LITERARY STUDIES

Font Problems

ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍

പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച്ഛമായ ഏതാനും നാളുകള്‍ മാത്രമാണ്. ഭൂതകാലം എന്നത് ഒരുപാട് വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തില്‍ നീണ്ടുപരന്നുകിടക്കുന്നു. വീട്ടുപരിസരത്തെ പെരുങ്കുളത്തില്‍ നീന്തിക്കുളിച്ചിരുന്ന ബാല്യകാലസ്മരണകള്‍. സ്വപ്നഭംഗി നിറഞ്ഞ യൗവ്വനകാലവും പിന്നെ കാമുകിയും ഭാര്യയും അമ്മയും മുത്തശ്ശിയുമാകുന്ന കാലസംക്രമണങ്ങളുടെ മധുരവും വിഷാദവും സാന്ത്വനങ്ങളും നിറഞ്ഞ ഓര്‍മ്മകള്‍. ചലച്ചിത്രത്തിലൂടെ അനശ്വരനായ പത്മരാജന്റെ ജീവിതസഖി എന്ന നിലയിലുള്ള മധുരസ്മരണകള്‍, അഴകും ആഴവും നല്‍കിയ അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. എഴുത്തിന്റെ സ്പന്ദിക്കുന്ന ആത്മാര്‍ത്ഥത ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്.എസ്. ജയചന്ദ്രന്‍നായര്‍ ഈ ഓര്‍മ്മപുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു:''പുരുഷന്റെ വിജയങ്ങളുടെ ശില്പിയാവുന്നത് സ്ത്രീയാണെന്ന നിത്യസത്യമാണ് പത്മരാജനും രാധാലക്ഷ്മിയും തമ്മിലുള്ള ദാമ്പത്യജീവിതം നിശ്ശബ്ദമായി പ്രഖ്യാപിക്കുന്നത്. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനംപോലെ പത്മരാജന്റെ വേര്‍പാട്. അത് സംഭവിച്ചിട്ട് കൊല്ലങ്ങള്‍ പിന്നിടുകയാണെങ്കിലും അകാലത്തില്‍ ഉണ്ടായ ആ മരണം സൃഷ്ടിച്ച വിടവ് ദുഃഖതപ്തമായ ഓര്‍മ്മകളായിത്തന്നെ നില്‍ക്കുന്നു. അദ്ദേഹത്തെപ്പോലെ അതിവിപുലമായൊരു സൗഹൃദബന്ധം ഉണ്ടാക്കാന്‍ ശ്രീമതി രാധാലക്ഷ്മി പത്മരാജന് സാധിച്ചിട്ടുണ്ട്. അതിന്റെ വാചാലമായ രേഖകളാണ് ഈ സമാഹാരത്തിലെ ഓര്‍മ്മക്കുറിപ്പുകള്‍. പ്രസന്നമായ ശൈലിയും ലളിതമായ പ്രതിപാദനവും ഈ ഓര്‍മ്മക്കുറിപ്പുകളെ സവിശേഷ അനുഭവമാക്കുന്നു. [..]

കഴിഞ്ഞ വസന്തകാലത്തില്‍

നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക്കുന്ന പതിമ്മൂന്ന് കഥകള്‍. കഥാഖ്യാനത്തിന്റെ ഉള്‍ക്കാഴ്ചയുടെ ഭാവാത്മകമായ കരുത്ത് അതിന്റെ പൂര്‍ണതയില്‍ തേടുന്ന കൃതി. ഓര്‍മ്മച്ചിത്രങ്ങളില്‍ ഉറഞ്ഞ്, പ്രണയമധുരങ്ങളുടെ മിഴിനീര്‍പ്പൂക്കള്‍ ഉതിര്‍ക്കുന്ന ഒരു സമ്മോഹനസമാഹാരംവ്യവസ്ഥാപിത സംവേദനത്തിന്റെ പൊതുരീതികളില്‍നിന്ന് വ്യത്യസ്തമായ ആഖ്യാനമധുരത്തില്‍ പത്മരാജന്‍കഥകള്‍ ആശയാവിഷ്‌ക്കാരത്തിലും ശൈലീഭാവങ്ങളിലും ബിംബഘടനയിലും പുതുമോടികളോടെ വെട്ടിത്തിളങ്ങുന്നു. [..]

കൈവരിയുടെ തെക്കേയറ്റം

ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌സ് അഭിമാനപൂര്‍വ്വം 'കൈവരിയുടെ തെക്കേയറ്റം' വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.ജീവിതചര്യ, പാമ്പ് തുടങ്ങിയ കഥകള്‍ കഥാവായനയുടെ വസന്തകാലമാണ് നല്‍കുന്നത്. [..]

മൈക്കലാഞ്ജലോയുടെ നാട്ടിലൂടെ

ലോകപ്രശസ്തനായ ചിത്രകാരന്‍ മൈക്കലാഞ്ജലോയുടെ നാട്ടിലൂടെ ഒരു യാത്ര. ഫ്‌ളോറന്‍സിലാണ് മൈക്കലാഞ്ജലോ ജനിച്ചുവളര്‍ന്നത്. അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികള്‍ റോമിലാണെങ്കിലും പ്രശസ്തമായ ഒട്ടേറെ കലാശില്പങ്ങള്‍ ഫ്‌ളോറന്‍സിലാണ് സൂക്ഷിച്ചിരിക്കുന്നത്. കലാശില്പങ്ങളുടെ പ്രത്യേകതകളും ആസ്വാദനങ്ങളും പരിചയപ്പെടുത്തലുകളും മാത്രമല്ല ഈ പുസ്തകത്തിന്റെ പ്രത്യേകത. മ്യൂസിയങ്ങളുടെ നഗരമായ ഫ്‌ളോറന്‍സിന്റെ ചരിത്രം പരിചയപ്പെടുത്തുന്നു. ഫ്‌ളോറന്‍സിലെ ദേവാലയങ്ങളുടെ ഗാംഭീര്യം ആരേയും അമ്പരപ്പിക്കുന്നതാണ്. അംബരചുംബികളായ ഒട്ടേറെ പള്ളികള്‍ ആകാശത്തെ തേജോമയമാക്കുന്നു. അതുല്യ കലാസൃഷ്ടികളുടെ പ്രദര്‍ശനശാലയാണ് മിക്ക പള്ളികളും. ലോകപ്രശസ്ത ചിത്രങ്ങളുടെ കലവറയാണ് അക്കാദമി ഗാലറി. ഇത്രയേറെ കലാകൗതുകങ്ങള്‍ ലോകത്ത് വേറെ ഒരിടത്തും കാണില്ല.ഫ്‌ളോറന്‍സിന്റെ രാജഭരണങ്ങള്‍, രണ്ടാംലോക മഹായുദ്ധം റോമന്‍ അധിനിവേശം ഇങ്ങനെ ഒട്ടേറെ വിഷയങ്ങള്‍. ദേവാലയങ്ങളുടെ വാസ്തുശില്പ പ്രത്യേകതകള്‍, സംഗീതവാസനയുള്ളവര്‍ക്കുവേണ്ടി മ്യൂസിയോ ഡയോസെസാനോ, ചരിത്രാന്വേഷികള്‍ക്കുവേണ്ടി മ്യൂസിയം ഓഫ് ഹിസ്റ്ററി ഓഫ് സയന്‍സ്, സഞ്ചാരികള്‍ക്ക് എത്ര കണ്ടാലും മതിവരാത്തവിധം അനവധി കാഴ്ചമന്ദിരങ്ങളാണ് ഫ്‌ളോറന്‍സില്‍ എവിടെനോക്കിയാലും കാണാനുള്ളത്. കലയുടെ കാര്യത്തിലും കലാകാരന്മാരുടെ കാര്യത്തിലും ഫ്‌ളോറന്‍സിനോളം പ്രശസ്തി മറ്റൊരു രാജ്യത്തിനുമില്ല.മണ്ണിലും കല്ലിലും മാര്‍ബിളിലും തടിയിലുമൊക്കെ രൂപംകൊണ്ട ശില്പങ്ങള്‍ അമ്പരപ്പോടെ മാത്രമേ കണ്ടുനില്‍ക്കാനാവൂ. എല്ലാ അര്‍ത്ഥത്തിലും ഫ്‌ളോറന്‍സ് വിവിധതരം മ്യൂസിയങ്ങളുടെ കലവറയാണ്. കലാസ്വാദകരും കലാകാരന്മാരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട നഗരം. റോം വരെ വിമാനത്തിലെത്തി അവിടെനിന്ന് ബുള്ളറ്റ് ട്രെയിനില്‍ ഫ്‌ളോറന്‍സില്‍ എത്തുന്നതായിരിക്കും ഉത്തമം. ഇന്റര്‍നെറ്റില്‍ നേരത്തെതന്നെ ഒരു ഹോട്ടല്‍ ബുക്ക് ചെയ്യുന്നത് നന്നായിരിക്കും. സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ചയായിരിക്കും ഈ രാജ്യത്തിലേക്കുള്ള യാത്രയെന്ന് തീര്‍ച്ചയാണ്. ഏറ്റവും നല്ല അനുഭവമായിരിക്കും അത്. [..]

ആ മരം, ഈ മരം, കടലാസ് മരം

പ്രകൃതിയുടെ താളത്തില്‍ മാലിന്യങ്ങളില്ല. മനുഷ്യനിര്‍മ്മിത വികസിതലോകത്ത് മാലിന്യങ്ങള്‍ മുഖ്യസ്ഥാനം വഹിക്കുന്നു. ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി മനുഷ്യന്‍ എച്ചിലാക്കുന്നു. മനുഷ്യര്‍ മാലിന്യങ്ങള്‍ വലിച്ചെറിയാത്ത ഒരൊറ്റ ഇടംപോലുമില്ല. വെളിമ്പ്രദേശങ്ങള്‍, പുഴകള്‍, സമുദ്രങ്ങള്‍, അന്തരീക്ഷം - മനുഷ്യര്‍ പുറന്തള്ളുന്ന അഴുക്കുകള്‍കൊണ്ട് ആകാശംപോലും വിഷമയമാണ്. ഒരാളുടെ അഴുക്കുകളും വിസര്‍ജ്യങ്ങളും മറ്റൊരാളിന്റെ ഉമ്മറത്തോ പുരയിടത്തിലോ നിക്ഷേപിക്കുകയെന്നത് സംസ്‌കാരത്തിന്റെകൂടി പ്രശ്‌നമാണ്. ഒന്നാംലോകത്തിന്റെ അഴുക്കുകള്‍ ഏറ്റുവാങ്ങുന്നത് മൂന്നാംലോകമാണ്. മൂന്നാംലോകത്തിലെ ഒന്നാംലോകമായ നഗരങ്ങള്‍, അഴുക്കുകള്‍ അടിച്ചേല്പിക്കുന്നത് ഗ്രാമങ്ങളിലാണ്.ലോകം വിഷമയമായ മാലിന്യക്കൂടായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങള്‍. രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍, കീടനാശിനികള്‍, ചായങ്ങള്‍, ട്യൂബ്‌ലൈറ്റ്, ബാറ്ററി, മരുന്നുകള്‍, ജലമാലിന്യങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പലവക മാരകമലിനീകരണങ്ങള്‍. 400 മുതല്‍ 500 വരെ വര്‍ഷമാണ് ഒരു പ്ലാസ്റ്റിക് കൂടിന്റെ ആയുസ്സ്. ഇപ്പോള്‍ എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങളാണ്. എത്രയും വേഗം ഇവയൊക്കെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു പുതിയ ലോകക്രമം പടുത്തുയര്‍ത്തേണ്ടതുണ്ട്. പരിസ്ഥിതി വിഷയസംബന്ധമായ പതിനഞ്ച് ലേഖനങ്ങളും പഠനങ്ങളും ഉള്‍ക്കൊള്ളിച്ച പുസ്തകം.പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന കൃതി. [..]

FORTH COMING BOOKS

 

Loading... Scroll down to see more.
No more results to display.