Blog : മലയാളത്തിന്റെ സുവർണ്ണ കഥകൾ ടി പത്മനാഭൻ - Green Books India Pvt Ltd - Publishers of Quality Books In Kerala

മലയാളത്തിന്റെ സുവർണ്ണ കഥകൾ ടി പത്മനാഭൻ

ടി. പത്മനാഭന്റെ വീട്

ടി. പത്മനാഭന്റെ കഥകളില്‍ വീട് ഒരു സങ്കല്പവും പൂര്‍ത്തീ കരിക്കാനാവാത്ത യാഥാര്‍ത്ഥ്യവുമാണ്. തന്റെ മറ്റു കഥകളിലേതു പോലെ ഒരു സംഗീതസാന്ദ്രമായ സങ്കല്പം തന്നെയാണ് വീടിനും അദ്ദേഹം നല്‍കിയിട്ടുള്ളത്. വീട് വൃത്തിയും പ്രകാശവും നിറഞ്ഞ താണ്. അവിടെ അമ്മയുടെ ഓര്‍മ്മ ഒരു നെയ്ത്തിരിനാളം പോലെ ആര്‍ദ്രമായി എരിയുന്നുണ്ട്. വീട്ടുമുറ്റത്ത് ചെമ്പരത്തിച്ചെടിയുണ്ട്; മുരിങ്ങാമരമുണ്ട്. വീട്ടിലിരുന്നാല്‍ നിലാവില്‍ കുളിച്ചുനില്‍ക്കുന്ന വയലും ആകാശത്തിലെ നക്ഷത്രങ്ങളും കാണാം. അവിടെ കുളവും കുളത്തില്‍ വരാല്‍മത്സ്യങ്ങളുമുണ്ട്. തന്റെ നഷ്ടപ്പെട്ടുപോയ ഒരു ബാല്യം ഈ വീടുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നു.

ബാല്യകൗമാരങ്ങള്‍ പിന്നിട്ട ജീവിതം പിന്നീടു നഗരത്തിലേക്കു വഴി തെറ്റുന്നു. ഉദ്യോഗസ്ഥജീവിതമാണത്. റിട്ടയര്‍ ചെയ്യുന്ന കാലത്ത് പഴയ വീട്ടിലേക്കുതന്നെ മടങ്ങിവരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അവിടെ സ്വന്തമെന്നു പറയാന്‍ ആരുമില്ല. തലമുറകളും പിന്നിട്ടു. എന്നാലും സ്വന്തം മണ്ണിലേക്കുതന്നെ മടങ്ങിവരണമെന്ന വിചാരം ഒരു ഗൃഹാതുരത്വമായി എഴുത്തുകാരനെ ചൂഴ്ന്നു നില്‍ക്കുന്നു. ജോലിസ്ഥലത്തെ നഗരത്തില്‍തന്നെ വീടുവയ്ക്കാമെന്നായിരുന്നു ഭാര്യയുടെ നിര്‍ദ്ദേശം. പക്ഷേ, അതിനു വഴങ്ങാതെ ജന്മദേശ ത്തോടുചേര്‍ന്ന ഒരു ടൗണ്‍ഷിപ്പില്‍ അദ്ദേഹം ജീവിതം പുനരാരംഭിക്കുന്നു.

ഈ വീടിന് തീര്‍ത്തും കുളിര്‍മ്മയില്ല. പരാതികളാകട്ടെ നിരവധിയും. അതൊരു പാറപ്പുറമായിരുന്നു. അവിടെ ജലദൗര്‍ലഭ്യമുണ്ടായിരുന്നു. തറവാട് ഭാഗം വെച്ചപ്പോള്‍ കിട്ടിയതാണ് ആ സ്ഥലം. അതാര്‍ക്കും വേണ്ടായിരുന്നുവത്രെ. അങ്ങനെ തലയില്‍ വന്നുവീണു എന്നാണ് കഥാകാരന്‍ പറയുന്നത്. അവിടെ പാറപൊട്ടിച്ച് മരങ്ങള്‍ വെയ്ക്കണം. പുസ്തകങ്ങള്‍ അടുക്കിവയ്ക്കാന്‍ വീട്ടില്‍ അലമാര കള്‍ വേണം. പഴയ ജോലിസ്ഥലത്തെ നഗരത്തില്‍ നിന്ന് പാറപ്പുറത്തെ വീട്ടിലെത്തിയപ്പോള്‍ യാഥാര്‍ത്ഥ്യം ഒരു ബാലികേറാ മലയായി മാറുന്നു. അയാള്‍ ആശാരിയേയും പാറ പൊട്ടിക്കുന്ന പണി ക്കാരനെയും തേടിയിറങ്ങുന്നു. എന്നാല്‍ രണ്ടുപേരെയും കണ്ടെ ത്താന്‍ അയാള്‍ക്കു കഴിയുന്നില്ല. 

പത്മനാഭന്‍കഥകളില്‍ ഈ സ്വപ്നവും യാഥാര്‍ത്ഥ്യവും സമരസപ്പെട്ടു പോകാതെ നീണ്ടുപോകുന്നുണ്ട്. കഥയുടെ പിരിമുറുക്കവും അതു തന്നെ. ഒരു കിളിയും മരവുമുണ്ടെങ്കില്‍ സ്വപ്നങ്ങളെകൊണ്ട് മഴ പെയ്യിക്കാം എന്നാണ് എഴുത്തുകാരന്‍ കരുതുന്നത്. അതുകൊണ്ട യാള്‍ തന്റെ പാറപ്പുറത്തെ വീടിന് നളിനകാന്തി എന്നുതന്നെ പേരിട്ടു. നളിനകാന്തിയെന്തെന്ന് തന്റെ പത്‌നിക്കു മനസ്സിലാക്കാനാകു ന്നില്ല. അദ്ദേഹത്തിന്റെ ആത്മഗതം ഇപ്രകാരമാണ്. ''ഇനി എന്തു പറഞ്ഞാലാണ് മനസ്സിലാകുക. നളിനകാന്തി മനോഹരമായൊരു ഒരു കര്‍ണ്ണാടക സംഗീതരാഗമാണെന്നോ? ത്യാഗരാജന്റെ മന വ്യാളകിം എന്നു തുടങ്ങുന്ന കീര്‍ത്തനം ഈ രാഗത്തിലുള്ള സുന്ദരമായ ഒരു കൃതിയാണെന്നോ അല്ലെങ്കില്‍ വൈദ്യനാഥ ഭാഗവതരും എം.എസ്. ഗോപാലകൃഷ്ണനും മാലിയുമൊക്കെ മനോഹരമായി ആലപിച്ചിട്ടുള്ള ഒരു രാഗമാണ് നളിനകാന്തിയെന്നോ.....?''
പത്മനാഭന്റെ വീട് എന്ന കഥാസങ്കല്പത്തിന് കൂട്ടിനിരിക്കാന്‍ കിളി കളുണ്ട്. ഒരു പക്ഷിനിരീക്ഷകന്‍ തന്നെയാണ് അദ്ദേഹം. ഓലാ ഞ്ഞിയും ബുള്‍ബുളും മറ്റു പക്ഷികളും കഥകളിലുണ്ടെങ്കിലും വണ്ണാത്തി പ്പുള്ളിനോടാണ് ഏറെ ഇഷ്ടം. വീടിന്റെ കഥകളിലൊക്കെ ഈ പുള്ളുകള്‍ പറന്നു നടക്കുന്നു. വീട്ടുമുറ്റത്തെ പച്ചത്തഴപ്പുകളില്‍ അവ വന്നു കൂടു വയ്ക്കുന്നു. സുന്ദരിയായ പക്ഷി; പട്ടുപോലത്തെ അതിന്റെ തിളങ്ങുന്ന വര്‍ണ്ണച്ചിറകുകള്‍. ഗാനാലാപം മനോഹരം. പച്ചപ്പ് നിറഞ്ഞ മനുഷ്യരുടെ അധിവാസകേന്ദ്രങ്ങളിലാണ് ഇവ സാധാരണ യായി വസിക്കുന്നതത്രെ. 
ഈ വീടിനെക്കുറിച്ചുള്ള അഭിനിവേശങ്ങളില്‍നിന്നുതന്നെയാണ് വീടു നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള കഥകളും ഉയരുന്നത്. അവരാകട്ടെ താന്താങ്ങളുടെ ബാല്യങ്ങളിലും കൗമാരങ്ങളിലും ജീവിക്കുന്നവരാണ്. ഒരുപക്ഷേ, അത് എഴുത്തുകാരന്റെ അന്തര്‍ഭാവവുമായി ബന്ധപ്പെട്ട താണ്. കഥാനായകന് കുടുംബം എന്ന പ്രക്രിയയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ ആകുന്നില്ല. അങ്ങനെയൊരു വീട് നഷ്ടമായ വര്‍ത്തമാനകാലത്തിലാണ് അദ്ദേഹവും ജീവിക്കുന്നത്. അതൊരു വിധി കൂടിയാണ്. ബാല്യവും അമ്മയും വിഷുക്കാലവുമെല്ലാം സുഖ ദായകമായ ഓര്‍മ്മകള്‍ മാത്രം. ആയതിനാല്‍ ആ ഗൃഹസങ്കല്പ ങ്ങളില്‍ നേടാത്തവരായ കുട്ടികള്‍ വന്നു നിറയുകയും തന്നെപ്പോലെ അവഒരു നഷ്ടകാലത്തിന്റെ പുനഃസൃഷ്ടിയായി മാറുകയും ചെയ്യുന്നു.
കെ.പി. അപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''പത്മനാഭന്റെ ആഖ്യാനശില്പം ക്ഷേത്രകലയുടെ സുസൂക്ഷ്മ സുഭഗത പ്രകടി പ്പിക്കുന്നു. വാക്കുകള്‍ നദിയിലൊഴുകിവരുന്ന വിളക്കുകളായി തീരുന്നു. ആസ്വദിച്ചു കഴിഞ്ഞാല്‍ വിസ്മരിക്കപ്പെടുന്ന കഥ പത്മനാഭന്‍ എഴുതുന്നില്ല.'' സൗന്ദര്യത്തെക്കുറിച്ചുള്ള അതിവിശുദ്ധമായ ഈ സങ്കല്പങ്ങളാണ് മറ്റു കഥകളിലെന്നപോലെ തന്റെ ഗാര്‍ഹിക സങ്കല്പങ്ങളിലും കടന്നുവരുന്നത്. ഞാനവയെ ജീവിതവിശുദ്ധിയുടെ സങ്കീര്‍ത്തനങ്ങള്‍ എന്നു വിളിക്കട്ടെ. എന്നാല്‍ എഴുത്തുകാരനെ യാഥാര്‍ത്ഥ്യങ്ങളിലേക്കു നയിക്കുന്നത് അദ്ദേഹത്തിന്റെ സഹ ധര്‍മ്മിണി തന്നെയാണ്. ജീവിതം തങ്ങള്‍ക്കുമേല്‍ ഒരൊറ്റ പ്പെടലിന്റെ മതിലുകള്‍ തീര്‍ത്തിരിക്കുന്നു എന്നവര്‍ മനസ്സിലാക്കുന്നു.
''നിര്‍ദ്ദയലോകത്തില്‍നാ-
മിരുപേരൊറ്റപ്പെട്ടോര്‍
അത്രയുമല്ലാ തമ്മില്‍
തമ്മിലുമൊറ്റപ്പെട്ടോര്‍''
(വൈലോപ്പിള്ളി)
എന്നിങ്ങനെയൊരു ഭാവം ഈ വീടിന്റെ കഥകളില്‍ വളര്‍ന്നു നില്‍ക്കുന്നു. ഈ അസ്വാരസ്യം ഇരുവര്‍ക്കുമറിയാം. കഥാകാരന്‍ തന്റെ പാരുഷ്യങ്ങള്‍ മറക്കാന്‍ തന്റെ സ്വപ്നലോകത്തിലേക്ക് മടങ്ങിപ്പോകുന്നു. കാല്പനികത അധിക്ഷേപാര്‍ഹമാകേണ്ടത് ഈ അവസ്ഥയിലാണ്. എന്നാല്‍ ഭാര്യ അതിനു സമ്മതിക്കുന്നില്ല. ഒരു കരച്ചില്‍ പോലെയാണ് അവര്‍ പറയുന്നത്. ആരാണ് ഇവിടെ നമുക്ക് കൂട്ടിനുള്ളത്? ആര്‍ക്കും വേണ്ടാത്ത പാറ പോലത്തെ ഭൂമി. വീടാണെങ്കില്‍ അലങ്കോലപ്പെട്ടു കിടക്കുന്നു. ഈ ഭൂമിക്ക് ആവശ്യ ക്കാരുണ്ടല്ലോ. ഇതു നമുക്കു മറിച്ചുവില്‍ക്കാം. പക്ഷേ, ഗൃഹനാഥന്‍ ഒന്നിനും വഴിപ്പെടുന്നില്ല. ആ പാറപ്പുറത്തും വിടര്‍ന്നു നില്‍ക്കുന്ന തെച്ചിപ്പൂക്കളെയാണ് അദ്ദേഹം സ്വപ്നം കാണുന്നത്.
സ്ത്രീ ടി. പത്മനാഭന് ശ്രേഷ്ഠമായൊരു സങ്കല്പമാണ്. മാതൃത്വം അദ്ദേഹത്തിന്റെ കൃതികളില്‍ അതിവിശുദ്ധമായി പടര്‍ന്നു പന്തലിക്കുന്നു. കാമുകിയോടാകട്ടെ, ഇതര സ്ത്രീകളോടാകട്ടെ ഈ ഭയഭക്തിബഹുമാനങ്ങള്‍ക്കു കുറവില്ല. പക്ഷേ, സ്വന്തം സഹ ധര്‍മ്മിണിയിലെത്തുമ്പോള്‍ ഒരു male chauanism (പുരുഷാ ധിപത്യം) വന്നു നിറയുന്നു. ഭാര്യ പറയുന്നതിലൊക്കെ വിയോജിപ്പു കള്‍ കണ്ടെത്തുകയും അവരുടെ യാഥാര്‍ത്ഥ്യങ്ങള്‍ തള്ളിമാറ്റി തന്റെ സ്വപ്നങ്ങളില്‍ ആഴ്ന്നിറങ്ങുകയും ചെയ്യുന്ന കാഴ്ച. സഹ ധര്‍മ്മിണിയാകട്ടെ ഒരു കലാപത്തിന്റെ രൂപത്തിലാണ് പലപ്പോഴും കടന്നുവരുന്നത്. പക്ഷേ, ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധങ്ങളെ അതി ജീവിക്കാന്‍ അവര്‍ അശക്തയുമാണ്. പിണക്കത്തിന്റെയും കലഹ ത്തിന്റെയും പ്രതിരോധങ്ങള്‍ തീര്‍ത്തുകൊണ്ടാണ് അവര്‍ ജീവിതവുമായി ഇണങ്ങിപ്പോകുന്നത്. Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച് ...
കഴിഞ്ഞ വസന്തകാലത്തില്‍ നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക ...
കൈവരിയുടെ തെക്കേയറ്റം ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌ ...