Close
Welcome to Green Books India
Badhuvi Paranja Arabi Nadodi Kadhakal

Badhuvi Paranja Arabi Nadodi Kadhakal

Author: N. Moosakutty

star

ബദുവി പറഞ്ഞ അറബി നാടോടിക്കഥകൾ

Out of stock.

Author : N. Moosakutty

സൽക്കാരപ്രിയനായ കവിതയെ സ്നേഹിച്ച ബദു എന്ന ആദിമ ഗോത്രവർഗ്ഗക്കാരൻ മരുഭൂമിയിലെ ആട്ടിൻരോമങ്ങൾക്കൊണ്ടു തീർത്ത അറബിക്കൂടാരങ്ങളിലിരുന്നു മൊഴിഞ്ഞ കഥകൾ. എത്ര വായിച്ചാലും മതിവരാത്ത ഈ കഥകൾ കാലഘട്ടങ്ങളുടെ ഉല്ലാസമായി പുനർജ്ജനിക്കുന്നു

No reviews found

ബദൂവി പറഞ്ഞ അറബി നാടോടിക്കഥകള്‍

ബദൂവി പറഞ്ഞ അറബി നാടോടിക്കഥകള്‍


അറേബ്യന്‍ ഗോത്രജീവിതത്തിന്റെ  മണിമുത്തുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നതും മിക്കപ്പോഴും അലിഖിതവുമായ സാഹിത്യമാണല്ലോ നാടോടിക്കഥകള്‍. ഏറിയ കൂറും ഗ്രാമീണര്‍ ചൊല്ലിയും കേട്ടുപഠിച്ച് ഓര്‍മയില്‍ സൂക്ഷിച്ചുമാണ് നാടോടി സാഹിത്യം നിലനിന്നുപോന്നത്. ഇത്തരം കഥകളില്‍ അതിശയോക്തിപരമായ ഭാവനകള്‍കൂടിക്കലര്‍ന്നിരിക്കും. അതുകൊണ്ടു തന്നെ നാടോടിക്കഥകളുടെ രൂപങ്ങള്‍ക്കും ഭാവങ്ങള്‍ക്കും മാറ്റം വരിക സ്വാഭാവികമാണ്. അലൗകിക സ്വഭാവവും കൈവരാറുണ്ട്.
ഒരു പ്രത്യേക ദേശത്തിന്റെ ജനതയുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങള്‍, വൈകാരികാനുഭവങ്ങള്‍, ആശയാദര്‍ശങ്ങള്‍, ആചാരവിശ്വാസങ്ങള്‍, ഭീതികള്‍, സുഖദുഃഖങ്ങള്‍, കല്‍പനകള്‍ തുടങ്ങിയവ നാടോടിക്കഥകളുടെ ഉള്ളടക്കമാണ്. 
അറബി നാടോടി സാഹിത്യവും മേല്‍പറഞ്ഞ സ്വഭാവങ്ങളില്‍ നിന്നു വ്യത്യസ്ത മല്ല. പ്രാചീന കാലത്തെ അറബ് സംസ്‌കാരത്തിന്റെ സൗരഭ്യവും ജീവിതരീതിയുടെ സവിശേഷതകളും ഉള്‍ക്കൊള്ളുന്നവയാണ് അറബി നാടോടിക്കഥകള്‍. മരുഭൂമിയും കൂടാരങ്ങളും ഒട്ടകങ്ങളും കുതിരകളും കോവര്‍കഴുതകളും, സുല്‍ത്താന്‍ മാരും, ജിന്നുകളും അഫ്‌രീത്തുകളും മനുഷ്യരെ തിന്നുന്ന ഘൗളുകളും, പ്രകൃത്യാ തീതശക്തിയുള്ള പക്ഷി മൃഗാദികളുമെല്ലാം അടങ്ങുന്ന ഒരു മാന്ത്രികലോകമാണത്.
അറബികളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നതു മരുഭൂമിയിലെ നാടോടികളായ 'ബദ്ദൂവി'കള്‍ (ആലറൗശി)െ ആണ്. ഇവരെ 'ബദ്ദുക്കള്‍' എന്നും പറയാറുണ്ട്. യഥാര്‍ത്ഥ അറബിയും ഈ ബദ്ദുക്കള്‍ തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. 'അറബികള്‍' എന്നു സ്വയം വിശേഷിപ്പിക്കുന്നതില്‍ ബദ്ദുക്കള്‍ അഭിമാനം കൊള്ളാറുണ്ട്.
ആട്ടിന്‍ രോമം കൊണ്ടുള്ള കൂടാരങ്ങളില്‍ (അറബി ഭാഷയില്‍ 'ബെയ്ത്ത് ഷാര്‍') ആണ് ബദ്ദുക്കള്‍ താമസിച്ചിരുന്നത്. ആയിരം കൊല്ലത്തോളം പഴക്കമുള്ള ഈ ജീവിതരീതി നേരിയ മാറ്റങ്ങളോടെ ഇപ്പോഴും തുടര്‍ന്നു നില്‍ക്കുന്നുണ്ട്. ബദിയ (മരുഭൂമി)യിലെ നിവാസിയാണ് ബദ്ദൂവി. എന്നാല്‍ പുതിയ ജീവിത ചുറ്റുപാടുകളില്‍ ബദ്ദൂവിയന്‍ ജീവിതം അപ്രത്യക്ഷമാവുകയാണ്.
അറബിയിലെ ഏറ്റവും ശുദ്ധമായ ഭാഷ ബദ്ദുവിന്റേതാണെന്നു പറയപ്പെടുന്നു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന്നു മുമ്പ് ജാഹലിയ (അജ്ഞത) കാലഘട്ടത്തില്‍ അറബി കവിത ഗുണമേന്മയില്‍ അതിന്റെ പാരമ്യതയിലായിരുന്നു.
'ബദ്ദൂവി പറഞ്ഞ അറബി നാടോടിക്കഥകള്‍' കൂടുതലായി മനസ്സിലാക്കാന്‍ ബദ്ദുക്കളുടെ ജീവിതരീതിയെക്കുറിച്ചും ആചാരത്തെക്കുറിച്ചും ചിലതു മനസ്സിലാക്കേണ്ടതുണ്ട്.
ബദ്ദൂവികളുടേത് ഏകദേശമൊരു നാടോടി സ്വഭാവമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഒട്ടകങ്ങളേയും ആടുകളേയും മറ്റും വളര്‍ത്തലായിരുന്നു മിക്കവരുടെയും ഉപജീവനമാര്‍ഗ്ഗം. അതിനാല്‍ തഴച്ചു വളരുന്ന പുല്‍പ്രദേശം കണ്ടാല്‍ ആ പ്രദേശത്ത് അവര്‍ കൂടാരം കെട്ടി താമസിക്കും. അവിടത്തെ വളര്‍ച്ച മുരടിച്ചാല്‍ കൂടാരം അഴിച്ച് ഒട്ടകപ്പുറത്തോ കോവര്‍കഴുതയുടെ പുറത്തോ കയറ്റി മറ്റൊരു മേച്ചില്‍ സ്ഥലം അന്വേഷിച്ചുപോകും.
ഒട്ടകമാണ് ബദ്ദുക്കളുടെ സര്‍വ്വസ്വം. ഒട്ടകങ്ങളുടെ എണ്ണത്തേയും ഗുണത്തേയും ആശ്രയിച്ചാണ് ബദ്ദുവിന്റെ കുടുംബ മഹിമ അളക്കപ്പെട്ടിരിക്കുന്നത്. യാത്രയ്ക്കും സാധനങ്ങള്‍ കയറ്റി കൊണ്ടുപോകുന്നതിന്നും പാലിന്നും ഇറച്ചിക്കും ഒട്ടകമായിരുന്നു പ്രധാന ആശ്രയം. വീടിന്റെ മേല്‍പുര നിര്‍മ്മിക്കുന്നതിന്ന് ഒട്ടകരോമം ഉപയോഗിച്ചിരുന്നു.
ബദ്ദൂവികള്‍ പല ഗോത്രങ്ങളായിട്ടാണ് ജീവിച്ചിരുന്നത്. ഗോത്രങ്ങള്‍ തമ്മില്‍ കുടിപ്പകയും പോരാട്ടങ്ങളും സാധാരണമായിരുന്നു. ഗോത്രത്തിന്റെ നേതാവിനെ ഷെയ്ക്ക് എന്നു വിളിച്ചു പോന്നു. 'ഷെയ്ക്ക്' എന്ന വാക്കിന് അറബിയില്‍ 'പ്രായം ചെന്ന ബഹുമാന്യ വ്യക്തി' എന്നേ അര്‍ത്ഥമുള്ളു. എന്നാല്‍ ഗോത്രത്തില്‍ ഷെയ്ക്ക് സ്ഥാനം നേടണമെങ്കില്‍ സമ്പത്തും വ്യക്തിപരമായ സ്വഭാവശുദ്ധിയും ആവശ്യമാണ്. മതപണ്ഡിതന്മാരെയും ഷെയ്ക്ക് എന്നു വിളിക്കാറുണ്ട്.
ഉദാരത, ആതിഥേയത്വം എന്നിവ ബദ്ദൂവികളുടെ മുഖമുദ്രയാണ്. ഒരു വ്യക്തിയുടെ മഹത്വം അയാളുടെ സമ്പത്തുകൊണ്ടു മാത്രമല്ല അളക്കപ്പെടുന്നത്. അയാള്‍ മറ്റുള്ളവര്‍ക്ക് എത്ര കൊടുക്കുന്നു എന്നു കൂടി കണക്കിലെടുത്താണ്. അതിനാല്‍ അതിഥി സല്‍ക്കാരത്തിലും ദാനധര്‍മ്മങ്ങളിലും ബദ്ദൂവികള്‍ അങ്ങേയറ്റം ബദ്ധശ്രദ്ധരാണ്. സഹായം ചോദിച്ചു ചെല്ലുന്ന നിരാശ്രയരെ സാമ്പത്തികശേഷിയുള്ള ബദ്ദൂവികള്‍ ഒരിക്കലും വെറും കയ്യോടെ മടക്കി അയക്കാറില്ല.
ഒരു അതിഥി ഒരു ബദ്ദൂവിയന്‍ കൂടാരത്തില്‍ താമസം തുടങ്ങിയാല്‍ മൂന്നു ദിവസം കഴിഞ്ഞേ അയാള്‍ വന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കാന്‍ പാടുള്ളൂ. 
ഒരു വലിയ തളികയില്‍ നിറച്ചിരിക്കുന്ന ചോറിനു മുകളില്‍ ഒട്ടകത്തി ന്റെയോ ആടിന്റെയോ ഇറച്ചി കുന്നുകൂട്ടിവെച്ചിരിക്കും. പത്തോളം വരുന്ന അതിഥികള്‍ ആ പാത്രത്തില്‍ നിന്ന് കൈകൊണ്ടാണ് ഭക്ഷിക്കുക. ഭക്ഷണം വായിലേക്കു കൊണ്ടുപോകുമ്പോള്‍ വിരലുകള്‍ ചുണ്ടില്‍ തൊടാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കും. ഭക്ഷണാനന്തരം കാപ്പിയോ ഗഹ്‌വയോ കുടിച്ച് സംസാരത്തിലേര്‍പ്പെടും. അല്ലെങ്കില്‍ കഥ പറയുകയോ പാട്ടുപാടുകയോ സംസാരത്തിലേര്‍പ്പെടുകയോ കവിത ചൊല്ലുകയോ ചെയ്യും.
ബദ്ദൂവികളുടെ അതിഥി-സൗഹൃദബന്ധം വളരെ ദൃഢമാണ്. ഒരു ശത്രുവായാല്‍ പോലും ഒരാളുടെ കൂടാരത്തില്‍ നിന്ന് ഒരിക്കല്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അയാള്‍ അതിഥിയായി സംരക്ഷിക്കപ്പെടും.
ഒരു മാന്യ അതിഥി യാത്ര പറഞ്ഞു പിരിയുമ്പോള്‍ അയാള്‍ കാഴ്ചയില്‍ നിന്നു മറയുവോളം അയാളെ നോക്കിനില്‍ക്കുക പതിവാണ്.
ഒരു ഗോത്രത്തിന്റെ ശക്തിയും മഹിമയും പ്രദര്‍ശിപ്പിക്കുന്നതിന് ഗോത്രത്തിലെ യുവാക്കള്‍ അന്യഗോത്രത്തെ കൊള്ളയടിച്ച് മുതല്‍ അപഹരിക്കുന്ന സമ്പ്രദായവുമുണ്ട്. ഒട്ടകങ്ങളെയാണ് അധികവും പിടിച്ചു കൊണ്ടുപോവുക. കൊള്ളയടിക്കാന്‍ പോകുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ബദ്ദൂവി സ്ത്രീകള്‍ നീണ്ട കറുത്ത മുടിയഴിച്ചിട്ട് ആര്‍പ്പു വിളിക്കും. യാത്രക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളെല്ലാം ഒരുക്കിക്കൊടുക്കുകയും ചെയ്യും. വെറും കയ്യോടെ തിരിച്ചു വരുന്ന കൊള്ളക്കാര്‍ക്ക് അവരുടെ സ്ത്രീകളില്‍ നിന്നു ഭര്‍ത്സനം ഏല്‍ക്കേണ്ടിവരും.
കുടുംബ ബന്ധങ്ങള്‍ വളരെ പാവനമായി സൂക്ഷിക്കുന്നവരാണ് ബദ്ദൂവി കള്‍ . അതുകൊണ്ടുതന്നെ വംശപാരമ്പര്യത്തിനും ജനനത്തിനും അവര്‍ വളരെ പ്രാധാന്യം കല്‍പിക്കുന്നു. അറബിലോകത്തില്‍ മറ്റെവിടെയുമുള്ളതുപോലെ ബദ്ദൂവികളുടെ ഇടയിലും കസിന്‍ (മച്ചുനനും മച്ചുനത്തിയും) വിവാഹം സര്‍വ്വസാധാരണമാണ്. സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള വിവാഹമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിവാഹപ്രായമായ യുവാവിന് പിതൃസഹോദരന്റെ മകള്‍ മുറപ്പെണ്ണാണ്. അതുപോലെത്തന്നെ യുവതിക്ക് പിതൃസഹോദരന്റെ മകന്‍ മുറച്ചെറുക്കനും. ചില സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ ജനിച്ച ഉടനെത്തന്നെ വിവാഹനിശ്ചയം നടത്തിക്കഴിഞ്ഞിരിക്കും.
കസിന്‍ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് മറ്റൊരു ഘടകം കൂടി കാരണമാണ്. ഗോത്രത്തിനോടുള്ള കൂറ് ബലപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും ശുദ്ധമായ വംശപാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനും കസിന്‍ വിവാഹം ആവശ്യമാണെന്ന് അറബികള്‍, വിശിഷ്യാ, ബദ്ദൂവികള്‍ വിശ്വസിക്കുന്നു. 
ഇത്തരമൊരു സമ്പ്രദായം നിലനില്‍ക്കുന്നതു മൂലം അന്യഗോത്രത്തില്‍ പ്പെട്ട യുവാവുമായോ യുവതിയുമായോ ഉള്ള ബന്ധം ഒരിക്കലും പ്രോത്സാഹി പ്പിക്കപ്പെടുന്നില്ല. അവര്‍ തമ്മില്‍ കാണുന്നതിന്നുപോലും വിലക്കാണ്. അവര്‍  പ്രണയബദ്ധരായിത്തീര്‍ന്നെങ്കിലോ എന്ന് രക്ഷിതാക്കള്‍ ഭയപ്പെടുന്നതായി കാണുന്നു. 
അടിയുറച്ച ദൈവവിശ്വാസവും സഹനശീലവുമാണ് ബദ്ദൂവികളുടെ മറ്റൊരു പ്രത്യേകത. ഏതു പ്രവൃത്തിയും ദൈവത്തിന്റെ നാമത്തിലാണ് അവര്‍ ആരംഭിക്കുക. ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരന്തങ്ങളും നിസ്സംഗതയോടെ ക്ഷമിക്കാന്‍ ദൈവവിശ്വാസം അവര്‍ക്കു തണലേകുന്നു.
അറബ് സംസ്‌കാരത്തെയും ജീവിതരീതിയെയും പ്രതിഫലിപ്പിക്കുന്നതാണ് ഇതിലെ കഥകള്‍. വടക്കന്‍ ആഫ്രിക്ക മുതല്‍ സഊദി അറേബ്യവരെയുള്ള പത്തോളം രാജ്യങ്ങളിലെ പ്രാതിനിധ്യസ്വഭാവമുള്ള നാടോടിക്കഥകളാണ് ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്. 
എന്‍. മൂസക്കുട്ടിAbout Author

N. Moosakutty

N. Moosakutty

About N. Moosakutty