Close
Welcome to Green Books India
Seetha Nootandukaliloode

Seetha Nootandukaliloode

Author: Nithya Chaithanya Yathi

star

സീത നൂറ്റണ്ടുകളിലൂടെ

Add to Basket

Book by:Nithya Chaithanya Yathi

സീതയുടെ മൌനത്തിന്‍റെ ഇടവേളകള്‍ ആദികാവ്യത്തിന്‍റെ ഗഹന മുഹൂര്‍ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്‍റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്‍ ഒരുക്കുന്നത്. സ്ത്രീയുടെ ചലനങ്ങള്‍ക്കുവരെ ധര്‍മ്മകോശങ്ങള്‍ പടുത്തുയര്‍ത്തിയ പുരുഷമേധാവിത്തത്തിന്‍റെ ധാര്‍ഷ്ട്യ ത്തിനെതിരെ എന്നും സീത പ്രതിഷേധ ത്തിന്‍റെ മാറ്റൊലി ഉയര്‍ത്തുന്നുണ്ട്. സര്‍വ്വകാല പ്രസക്തമായ ചിന്താ ധാരകളുള്‍ക്കൊള്ളുന്ന ഗുരുവിന്‍റെ ദീപ്തമായ കൃതി.

No reviews found

സീത നൂറ്റാണ്ടുകളിലൂടെ

സീത നൂറ്റാണ്ടുകളിലൂടെ


സീത നൂറ്റാണ്ടുകളിലൂടെഒരു നിഷാദന്‍ ഒരിക്കല്‍ ആഹാരം തേടി കാട്ടിലലയുമ്പോള്‍ രണ്ടു ക്രൗഞ്ചങ്ങള്‍ പ്രേമലീലയില്‍  മതി മറന്നു പറന്നു കളിക്കുന്നുണ്ടായിരുന്നു. അതിലൊന്നിനെ ലാക്കാക്കി നിഷാദന്‍ അമ്പെയ്തു. ലക്ഷ്യത്തില്‍ തന്നെ അമ്പേറ്റ് ഇണപ്പക്ഷികളില്‍ ഒന്ന് താഴെ വീണു ജീവന്‍ ഉപേക്ഷിച്ചു. തന്റെ ഇണയ്ക്കുണ്ടായ അത്യാഹിതത്തില്‍ മനംനൊന്തു മറ്റേ ക്രൗഞ്ചം അതിനെ വട്ടമിട്ടു പറന്നു കരഞ്ഞു. ആ വനത്തില്‍ത്തന്നെ ധ്യാനലീനനായിരുന്ന വാല്മീകി മഹര്‍ഷി ആ ദാരുണമായ ശബ്ദം കേട്ട് കണ്ണു തുറന്നു നോക്കി. അദ്ദേഹം കണ്ടത് നിഷാദനെയും ക്രൗഞ്ചങ്ങളെയുമാണ്. ഒറ്റ നോട്ടത്തില്‍ത്തന്നെ മഹര്‍ഷീശ്വരന് കാര്യം മനസ്സിലായി. അദ്ദേഹത്തിന്റെ ഹൃദയം താപംകൊണ്ട് വിവശമായി. നിഷാദന്‍ ആ ക്രൗഞ്ചങ്ങളോട് കാണിച്ച അക്രമത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഹേ നിഷാദ, ക്രൗഞ്ച മിഥുനത്തില്‍ നിന്ന് കാമത്താല്‍ മതമയങ്ങിയ ഒന്നിനെ നീ കൊന്നുവല്ലോ. അതിനാല്‍ നീ ശാശ്വതമായ ലോകത്തെ പൂകുകയില്ല.
മാനിഷാദ പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീ സമാഃ
യത് ക്രൗഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം


വാല്മീകിയുടെ ഈ ശ്ലോകത്തില്‍ രാമായണത്തിന്റെ നാന്ദി മാത്രമല്ല ഉള്ളത്, മനുഷ്യജീവിതത്തിന്റെ കഥയെക്കൂടി ഇതില്‍ അനുഗാനം ചെയ്തിരിക്കുന്നു. ഇതുപോലെ ശാകുന്തളത്തില്‍ ഒട്ടേറെ ജീവിതരഹസ്യങ്ങളെ നിറച്ചു വച്ചിരിക്കുന്ന വേറൊരു ശ്ലോകമുണ്ട്:
ഗ്രീവാഭംഗാഭിരാമം മുഹുരനുപതതി സ്യന്ദനേ ബദ്ധദൃഷ്ടിഃ
പശ്ചാര്‍ദ്ധേനപ്രവിഷ്ടം ശരപതനഭയാദ്ഭൂയസാ പൂര്‍വകായം
ദര്‍ഭൈരര്‍ദ്ധാവലീഡൈഃ ശ്രമവിവൃതമുഖഭ്രംശിഭിഃ 
                                                                        കീര്‍ണ്ണവര്‍ത്മാ
പശ്യോദഗ്രപ്‌ളുതത്വാദ്വിയതിബഹുതരം സ്‌തോകമുര്‍വ്യാം 
                                                                                  പ്രയാതി.
മൂന്നാമത്തെ പ്രതീകം ശ്രീരാമചന്ദ്രന്റെ ധനുര്‍ഭഞ്ജനം തന്നെയാണ്. നിഷാദനും ദുഷ്യന്തനും ശ്രീരാമനും ധനുര്‍ദ്ധരന്മാരാണ്. മൂന്നുപേരും ദുരുപദിഷ്ടമായ വിധിയുടെ വാതായനത്തില്‍ വന്നു നില്‍ക്കുന്നവര്‍. നിഷാദന്റെ ഇര ക്രൗഞ്ചം, ദുഷ്യന്തന്റെ ഇര ശകുന്തളയെ ഓര്‍മ്മിപ്പിക്കുന്ന മാന്‍. ശ്രീരാമചന്ദ്രന്റെ ഇര സീതാദേവി. ജീവന് ആമുഖം കുറിക്കുന്നത് ആലിംഗനമാണ് - മിഥുനങ്ങളുടെ ആലിംഗനം. ആലിംഗനം ചെയ്താലേ മിഥുനമാവുകയുള്ളൂ. ക്രൗഞ്ചങ്ങള്‍ മിഥുനമായിരുന്നു.


ഉപനിഷദൃഷിമാരുടെ അഭിപ്രായത്തില്‍ ഈ പ്രപഞ്ചോല്പത്തിയുടെ ഒന്നാമദ്ധ്യായം തുടങ്ങുന്നത് വൈശ്വാനരന്റെ ആവിര്‍ഭാവത്തോടു കൂടിയാണ്. വൈശ്വാനരന്‍ വിശപ്പാണ്. വിശപ്പ് മൃത്യുവാണ്. ജീവനെക്കൊണ്ടേ ജീവനെ ധാരണം ചെയ്യുവാന്‍ ആവുകയുള്ളൂ. മൃത്യുവിന്റെ ഓദനം ജീവനാണ്. വിശക്കുന്ന വയറിന് അന്നം തേടിയാണ് നിഷാദന്‍ ക്രൗഞ്ചമിഥുനത്തില്‍ ഒന്നിന്റെ നേര്‍ക്ക് അമ്പെയ്തത്. വിശപ്പിന്റെ വിളി ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ്. ആവശ്യം ഔചിത്യത്തെ വിഴുങ്ങിക്കളയും. ആവശ്യങ്ങളുടെ നിറവേറലുകള്‍ ജീവിത സന്ദര്‍ഭത്തില്‍ ഛേദ(ഉലിീാശിമീേൃ)മായി വരുമ്പോള്‍ ഉന്നത മൂല്യങ്ങളുടെ പരിഗണന അംശ(ചൗാലൃമീേൃ)മായിട്ടേ വരുന്നുള്ളൂ. ഭൗതികമായ നിറവേറലുകളുടെ ആവനാഴിയാണ് നിഷാദന്റെ കൈയിലുള്ളത്. നിഷാദന്റെ പ്രതിയോഗിയായി നില്‍ക്കുന്നത് മനീഷിയും കവിയുമായ വാല്മീകി മഹര്‍ഷിയാണ്. ക്ഷുത്പിപാസാദികള്‍ മറന്ന് ദേഹബുദ്ധിയില്ലാതിരുന്ന ഋഷീശ്വരനെ ചിതല്‍പുറ്റ് മൂടുകയാലാണ് രത്‌നാകരന് വാല്മീകി എന്ന പേര് ലഭിച്ചത്. കരുണയറ്റ ഹിംസയാണ് നിഷാദന്റെ ബുദ്ധിക്ക് ആര്‍ജ്ജവം നല്‍കുന്നതെങ്കില്‍, കാരുണ്യംകൊണ്ട് ക്ഷുബ്ധമായ ഹൃദയമാണ് വാല്മീകിയില്‍ കവിത പൂവണിയുവാന്‍ ഇടയാക്കിയത്. സ്‌നേഹഗായകനാണ് വാല്മീകി. ക്രൗഞ്ചത്തിനു വേണ്ടി കരഞ്ഞ വാല്മീകി, താരയ്ക്കും മണ്ഡോദരിക്കും സീതയ്ക്കും വേണ്ടി കരയുവാന്‍ തയ്യാറായവനാണ്. രാമായണത്തിലെ വാല്മീകി തന്നെയാണ് വേറൊരു രൂപത്തില്‍ കാളിദാസന്റെ ശാകുന്തളത്തില്‍ കണ്വനായി വരുന്നത്. വില്ല് കുലച്ച്, പറന്നു കളിക്കുന്ന ക്രൗഞ്ചത്തിലും ഓടി പോകുന്ന മാനിലും അമ്പ് എയ്തുകൊള്ളിക്കുവാന്‍ കഴിയുന്ന നിഷാദനേക്കാളും ദുഷ്യന്തനേക്കാളും ഒരു പടികൂടി കടന്നുപോകുന്നു, വില്ലൊടിച്ച രാമന്‍. വളയാത്ത വില്ലില്‍ ഇണക്കിവെയ്ക്കുന്ന ശക്തിയേറിയ ഞാണാണ് വില്ലിന് പ്രയോഗക്ഷമതയുണ്ടാക്കുന്നത്.


ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
നചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി


ഈ നിയമം ദേവനും ദേവിക്കും മാത്രമല്ല, സകല ജീവജാലങ്ങള്‍ക്കും ബാധകമാണ്. ഞാണേറ്റിയ വില്ലിലെ മുറുക്കം ആലിംഗനത്തിലമരുന്ന സകല ദമ്പതികളും അനുഭവിക്കുന്നതാണ്. ആ സന്ദര്‍ഭം പ്രക്ഷുബ്ധമാണെങ്കിലും പ്രേമാര്‍ദ്രതയാല്‍ ദ്വൈതം മറന്നുപോകുന്നതുകൊണ്ട് രതിക്രീഡയിലിരിക്കുമ്പോള്‍ ദുഃഖം അറിയുന്നില്ല. ഇവിടെയും ഭോഗലോലുപനായി വരുന്നത്  വൈശ്വാനരന്‍ തന്നെയാണ്. പതിയുടെ കാമാഗ്നിയില്‍ ഹോമിക്കപ്പെടുന്നത് പത്‌നിയും പത്‌നിയുടെ യാഗാഗ്നിയില്‍ എരിഞ്ഞടങ്ങുന്നത് പതിയുമാണ്. ആലിംഗനംകൊണ്ട് ലിംഗസമന്വിതനായ പതി പത്‌നിയില്‍ പ്രജാരൂപത്തില്‍ ഗര്‍ഭിതനായി ഭവിക്കുന്നു. അത് പ്രകൃതിയുടെ ആവശ്യമാണ്. പുത്രസര്‍ജ്ജനത്തില്‍ക്കൂടി ജീവജാലങ്ങളുടെ ലോകവാഴ്‌വ് നിലനില്‍ക്കണം. പുത്രഗര്‍ഭാധാന കര്‍മ്മം കഴിഞ്ഞാല്‍ പ്രകൃതിക്ക് ദേഹികളെ ആവശ്യമില്ല. ഉണ്ണാന്‍ ഉപയോഗിച്ച എച്ചിലിലപോലെ പിന്നെ വൃദ്ധദമ്പതികളെ വലിച്ചെറിയും. ഇങ്ങനെ തീരെ ഗൗരവമില്ലാത്ത വംശവര്‍ദ്ധനവിന്റെ സന്ദര്‍ഭത്തിലാണ്, ഈ ശരീരത്തില്‍ ചേതനാരൂപത്തിലിരുന്ന് മിന്നിമറയുന്ന ആത്മപ്രകാശത്തിന്റെ മഹിമയിലേക്ക് ഉണര്‍ന്നു ചെന്ന വാല്മീകി നിഷാദന്റെ വിശപ്പിനെയും അതിന്റെ പൂരണത്തെയും ദുഷ്ടമായി കണ്ടത്. ഋഷിയെ വേദനിപ്പിക്കുന്നതെന്തെന്ന് നിഷാദനരിയുന്നില്ല. ഇന്നും ലോകത്തിലെ തൊണ്ണൂറ് ശതമാനം ജീവജാലങ്ങളും നിഷാദനെപ്പോലെ വൈശ്വാനരന്റെ ഒരിക്കലും ശമനമില്ലാത്ത വിശപ്പിന് ഇന്ധനം തേടി വലഞ്ഞു കൊണ്ടിരിക്കുന്നു. കൈവിരലിലെണ്ണുവാന്‍ പോരുന്ന സ്‌നേഹ ഗായകര്‍ രാപ്പാടിയെപ്പോലെ നിഷാദബുദ്ധിയെ അപലപിച്ച് സ്‌നേഹ ഗരിമാവിനെ വാഴ്ത്തിപ്പാടുന്നു.


നിഷാദനും ക്രൗഞ്ചവും വാല്മീകി തന്നെയും ലൗകിക സത്യങ്ങളല്ലാതായിത്തീര്‍ന്നു. കാലത്തിന്റെ ഒഴുക്കില്‍ അവരൊക്കെ ദേഹം വെടിഞ്ഞു. എന്നിട്ടും വൈദേഹിയെ അവതരിപ്പിച്ചു പാടിയ വാല്മീകിയുടെ നാമം ഓര്‍മ്മിക്കപ്പെടുന്നു. എന്നല്ല, വൈദേഹിയായ സീത അനേകം കോടി ജനഹൃദയങ്ങളില്‍ ഒരു നിത്യസ്മരണയായി ജീവിക്കുന്നു. നശ്വരമായ ദേഹം, അനശ്വരമായ വിദേഹം (ആത്മാവ്). ഇതിനെ രണ്ടിനേയും ഓര്‍മ്മിപ്പിക്കുന്നതാണ് ആദികവി എഴുതിയ ആദ്യത്തെ ശ്ലോകം. ആവശ്യങ്ങളില്‍ കുടുങ്ങി കര്‍മ്മഭാരത്തില്‍ മുഴുകുന്നവന് ശാശ്വതമായ ഭൂമാവ് ലഭിക്കുകയില്ലെന്ന് വാല്മീകി നിഷാദനെ ഓര്‍മ്മിപ്പിക്കുന്നു. ക്രൗഞ്ചങ്ങള്‍ രത്യാനന്ദത്തില്‍ മോഹിതരായി ഇരിക്കുന്നതുകൊണ്ട് വിധിനിമിത്തം വരുന്ന അപകടം അറിയാതെ ക്രീഡിക്കുന്നു. നിഷാദന്റെ കൂരമ്പ് മിഥുനങ്ങളില്‍ ഒന്നിന് മരണവും മറ്റേതിന് വിരഹദുഃഖവും ഒന്നിച്ചു കൊടുക്കുന്നു. അതിനേക്കാള്‍ ക്രൂരതരമായ ഒരു കഥയാണ് വാല്മീകിക്ക് എഴുതേണ്ടി വന്നത്. കോതണ്ഡപാണിയായ രാമന്റെ നേര്‍ക്ക് അജ്ഞനായ ഒരു പ്രജ അയച്ച അപവാദശരമേറ്റിട്ട് രാമന്റെ ഭര്‍ത്തൃസ്ഥാനം നിഹനിക്കപ്പെടുന്നു. സീതയും രാമനും ഒരുപോലെ വിരഹദുഃഖം അനുഭവിക്കുകയും ചെയ്യുന്നു. വിരഹാര്‍ത്തയായ സീതയുടെ കണ്ണീരൊപ്പുവാന്‍, വാല്മീകി സവിധത്തിലുണ്ട്. എന്നല്ല ഗര്‍ഭവേദനകൊണ്ട് പിടയുന്ന ആ മകള്‍ക്ക് ലവകുശന്മാരെ  പ്രസവിച്ചുകൊള്ളുവാന്‍ തന്റെ തപോഗൃഹത്തെത്തന്നെ ഗര്‍ഭഗൃഹമാക്കി മാറ്റുവാനും വാത്സല്യധനനായ ആ മഹര്‍ഷിക്ക് ഒരു സങ്കോചവും തോന്നുന്നില്ല. ഭാരതചക്രവര്‍ത്തിയായിരുന്ന ശ്രീരാമചന്ദ്രന്റെ നിര്‍ദ്ദേശത്താല്‍ ബഹിഷ്‌കരിക്കപ്പെട്ട സ്ത്രീക്ക് അഭയം നല്‍കുവാന്‍ ഭീരുക്കളായ പ്രജകള്‍ക്ക് കഴിയുകയില്ല. അവിടെയാണ് പുരവാസികളെ വിട്ട് കാനനത്തില്‍ ജീവിക്കുന്ന ഒരു യതീന്ദ്രന്റെ ധീരമനസ്സ് അചഞ്ചലമായിരിക്കുന്നത്. നീതിക്കു വേണ്ടി രാജാവിനെയല്ല, ദൈവത്തെയും അവന്‍ നിഷേധിക്കും. വാല്മീകിയുടെ അറിവില്‍ ഊടായിരിക്കുന്നത് ശാശ്വതികതയെ ലക്ഷ്യമാക്കുന്ന ആത്മതത്ത്വവും പാവായിരിക്കുന്നത് സകല ജീവജാലങ്ങളെയും ആനന്ദത്തിലാഴ്ത്തുന്ന സ്‌നേഹഗരിമാവുമാണ്. നിഷാദന്‍ കര്‍മ്മബദ്ധനാണ്. വര്‍ത്തമാനത്തെപ്പറ്റിയാണ് അവന്റെ ചിന്ത. ഇന്ന്, ഇപ്പോള്‍, ഇവിടെ വിശപ്പു മാറണം. ക്രൗഞ്ചങ്ങളുടെ സ്ഥിതിയും അങ്ങനെ തന്നെ. അവര്‍ കാമാര്‍ത്തരാണ്. ശരീരം തമ്മില്‍ ഉരുമുമ്പോള്‍, ചുണ്ടുകള്‍ പിണയുമ്പോള്‍, കാമവിജൃംഭിതമായ ഹൃദയത്തിന്റെ അടക്കാനാവാത്ത സ്‌നേഹമഹിമാവ് കൂജനങ്ങളില്‍ കലരുമ്പോള്‍, മാത്രമേ അവര്‍ നിര്‍വൃതി അറിയുന്നുള്ളൂ. ഒരിടത്ത് ശരീരത്തിന്റെ വിശപ്പ്, ശരീരത്തിലോ മനസ്സിലോ അല്ല - ആത്മാവിലങ്കുരിക്കുന്ന സത്യവാഞ്ഛ. എല്ലാറ്റിനേയും എന്നേക്കുമായി പുല്‍കുന്ന പരമസ്‌നേഹത്തിനായുള്ള ദാഹം. ഇവിടെ ദ്വന്ദ്വങ്ങളായിട്ടു വരുന്നത് നൈമിഷികതയും ശാശ്വതികതയുമാണ്. നിഷാദന്‍ ക്രൗഞ്ചത്തെ എയ്തു വീഴ്ത്തുന്നിടത്തു തന്നെയാണ് ഋഷി നിന്നിരുന്നതെങ്കിലും കര്‍മ്മത്തെ തടയാന്‍ ഋഷിക്കു കഴിഞ്ഞില്ല. അതിനെ അപലപിക്കുവാനേ കഴിഞ്ഞുള്ളൂ. ഇങ്ങനെയുള്ളൊരു അനിവാര്യത സകല ജീവികളുടെയും ജീവിതപഥത്തെ പൊടുന്നനെ ബാധിച്ച്, അതിന്റെ ഒഴുക്കിന്റെ ഗതിയെ നൊടിയിടയില്‍ മാറ്റുന്ന ഒരു യാദൃച്ഛികതയുണ്ട്. അതാണ് ദൈവം. അതാണ് വിധി. ശകുന്തളയെ ദുഷ്യന്തന്റെ കൈയില്‍ ഏല്പിച്ചു കൊടുക്കുമ്പോഴും ആരുടെയും ജീവിതം മനുഷ്യഹസ്തത്തിലല്ല സുരക്ഷിതമായിരിക്കുന്നതെന്ന് കണ്വന് അറിയാമായിരുന്നു.


അസ്മാന്‍ സാധുവിചിന്ത്യസംയമധനാനുച്ചൈഃ കുലം ചാത്മനാ
ത്വയ്യസ്യാഃ കഥമപ്യബാന്ധവകൃതാം സ്‌നേഹപ്രവൃത്തിം ച താം
സാമാന്യ പ്രതിപത്തി പൂര്‍വകമിയം ദാരേഷു ദൃശ്യാ ത്വയാ
ഭാഗ്യായത്തമതഃ പരം, ന ഖലു തദ്വാച്യം വധൂബന്ധുഭിഃ.


കാളിദാസന്റെ ജ്ഞാതിശബ്ദത്തെ രാജാരാജവര്‍മ്മ 'പിന്നത്തെ യോഗമെല്ലാം വിധിഗതം അതിലീജ്ഞാതികള്‍ക്കില്ല ചോദ്യം' എന്നെഴുതിയിരിക്കുന്നതു കൂടുതല്‍ ഭംഗിയായി.


ഇത്രയും ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിന്റെ ഒരു പൂര്‍വാവലോകനമായി കാണുക.
ഗുരു നിത്യചൈതന്യയതിAbout Author

Nithya Chaithanya Yathi

Nithya Chaithanya Yathi

About Nithya Chaithanya Yathi