള്‍.

  എന്തു മണ്ടത്തരം ചോദിച്ചാലും ഋഷി പറഞ്ഞുതന്നു. സഹായിക്കാന്‍ ഓടിവന്നു. അറിയുന്നതും അറിയാത്തതുമായ എണ്ണമറ്റ സ്‌നേഹത്തരികളെന്നെ വന്ന് ഫെയ്‌സ്ബുക്ക് താളുകളിലൂടെ തൊട്ടുവിളിച്ചു. ഫെയ്‌സ് ബുക്ക് എന്ന ഇടം, രാജഗിരി ആശുപത്രിയില്‍ കാത്തിരിക്കാന്‍ നിയാഫത്തിനെയും എസ്.ബി.ടിയില്‍ ചെല്ലുമ്പോള്‍ ഓടിവന്നു സഹായിക്കാന്‍ വസുജയെയും തന്നു. സിവിക് ജോണിനെയും അനുപമ തോട്ടത്തിലിനെയും നോക്കി, 'ഇങ്ങനെയും ആളുകള്‍ അക്ഷരങ്ങളെ സ്‌നേഹിക്കുമോ' എന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു.
ഒരു ജൂണ്‍ തൊട്ട് അടുത്ത ജൂണ്‍ വരെ എഴുതിയത് ഇങ്ങനെ തുന്നിക്കൂട്ടുമ്പോള്‍, ഞാനിത് ഋഷി എന്ന നീളന്‍ പയ്യന്‍ കൂട്ടുകാരന്റെ ക്ഷമയ്ക്കും സ്‌നേഹത്തിനും സമര്‍പ്പിക്കുന്നു. 'ഇത് ഋഷിക്കുമാത്രം കൊടുത്തോ, എനിക്ക് പ്രിയേടെ നോവല്‍ മതി' എന്ന് മീര. കാലവും വാക്കും ആരോഗ്യവും ഒത്തുവന്നാല്‍ മീരയോടുള്ള കടത്തിന്റെ പാടും വാക്കുകൊണ്ട് മായ്ച്ചുകൊടുക്കണം. കൂടെ നിന്നവര്‍ക്കും കൂടെനില്‍ക്കാതിരുന്നവര്‍ക്കുമായി അങ്ങേയറ്റം സന്തോഷത്തോടെ നന്ദി പങ്കിട്ട് രേഖപ്പെടുത്തുന്നു. 

   ഒരു കാലത്ത് ഞാനും പുച്ഛിച്ചിരുന്നു ഫെയ്‌സ്ബുക്കിനെ. ഫെയ്‌സ് ബുക്കിനും മരുന്നാകാം എന്ന് തിരിച്ചറിവിന് സ്തുതി... എന്നെ പടിയിറങ്ങിപ്പോകാന്‍ സമ്മതിക്കാതെ കൂട്ടുവന്ന അക്ഷരങ്ങളെ നെഞ്ചോട് ചേര്‍ക്കുന്നു...
       പ്രിയ എ.എസ്.Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
മായാസൂര്യന്‍ സ്വന്തം ബുദ്ധിശക്തി ആര്‍ക്കും പണയപ്പെടുത്താതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത്.  എഴുത്ത് ഒരു സ്വപ്നവ്യാപാരമെന്ന തലംവിട്ട്, അനിവാര്യമായ ഒരു സാംസ്‌കാരിക ആക്ടിവിസമായിക്കാണുന്ന സക്കറിയ, തന്റെ പ്രതികരണങ്ങളിലെല്ലാം ഒരു മൂന്നാംകണ്ണിന്റെ ജാഗ്രതാബോധം പുലര്‍ത്തുന്നു. സക്കറിയയുടെ പ്രഭാഷണങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരു പ്രതിരോധമൂല്യമുണ്ട്. ഏത ...
പടിയിറങ്ങാത്ത ഒരുവളെക്കുറിച്ച്‌ വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പിടച്ചിലിലുംപെട്ട് അക്ഷരങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന പ്രിയ എ.എസ്സിന്റെ വിമൂകമാം വരികള്‍...  ഒരക്ഷരം എഴുതാനാകാതെ ഞാന്‍ പിടഞ്ഞ ഒരുവര്‍ഷക്കാലം. നട്ടെല്ല്, പിണങ്ങിനുറുങ്ങിപ്പോയിരുന്നു. 2015 ഏപ്രില്‍ മുതല്‍ 2016 ജൂണ്‍ വരെ ആശുപതികള്‍ എന്നെ വിഴുങ്ങുകയും ഞാന്‍ ഗുളികകള്‍ വിഴുങ്ങുകയും ചെയ്തു. ഇനിയും ഞാന്‍ എണീറ്റിരിക്കും എന്ന് എന്റെ മകനുമാത്രമേ ഉറപ്പുണ്ടായിരുന്നുള്ളൂ.വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പി ...
അകലങ്ങളില്‍ അലിഞ്ഞുപോയവര്‍ ആത്മഹത്യയെക്കുറിച്ച് അസാധാരണമായൊരു പുസ്തകം  മനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നുപോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകള്‍. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നുപോയത്. അവരുടെ ഉള്ളകങ്ങള്‍ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും അസ്വാരസ്യതയുടെ കൊടുങ്കാറ്റായി മാറുന്നു. വായനക്കാരന്റെ മനോനിലകളിലേക്ക് ഒരു നെരിപ്പോട് പോലെ അവ നീറി പടരുന്നു. പാരനോയ്ഡ് സ്‌കിസോഫ്രീനിയ, ഫോബിയ, സംഘര്‍ഷവ്യാധി തുടങ്ങിയ മനോരോഗവിശകലനങ്ങളെ അര്‍ത്ഥപൂര് ...