Close
Welcome to Green Books India
Sthraina Aathmeeyatha

Sthraina Aathmeeyatha

Author: Rosy Thambi

star

സ്‌ത്രൈണ ആത്മീയത

Add to Basket

Book By:Rosy Thambi

ഒറ്റവിരല്‍ തുമ്പില്‍ മനസ്സുന്‍ ശരീരവും ഒരുമിച്ചുകിളുര്‍ക്കുന്ന പ്രണയ കാലം. ഉടലിനെ കല്വരിയാക്കുന്ന ഗര്‍ഭ കാലം.ശരീരം ആത്മാവില്‍ വാതിലാവുന്ന വാഴ്വുകാലം,ഓരോകാലത്തിലും രൃതുക്കളെ തനുവിലാവാഹിച്ച് സ്വയം പ്രകൃതിയകുന്ന പെണ്ണിന്റെ പ്രകാശമുള്ള അത്മീയതയാണീ കുറിപ്പുകള്‍

No reviews found

സ്‌ത്രൈണ ആത്മീയത

സ്‌ത്രൈണ ആത്മീയത


നദിയോടൊപ്പം


കൊടുംകാട്ടില്‍ പെട്ടുപോയ ഒരാള്‍ പുറത്തേക്കുള്ള വഴി കണ്ടെത്തിയത് തന്റെ സഹജവാസനയിലായിരുന്നു. നദിയോടൊപ്പം സഞ്ചരിക്കുക. സരളമായിരുന്നില്ല ആ ധര്‍മ്മം. എന്നാല്‍ ക്ലേശകരമായ ആ യാത്രയുടെ ഒടുവില്‍ നദി രൂപപ്പെടുത്തിയ ഒരു വെള്ളാരംകല്ലുപോലെ അയാള്‍ പുലരിവെയിലില്‍ തിളങ്ങി നിന്നു. ചില അദൃശ്യ നീര്‍പ്രവാഹങ്ങളോടൊപ്പം സഞ്ചരിച്ച് ഹിംസാത്മകമായ തേറ്റകളെ ഉരച്ച് ഉരച്ച് സൗമ്യവും പ്രകാശപൂര്‍ണ്ണവുമായ ഒരു നിലനില്‍പ്പ് സാദ്ധ്യമാണെന്ന ചങ്കുറപ്പാണ് 'സ്‌ത്രൈണ ആത്മീയത'യുടെ കാതല്‍.


അകത്തും പുറത്തുമുള്ള ജലരാശിയെ തിരിച്ചറിയാനുള്ള ക്ഷണമാണിത്. ഭൂമിയുടെ സംസ്‌കാരങ്ങള്‍ എല്ലാംതന്നെ പുഴയോരത്താണ് ആരംഭിച്ചതെന്നും നിലനിന്നതെന്നും ഓര്‍മ്മിക്കണം. സംസ്‌കാരത്തിന് കര്‍പ്പൂരത്തിന്റെയോ, കുന്തിരക്കത്തിന്റെയോ ഒക്കെ പരിമളം ലഭിക്കുന്നതിന് വിളിക്കേണ്ട പദമാണ് ആത്മീയത. കള്‍ച്ചര്‍ എന്ന വാക്കിന്റെ വേരില്‍ പണിയായുധം എന്നൊരര്‍ത്ഥമുണ്ട്. നിരന്തരം ഉഴുത് ഉഴുത് ഒരാളുടെ ഉള്ളിലുണ്ടാകുന്ന അഗാധമായ ചില അടയാളങ്ങളാണത്. ജലമാണ് സംസ്‌കാരങ്ങളെയും മതങ്ങളെയും അഗാധമായി നിര്‍ണ്ണയിക്കുന്നതെന്ന് തോന്നുന്നു. എല്ലാ ആന്തരിക നിലനില്പുകളുടെയും ധ്യാനഭൂമികയിലൂടെ ചില പുണ്യതീര്‍ത്ഥങ്ങള്‍ ഒഴുകുന്നുണ്ട്. അത് ഗംഗയാവാം ജോര്‍ദാനാവാം... ഭൗതികമായി മരുഭൂമിയില്‍ പെട്ടുപോയ ഇസ്ലാമിന് അത് സംസം ഉറവയാകാം. ഇസ്ലാമിനെ കൂള്‍ റിലീജിയന്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു പുസ്തകം വായിച്ചു. മരുഭൂമിയുടെ പൊടിക്കാറ്റിലും, പൊരിവെയിലത്തും അഞ്ചുതവണ പാദം കഴുകി മുഖം തുടച്ച് തണലിലേക്കെത്തി നിസ്‌കരിക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന ഒരു മതം നിശ്ചയമായും ആ പേരര്‍ഹിക്കുന്നു. പൊതുവായ ചില ജലരാശികളെ തിരിച്ചറിയുന്നിടത്താണ് സ്‌ത്രൈണ ആത്മീയതയുടെ നിലനില്‍പ്പ്.


അകക്കണ്ണില്‍ തെളിയേണ്ട നദിയാണിത്. വിശുദ്ധനഗരിയില്‍നിന്ന് ഒഴുകുന്ന പുഴയെ വാഴ്ത്തുന്ന ഒരു ഹെബ്രായ സങ്കീര്‍ത്തനമുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ഏതാണ്ട് എല്ലാ പുരാതന നഗരങ്ങളും തന്നെ നദീതീരത്താണ്. ബാബിലോണില്‍ യൂഫ്രട്ടീസ്, ഈജിപ്തില്‍ നൈല്‍, റോമിന് ടൈഗ്രിസ്, ദില്ലിക്ക് യമുന... എന്നാല്‍ ജറുസലേമില്‍ നദിയില്ല. അതുകൊണ്ട് ആ പുണ്യപുരിയിലെ ഉപാസകര്‍ക്ക് കാണാത്ത ഒരു നദിയെ ധ്യാനിക്കേണ്ടതായി വന്നു. ചില നദികള്‍ അദൃശ്യമായിട്ടാണൊഴുകുന്നതോര്‍ക്കണം. ഒറ്റനോട്ടത്തില്‍ നനവോ തണുപ്പോ ഇല്ലായെന്ന് നിങ്ങള്‍ നിനച്ച ഒരാളെപ്പോലും ഒന്നു ഗൗരവമായി ശ്രദ്ധിക്കൂ. അഗാധങ്ങളില്‍ ഒരു പുഴ ഇപ്പോഴും ഒഴുകുന്നുണ്ടെന്നും, ചില നേരങ്ങളിലെങ്കിലും അയാളതില്‍ കുളിച്ചുകയറുന്നുണ്ടെന്നും വൈകാതെ നിങ്ങളറിയും! ആ അദൃശ്യനദിയെ ദൈവമെന്ന് വിശേഷിപ്പിക്കാന്‍ കഴിഞ്ഞതാണ് ധ്യാനത്തിന്റെ മൂന്നാംകണ്ണ്.


ദൈവം ഒരദൃശ്യ നദിയാണെങ്കില്‍ ആചാര്യന്മാര്‍ ദൃശ്യനദികളാണ്. നിങ്ങള്‍ക്കവരെ കാണാം, കേള്‍ക്കാം, തൊടാം. ഉദാഹരണത്തിന് ക്രിസ്തുവില്‍ സംഭവിച്ച ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കൂ. കൂടാരത്തിരുനാളിന്റെ ഒടുവിലത്തെ ദിനത്തില്‍ യേശു ഇങ്ങനെ വിളിച്ചു പറഞ്ഞു: ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍നിന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്ന് തിരുവെഴുത്തുകള്‍ അടയാളപ്പെടുത്തുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും. അമിത വ്യാഖ്യാനങ്ങള്‍കൊണ്ട് അഴകുകെടുത്താന്‍ പാടില്ലാത്ത ഒരു വചനമാണിത്. അവസാനകാലത്ത് രാമകൃഷ്ണപരമഹംസന്റെ നെഞ്ചില്‍നിന്ന് പാലൊഴുകിയിരുന്നുവെന്ന വര്‍ത്തമാനത്തെ ഇതോട് ചേര്‍ത്തുവായിക്കുക.


അത്തരം നനവുള്ള മനുഷ്യരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നവരുടെ ഉള്ളില്‍നിന്ന് ഒരു നദി രൂപപ്പെടുമെന്ന സുവിശേഷമാണ് സ്‌ത്രൈണ ആത്മീയത, ഭൂമിയോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ്പോള്‍ നിങ്ങളുടെ അടുക്കലേക്കെത്തുന്നവര്‍ക്ക് തണുപ്പും, നിങ്ങളിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കുറേക്കൂടി ശുദ്ധിയും ഉണ്ടാകുന്നു. ഫ്രാന്‍സിസ് ക്ലാരയോട് പറഞ്ഞതുപോലെ നിന്നെ കാണുമ്പോള്‍ എനിക്കു തോന്നുന്നു മനുഷ്യര്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലെന്ന്! അവിടെയാണ് ആത്മീയതയുടെ പരമപദം - നനവുള്ള നിര്‍മ്മല മനുഷ്യര്‍.


പെണ്ണായിരിക്കുന്നതിന്റെ ആനന്ദം ചിതറുന്ന, അഴകും, ആത്മാവുമുള്ള പത്തോളം കുറിപ്പുകളാണ് നമുക്ക് മുന്നില്‍. തലച്ചോറിനും ഹൃദയത്തിനും ഒരേപോലെ അന്നമാകുന്ന വിചാരങ്ങള്‍. സ്‌ത്രൈണ ആത്മീയത ബൗദ്ധികവും, യുക്തിഭദ്രവുമായിത്തന്നെ നിര്‍വ്വചിക്കപ്പെടുന്നുണ്ട് ഈ പുസ്തകത്തില്‍. സാന്ദ്രതയുള്ള ഒരു മതവിചാരമാണീ പുസ്തകത്തിന്റെ അകക്കാമ്പ്. മതത്തിന്റെ ശീലങ്ങളിലല്ല, ആചാര്യന്മാരുടെ ദര്‍ശനത്തിന്റെ ആഴങ്ങളിലാണ് പുസ്തകത്തിന്റെ ശ്രദ്ധ. സ്ത്രീപക്ഷത്തുനിന്ന് സംസാരിക്കാന്‍ ശ്രമിച്ച മിക്കവാറും പുസ്തകങ്ങളുടെ പ്രശ്‌നം, ഒരു ആന്റി-തിസിസ് കണക്കവര്‍ രൂപപ്പെടുത്തിയ ഭാഷയ്ക്ക് വല്ലാത്ത കയ്പും കാര്‍ക്കശ്യവും ഉണ്ടായിരുന്നു. ഈ പുസ്തകമാവട്ടെ അസാധാരണമായ സൗഹൃദത്തിലും ആദരവിലുമാണ് കുറിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീപക്ഷ വിചാരങ്ങള്‍ക്ക് രമ്യതയുടെയും ഹൃദയാലിവിന്റെയും ഒരു ഭാഷ ആവശ്യമുണ്ടെന്ന് പലരും മറന്നുപോയി. ധാര്‍ഷ്ട്യം കാണിക്കുന്ന സ്ത്രീയെ ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന വിധത്തില്‍ ക്രൂരമായ ഫലിതങ്ങളുണ്ടായി! സമവായത്തിന്റെയും പരസ്പരപൂരകത്വത്തിന്റെയും രമ്യഭാവമുണര്‍ത്തുന്ന സംവേദനമാണ് റോസിടീച്ചറിന്റേത്. അവരുടെ തന്നെ ഭാഷയില്‍ ഇരയും വേട്ടക്കാരനുമെന്ന ദ്വന്ദ്വത്തില്‍ കുരുങ്ങിക്കിടക്കുന്ന സ്ത്രീയും പുരുഷനുമെന്ന തടവറക്കിളികളെ വിമോചനത്തിന്റെ നീലാകാശത്തിലേക്കു വിരല്‍ചൂണ്ടുകയെന്ന ശ്രമകരമായ ഉത്തരവാദിത്വത്തിലേക്ക് ചില പ്രകാശമുള്ള ചുവടുകളാണ് ഈ പുസ്തകത്തിന്റെ വായനാനുഭവം.


ലോകം മുഴുവന്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് അവനവന്റെ ഉള്ളിലേക്കൊരിഞ്ച് പ്രവേശിക്കുകയെന്ന്, റില്‍ക്കെ. സ്വന്തം സ്വത്വത്തെ തിരിച്ചറിയുകയും സ്വയം അഭിനന്ദിക്കാന്‍ കഴിയുകയും ചെയ്യുകയാണ് ആരോഗ്യകരമായ ആത്മീയത. നിങ്ങള്‍ കാണുന്നവ കാണാന്‍ കഴിഞ്ഞ കണ്ണുകള്‍ എത്രയോ അനുഗ്രഹീതം, നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ കഴിഞ്ഞ കാതുകളും അതേപോലെ അനുഗ്രഹീതം തുടങ്ങിയ ക്രിസ്തുമൊഴികളില്‍ ആ പ്രസാദപരാഗങ്ങള്‍ ഉണ്ട്. നിറയെ ജാലകങ്ങളുള്ള ഒരു കത്തീഡ്രല്‍ പള്ളിപോലെയാണ് അവളുടെ നിലനില്‍പ്പ്. ഏറ്റവും ചെറിയ വെളിച്ചം പോലും അവളുടെ ഉള്ളില്‍ വീഴ്ത്തുന്ന അഭൗമവര്‍ണ്ണരാജികള്‍... വളരെ സ്വാഭാവികവും ജൈവികവുമായ അനുഭവങ്ങള്‍ക്കുപോലും ധ്യാനത്തിന്റെ മേഘക്കീറ് അവകാശമായിക്കിട്ടുന്നു.


പകുതിയോളം കുറിപ്പുകള്‍ അമ്മയാകുന്നതിന്റെ നേര്‍ ആഹ്ലാദം പ്രസരിപ്പിക്കുന്നവയാണ്. അവള്‍ ഹൃദയം കൊണ്ടും അവന്‍ ശിരസ്സുകൊണ്ടും ജീവിക്കുന്നുവെന്നാണ് പൊതുവെയുള്ള വിചാരം. അവളുടെ കാര്യത്തില്‍ അതല്ല ശരിയെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പെരുവിരല്‍ തൊട്ട് ഉച്ചിവരെ അവളൊരു ഗര്‍ഭപാത്രമാണെന്ന് തോന്നുന്നു. അങ്ങനെയാണ് കന്യക ഗര്‍ഭം ധരിക്കുകയെന്ന അപൂര്‍വ്വ ചാരുതയുള്ള കവിതയുണ്ടാകുന്നത്. വാത്സല്യമാണ് അവളുടെ സനാതനഭാവം. പാവയ്ക്കുപോലും പാല്‍കൊടുക്കുന്ന നിങ്ങളുടെ ചെറിയ മകളെ തെല്ല് മാറിനിന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാവുന്ന കാര്യമാണത്. ബുദ്ധയുടെ വിണ്ടുകീറിയ ചുണ്ടിലേക്ക് ആട്ടിന്‍പാല്‍ ഇറ്റുവീഴ്ത്തുന്ന സുജാതയെന്ന ഇടയബാലികയെ കാണൂ. അമ്മയെന്ന് പറയുമ്പോള്‍ ഒരു കുഞ്ഞിനെപ്പോലും തന്റെയുള്ളില്‍ വഹിക്കാത്ത ഒരു അല്‍ബേനിക്കാരിയായ വയോധികയെ മിക്കവാറും ഭാരതീയര്‍ ആദ്യമേ ഓര്‍മ്മിക്കുന്നതെന്തുകൊണ്ട്? നിങ്ങളെ ജ്ഞാനസനാതപ്പെടുത്തുവോന്‍ ദൈവം കരുതിവെച്ച പുരോഹിതയാണവള്‍. നമുക്കിനി എന്തു സംഭവിക്കുമെന്നാണവളുടെ ആധി. താപാഘാതത്തിലേക്ക് വലിച്ചെറിയപ്പെട്ട പൈതലിനെപ്പോലെ നിസ്സഹായരായി നന്മകള്‍ നിലവിളിക്കുന്നത് അവള്‍ക്ക് ഓര്‍ക്കാനേ കഴിയില്ല. അവളിലേക്ക് മടങ്ങുകയല്ലാതെ മാനവരാശിയുടെ മുന്നില്‍ വേറെ വഴികളില്ല. അതാണ് ആചാര്യന്മാര്‍ പറയുന്ന വീണ്ടും പിറവി. അമ്മയുടെ ഉദരത്തിലേക്കൊരു മടക്കയാത്ര സാദ്ധ്യമാണോയെന്നൊരു സന്ദേഹം വിവേകമതിയായ നിക്കേദേവൂസ് ഉയര്‍ത്തുന്നു. ക്രിസ്തു പുഞ്ചിരിക്കുന്നു - സാദ്ധ്യമാണ്, സാദ്ധ്യമാണ് നൂറുവട്ടം എന്ന അര്‍ത്ഥത്തില്‍...


തന്നിലേക്ക് വലിച്ചുകൊണ്ടുപോകുന്ന അനന്യമായ ആകര്‍ഷണം ജലത്തിനുണ്ട്. ഒന്നു പാദം നനയ്ക്കാനുള്ള മടിയേയുള്ളൂ. പിന്നെ പതുക്കെപ്പതുക്കെ വേദപുസ്തകത്തിലൊക്കെ പറയുന്ന കണക്ക്, അതുയര്‍ന്ന് പൊങ്ങി മുട്ടോളം, അരയോളം, തോളോളം... ഒടുവില്‍ നിങ്ങള്‍ക്ക് ജലസമാധി ഉണ്ടാകുന്നു. ആ അര്‍ത്ഥത്തില്‍, ചിലര്‍ക്കെങ്കിലും ഈ പുസ്തകം പ്രകാശമുള്ള ഒരാത്മീയതയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണ്. ബാക്കിയുള്ളതൊക്കെ ആ പരാശക്തി നിശ്ചയിച്ചുകൊള്ളട്ടെ.


സ്‌നേഹാദരവുകളോടെ,
ബോബി ജോസ് കപ്പൂച്ചിന്‍
About Author

Rosy Thambi

Rosy Thambi

About Rosy Thambi