സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ഇലക്ട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡിജിറ്റല്‍ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ള വിവരങ്ങള്‍, തന്ത്രപ്രധാനവിവരവ്യൂഹങ്ങള്ക്ക് ഉപയോഗിക്കേണ്ട സംരക്ഷിതസിസ്റ്റങ്ങള്, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാനടപടികള്‍ തുടങ്ങി ഒട്ടേറെ അറിവുകള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സൈബര്‍ സെല്ലില്‍ കേസ് ഫയല്‍ ചെയ്യേണ്ടത് എങ്ങനെയാണ്? നമ്മുടെ വ്യാജപ്രൊഫൈല്‍ ആരെങ്കിലും ക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം? ഫിനാന്‍ഷ്യല്‍ ക്രൈമുകള്‍, ചതിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുടെ സൈബര്‍ രീതികള്‍, സൈബര്‍ ഭീകരവാദം, ഫോട്ടോഷോപ്പ് ഉപയോഗിച്ചുള്ള നഗ്നചിത്രങ്ങള്‍, ഐഡന്റിറ്റി മോഷണം, ഉപകാരപ്രദമായ ധാരാളം നിര്‍ദ്ദേശങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
സൈബര്‍ലോകത്ത് നടന്നുവരുന്ന കുറ്റകൃത്യങ്ങള്‍ ഏറെ സങ്കീര്ണസ്വഭാവമുള്ളവയാണ്. 'ബ്ലൂ വെയ്ല്' തുടങ്ങിയ അപകടകരമായ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പുകള്‍ സൈബര്‍ ലോകത്ത് സജീവമാണ്. ആത്മഹത്യകള്‍ പെരുകുന്നു. ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍, വ്യാമോഹങ്ങളുടെ പരസ്യക്കെണികള്‍, കുട്ടികളുടെ മാനസികാവസ്ഥ തകിടംമറിക്കുകയും മാനസിക വിഭ്രാന്തിയിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഗെയ്മുകള് സൈബര്‍ സ്പേസില്‍ സജീവമായിരിക്കുന്ന അനവധി കാര്യങ്ങള്‍ ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഭീകര കുറ്റവാളികളുടെ ചൂണ്ടല്‍ കൊളുത്തുകള്‍, ഒരിക്കല്‍ ഇരയില്‍ കൊളുത്തിക്കഴിഞ്ഞാല്‍
മോചനം എളുപ്പമാവില്ല. യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചുകയറാന്‍ സാധ്യമല്ലാത്തവിധം അയഥാര്‍ത്ഥമായ നിഴല്‍ച്ചിത്രങ്ങളുടെ ഭാഗമായി മാറുകയാണ്. അത്രയേറെ മാനസികവൈകല്യം സൃഷ്ടിക്കുകയും പിന്തിരിയാന് കഴിയാത്തവണ്ണം നമ്മള് ഇതിലേക്ക് ആകൃഷ്ടമാവുകയും ചെയ്യും. സൈബര്‍ ലോകത്ത് കുറ്റവാളിസമൂഹത്തിന്റെ ഭാഗമാകാതിരിക്കാന്‍ അതീവജാഗ്രത ആവശ്യമാണ്. അനന്തമായ വാതിലുകള്‍ തുറന്നുവെക്കുന്ന ഒരു മായാലോകം കൂടിയാണത്.
"പോണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം എന്നീ മേഖലകളില്‍ വരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ഒരു കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയുടെ പ്രതിഫലനമാണ് ഈ കൃതി. വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം."