Close
Welcome to Green Books India
S Ramesande Kavithakal

S Ramesande Kavithakal

Author: S Ramesan

star

എസ്. രമേശന്റെ കവിതകള്‍

Add to Basket

Poetry By S Ramesh.

നിശിതവും സൂക്ഷ്മവുമായി വര്‍ത്തമാനകാല ജീവിതത്തെ പ്രത്യയ ശാസ്ത്രത്തിന്റെ ചുവന്ന വെളിച്ചത്തില്‍ സര്‍ഗ്ഗാത്മകമായി ദര്‍ശിക്കുകയും, ധീരമായി പ്രതികരിക്കുകയും ചെയ്യുക എന്ന കവിധര്‍മ്മം സമുദ്രത്തില്‍ മത്സ്യമെന്നപോലെ ജന്മദൌത്യമാണെന്ന് കവി തിരിച്ചറിയുന്നു. ഇത് ഒറ്റപ്പെട്ടവന്റെ പരുക്കന്‍ ശാഠ്യമല്ലെന്നും സംഘടിതമായ ചരിത്ര നിര്‍മ്മിതിയാണെന്നും, വിപ്ലവബോധമുള്ള ഒരു കവിക്ക് ഇങ്ങനെയേ പറയാനാകൂ എന്നും, ഈ കവിതകള്‍ പ്രഖ്യാപിക്കുന്നു.

No reviews found

എസ്. രമേശിന്റ കവിതകള്‍

എസ്. രമേശിന്റ കവിതകള്‍

അവതാരിക - എന്‍. രാധാകൃഷ്ണന്‍ നായര്‍


കവിത എന്ത് എന്ന അന്വേഷണം കവിത എന്നില്‍ എങ്ങനെ സന്നി വേശിക്കുന്നു എന്ന തലത്തിലാണ് എപ്പോഴും എത്തിപ്പെടാറുള്ളത്. ഇത് ഒരുപക്ഷേ സാര്‍വ്വലൗകികമായ ഒരു തീര്‍പ്പായി അംഗീകരിക്ക പ്പെടണമെന്നില്ല. ഉയര്‍ന്ന തിരുനെറ്റിക്കാരുടെ വിനിമയ വിനോദോ പാധിയായി, കൃത്യമായ അളവുകോലുകള്‍ നിര്‍മ്മിച്ച് അംഗ പ്രത്യംഗം അളന്നും തൂക്കിയും ആസ്വാദനത്തിന്റെ വ്യാജമേഖല കളില്‍ കേളിയാടുന്നവര്‍ക്ക് കവിതാസങ്കല്പം തന്നെ വ്യത്യസ്ത മായ മറ്റെന്തോ ആണ്. അതുകൊണ്ടുതന്നെയാണ് ലീലാവാദത്തിന്റെ പിന്‍ബലത്തില്‍ സ്രഷ്ടാവിനെ ഉന്നതപദത്തില്‍ പ്രതിഷ്ഠിക്കുന്നവര്‍ പുതിയ കവികളെ പലപ്പോഴും മുദ്രാവാക്യമെഴുത്തുകാരായി വിശേഷിപ്പിക്കുന്നതും. ആക്റ്റിവിസ്റ്റുകള്‍ നടക്കുന്ന വഴികള്‍ അവര്‍ക്കു നല്കുന്നത് സുഗമസഞ്ചാര സുഖമല്ലെന്നും, കനല്‍ ച്ചൂടില്‍ തനുവുരുകുമ്പോള്‍ നാവുതിര്‍ക്കുന്നത് കാല്പനികതയുടെ സമ്മോഹന സംഗീതമല്ലെന്നുമുള്ള ദുരിതസത്യം, കവിതാ ലക്ഷണ മുരുവിട്ടുറപ്പിക്കുന്നവര്‍ക്ക് അന്യമായിത്തീരുന്നു. പീഡിതന്റെ നാവില്‍ നിന്നുതിരുന്ന അഗ്നിഗാനത്തിന്റെ ചമത്കാരം, നെരൂദയുടെ പാട്ടിലുണ്ട് എന്ന് തലകുലുക്കുന്നത് ഒരു ജാടയാകുന്ന വര്‍ത്തമാന കാലത്തുപോലും, രമേശന്റെ കവിതകള്‍ അഭിജാതമല്ലെന്നു പാര്‍ശ്വവല്‍ക്കരിക്ക പ്പെടുന്നത് സംവേദന ത്തിന്റെ മാത്രം പ്രശ്‌നമല്ല. എന്റെ ഭാഷ ദ്രാവിഡമാണ് എന്ന് ഈ കവി നടത്തുന്ന സത്യവാങ് മൂലം പോലും ഭാഗികമായ അര്‍ഥപരികല്പനയ്ക്കുള്ളില്‍ ഒതുങ്ങി ക്കൂടുന്നത് ഇവിടെയാണ്. മനുഷ്യകഥാനുഗായികളായ കവികള്‍- രമേശനുള്‍പ്പെടെ- ഒരിക്കലും കവിതയ്ക്ക് മറ്റൊരു ഭാഷയും തേടിയലയേണ്ടി വന്നിട്ടില്ല. എവിടെ വച്ചാണ് കവിത ഭാഷയില്‍ നിന്ന് വേര്‍ തിരിഞ്ഞു നില്ക്കുക എന്നത് മറ്റൊരു അന്വേഷണ വിഷയ മാണ്. അപൂര്‍വ്വവും ജൈവവുമായിത്തന്നെ അഭേദമാകുന്ന കവിത യ്ക്കും ഭാഷയ്ക്കും വാഗര്‍ഥങ്ങളെപ്പറ്റിയുള്ള പഴയ നിരീക്ഷണം തന്നെ യാണ്; കാലത്തിനും സ്ഥലത്തിനും കീഴ്‌പ്പെട്ട് സ്വയമേവ ഉരുവ പ്പെടുന്ന ഭാഷയല്ലാതെ മറ്റെന്താണ് കവിത തന്നെ? കാലം കലുഷിതമാകുമ്പോള്‍ കവിയുടെ കാല്പനീകതയ്ക്ക് നിര്‍വ്വചനം മറ്റൊന്നാകും. ആസ്വാദനമെന്നത് അനുഭവിക്കല്‍ എന്നാകുമ്പോള്‍ വ്യക്തിതലത്തിലും സമൂഹതലത്തിലും ഭിന്നസ്വരവാഹിയാകേണ്ട താണ് കവിതകളെന്നുകൂടിയുള്ള നിരീക്ഷണം ആരെയും അലോസരപ്പെടുത്തേണ്ടതില്ല.
ഏകസ്വരത്തില്‍ നില്ക്കുന്നവയല്ല രമേശന്റെ പുതിയ സമാഹാരത്തില്‍ ഉള്‍പ്പെടുത്തി യിട്ടുള്ള 91 കവിതകളും; ആകെ സാമാന്യമായി പറയാവുന്നത് അന്തര്‍ധാരയായി നില്ക്കുന്ന ഒന്നു മാത്രമാണ്; കലുഷിത വര്‍ത്തമാനകാലത്തിന്റെ ആസുരതയില്‍ തകര്‍ന്നു വീഴുന്ന മാനവികതയെക്കുറിച്ചുള്ള ഉത്കണ്ഠകളും നൊമ്പരങ്ങളും എല്ലാ കവിതകളിലും ഒഴിയാതെ ബാധിച്ചിരി ക്കുന്നതില്‍ അത്ഭുതമില്ല. കവിയുടെ ആത്മനിഷ്ഠതയില്‍ നിന്നല്ലാതെ കവിതയുണ്ടാ കുന്നില്ല എന്നിരിക്കെത്തന്നെ ചുറ്റുപാടുകള്‍ക്കു തീപിടിക്കുമ്പോള്‍ കവിക്ക് മറ്റ് എന്തായി ത്തീരുവാനാണ് കഴിയുക? പ്രതിബദ്ധത ഏറെ പ്രചരിപ്പിച്ച് അര്‍ത്ഥ ശൂന്യമാക്കിയ പദമാണെങ്കില്‍പ്പോലും അതിവിടെ അന്വര്‍ഥമായിത്തീരാതെ വയ്യ; കാരണം കവി പോരാളി യാണെന്നും കവിത ആയുധമാണെന്നും ഉത്തമബോധ്യമുള്ള യാളുടെ നിലപാട് ആള്‍ക്കൂട്ടത്തില്‍ തനിയെയല്ല ആള്‍ക്കൂട്ട ത്തിനിട യില്‍ത്തന്നെയാണ്.
മനുഷ്യന്റെ സര്‍വ്വതോമുഖമായ ജീവിതം തന്നെയാണ് കവിത യെന്നും, ജീവിതചിന്തയായ കവിതകള്‍ മാത്രമേ തനിക്കിനി എഴുതാനാവൂ എന്നും സ്വന്തം കവിതയ്ക്കും ജീവിതത്തിനു തന്നെയും ഭാഷ്യം ചമയ്ക്കുന്ന ഈ കവിക്ക് മാധ്യമത്തെ, ഭാഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട തില്ല എന്നുമാത്രമല്ല കവിതാഗാത്രം തന്നെയായി ഭാഷവശഗമായി മാറിക്കഴിഞ്ഞിരി ക്കുകയും ചെയ്തിരിക്കുന്നു. സ്വന്തം കവിതകളെപ്പറ്റി, വാക്കുകളെ പ്പറ്റിത്തന്നെ ജീവിതാ നുഭവത്തിന്റെ ചൂടില്‍ സത്യവാങ്മൂലം ചെയ്യുന്നവയില്‍ ചിലതാണ് കവിത ഒരു പ്രതീക്ഷ യാകുന്നു, അവധിനാള്‍, പറഞ്ഞുതുടങ്ങുന്നു, താഴേക്കൊഴുകുന്നത് തുടങ്ങി യവ. പുതിയ കവികള്‍ എന്തുപറയുന്നു എന്ന ചോദ്യം മുന്നില്‍ വച്ചുകൊണ്ട് നടത്തുന്ന ഈ സ്വയം വിചാരണ വ്യക്തി നിഷ്ഠതയില്‍ ഒതുങ്ങിപ്പോകുന്നതല്ല. പുതുലാവണ്യ ശാസ്ത്ര പ്രഖ്യാപനം തന്നെയായിമാറുന്നത് ഇവിടെ കാണാം.
തെരുവില്‍ വാക്കുകള്‍
മലിനമായിക്കിടന്നഴുകുന്നു
ആരും തിരിഞ്ഞുനോക്കാതെ
വിഴുപ്പായ് ചൊല്ലിയ കവിതകള്‍
ഗര്‍ജ്ജനശതങ്ങളില്‍ നിന്ന് 
ചിതറിവീണ പാഴ്‌വചനങ്ങള്‍
എന്ന് അവധിനാളിലും
''എന്തും വരട്ടെ പറയാതിരുന്നിട്ടിനി
വരക്കാതിരുന്നിട്ടിനി
എന്തുണ്ട് നേടാന്‍?
കെട്ടിട്ടുപൂട്ടിയടക്കിപ്പിടിച്ച വാക്കെത്ര?
വരയെത്ര?
................എന്തും എഴുതുക
എന്തും വരക്കുക
നേരിന്റെ പുറംതോട് പൊട്ടിച്ചിതറട്ടെ''
എന്ന് 'പറഞ്ഞുതുടങ്ങുന്നു' എന്ന കവിതയിലും രോഷം കൊള്ളു ന്നത് സമകാലിക കവിതയുടെ വിധിതന്നെയാണ്.
പറഞ്ഞുതീരാത്ത വിഷയമായി പലമട്ടില്‍ ഈ സമാഹാരത്തില്‍ ആവര്‍ത്തിക്കുന്ന വിഷയം തന്നെയാണ് കവിത എന്ന സമരസംജ്ഞ എന്നിരിക്കിലും, അടിസ്ഥാനമായിത്തന്നെ പാരമ്പര്യ രീതിശാസ്ത്ര ത്തില്‍ നിന്നുള്ള വ്യത്യസ്ത വഴിയാണ് കവി ഇതിന് തെരഞ്ഞെടു ക്കുന്നത്. കവിത വിഷയിയായ ഒട്ടനവധി രചനകള്‍ ആത്മ നിഷ്ഠാനു ഭവത്തിന്റെ മൂശയില്‍, മിതവാദം ലബ്ധപ്രതിഷ്ഠരായ കവികളില്‍ നിന്ന് നമുക്കു ലഭിച്ചിട്ടുണ്ട്. പക്ഷേ, കവിത ഒരു പ്രതീക്ഷയാകുന്നു എന്നു രമേശന്‍ പറയുമ്പോള്‍ കവിതയുടെ സൃഷ്ടിമുഹൂര്‍ത്തത്തിന്റെ ദുരൂഹ ലാവണ്യ ശാഠ്യങ്ങള്‍ മുഴുവന്‍ നിഷേധി ക്കുന്നതും തകര്‍ന്നു വീഴുന്നതും നമുക്കു കാണാനാകും.
ഹൃദയം ഒരു നിശ്ശബ്ദ
രാപ്പാടിയായ് നിണം
കിനിയുന്ന ദുസ്സഹ
വടുവായി വിങ്ങുന്ന നേരം
സമയമതി കഠിനമാം വേനലായ് അഗ്നിയായ്
കത്തിപ്പടര്‍ന്നെന്നിലണയാതിരിക്കുന്ന നേരം
എന്നിങ്ങനെ ദുരന്തകാലതമസ്സിന്റെ ഭയജടിലമായ നിശാകാല ത്തിലും, കവി കവിതയൊരു പ്രതീക്ഷയാണെന്ന ശുഭാപ്തി വിശ്വാ സത്തിന്റെ തിരിനാളം അണയാതെ സൂക്ഷിക്കുന്ന മനസ്സ് സചേതന മായ സമൂഹരാഷ്ട്രീയ മനസ്സാണെന്നും, പ്രത്യയശാസ്ത്രമെന്നത് തല തുടയ്ക്കുവാനുപയോഗിക്കുന്ന വസ്ത്രമല്ലെന്നുമുള്ള തിരിച്ചറി വാണെന്നും കണ്ടെത്തുന്നത് പുതിയൊരു ലാവണ്യദര്‍ശനമാണ്. 'അവധിനാള്‍' അതിസാധാരണമായൊരു പ്രമേയത്തിലൂന്നിയ ലഘുകവിതയെ നിര്‍വ്വചിച്ചുറപ്പിക്കുന്നത് 
ആരും തിരിഞ്ഞു നോക്കാതെ
വിഴുപ്പായി ചൊല്ലിയ കവിതകള്‍, എന്നും
മുഷ്ടിക്കിടയിലൂടൊലിച്ചുയര്‍ന്ന
ഗര്‍ജ്ജന ശതങ്ങളില്‍ നിന്നു
ചിതറിവീണ പാഴ്‌വചനങ്ങള്‍
എന്നുമാണ്. 
അത്രയുമല്ല, 
തെരുവില്‍ വാക്കുക-
ളഴുകുന്നു
എന്നുകൂടി അതിശബ്ദമായ സ്‌ഫോടത്തോടെയാണ്, ഈ കവിത എരിഞ്ഞ് പടരുന്നതും. വചനങ്ങളേയും കവിതയേയും മഹത്ത്വ വല്‍ക്കരിക്കുകയും മധുരോദാരമാക്കുകയും ചെയ്തു, കാലത്തിന്റെ എല്ലാ കഠിനപീഡനങ്ങളില്‍ നിന്നും ഉയര്‍ത്തി പ്രതിഷ്ഠിക്കുന്ന ദര്‍ശനത്തിന്റെ ഈ വിപരീത വായന മലയാളത്തിന്റെ നവാനുഭവ മാണ്. താഴേക്കൊഴുകു ന്നത് എന്ന ഖണ്ഡവും ഇതോടു കൂട്ടിവച്ച് പാരായണം ചെയ്യുമ്പോഴാണ് പൂര്‍ണ്ണമാകുന്നത്.
താഴേക്കൊഴുകുന്ന പുഴയും
താനേയെഴുതിയിറങ്ങുന്ന കവിതയും
എന്നാരംഭിച്ച്
കവിതയ്ക്കും പുഴയ്ക്കുമിടയില്‍
കടലാസ്സും ഭൂമിയുമൊടുങ്ങുന്നിടത്ത്
മരണം
അക്ഷരങ്ങള്‍
കടല്‍
എന്നാണ് ഈ കവിത അവസാനിക്കുന്നത്. കവിതയെന്നത് കേവല മായ ഒരു സര്‍ഗ്ഗ പ്രക്രിയ എന്നതിനപ്പുറം ഈ മഹാപ്രപഞ്ചത്തിലെ ചരാചരങ്ങളുടെ നില്പും ചലനവും തന്നെ യാണെന്നും, വാക്കുകള്‍ മൃതശബ്ദങ്ങള്‍ എന്നതിനുപരി, നിയതാര്‍ഥങ്ങളെ ല്ലംഘിക്കുന്ന  മന്ത്രസൂക്ത പ്രവാഹമാണെന്നുമുള്ള നിശ്ശബ്ദ ദര്‍ശനം, ഈ കവിത കളിലെല്ലാം ലീനമായി സ്ഥിതി ചെയ്യുന്നുണ്ട്. കവിതയുടെ കാലങ്ങള്‍ എന്ന ശീര്‍ഷകത്തിനു കീഴില്‍
കവിത ഇന്ന്
എറിയപ്പെടുന്ന കല്ല്
ഇരുളിന് നേരെ
തെളിക്കപ്പെട്ട പ്രകാശനാളം
ആര്‍ക്കും മനസ്സിലാകാത്ത
അക്ഷരങ്ങളുടെ ആരണ്യാന്തരം
ഉള്ളില്‍ തിളച്ചുമറിഞ്ഞ്
പൊട്ടാറായ അഗ്നിപര്‍വ്വതം
എന്ന് ആധുനികകാലത്തെ കവിതയെ തിരിച്ചറിഞ്ഞ കവിക്ക് തൊണ്ണൂറ്റിയൊന്ന് കവിതകളില്‍ ഒന്നില്‍പോലും പ്രസാദാത്മക ഭാവത്തിന്റെ ഒരുതുള്ളി വെളിച്ചത്തെ സന്നിവേശിപ്പിക്കാനായില്ല എന്നത് വര്‍ത്തമാന കവിതയുടെ മുഖം കാലഘട്ടത്തിന്റെ മുഖം തന്നെയാണ് എന്ന അഭേദ ദര്‍ശന സ്ഫൂര്‍ത്തിയാണ്. അഞ്ചോ ആറോ കവിതാഖണ്ഡങ്ങളില്‍ ചിതറിക്കിടക്കുന്ന ഈ ലാവണ്യ ദര്‍ശനത്തിന്റെ ഭാവം കവിതയെ സ്രഷ്ടാവിന്റെ ഉപരി സിംഹാസന ത്തില്‍ നിന്ന് സമൂഹത്തിന്റെ പശിമരാശി മണ്ണിലേക്ക് ഇറക്കി നിര്‍ത്തുന്ന വിളംബരമായി മാറുന്നുണ്ട്.
About Author

S Ramesan

S Ramesan

About S Ramesan

കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍. 1952 ഫെബ്രുവരി 16ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനനം. തത്ത്വശാസ്ത്രത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം. വിദ്യാര്‍ത്ഥി ജീവിതം വൈക്കം ഗവ. ഹൈസ്‌കൂള്‍, എറണാകുളം ലോ കോളേജ്. 1973ലും 1975ലും എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍.സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നും അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണറായി 2007ല്‍ വിരമിച്ചു. അതിനു മുന്‍പ് സ്റ്റേറ്റ് ബാങ്ക് ട്രാവന്‍കൂറിലും കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിലും വെല്‍ഫെയര്‍ ഓഫീസറായും ജോലി ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയായും സാംസ്‌കാരിക വകുപ്പു മന്ത്രി ടി.കെ. രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഗ്രന്ഥശാലാ സംഘം സംസ്ഥാന നിര്‍വാഹക സമിതി അംഗം. ഗ്രന്ഥാലോകം മുഖ്യപത്രാധിപരായിരുന്നു. പുരസ്‌കാരങ്ങള്‍: ചെറുകാട് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, എ.പി. കളയ്ക്കാട് പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഫൊക്കാന സാഹിത്യ പുരസ്‌കാരം.