Close
Welcome to Green Books India
Jalachaaya

Jalachaaya

Author: M.K.Harikumar

star

ജലച്ഛായ

Add to Basket

Book by M.K.Harikumar

ദിക്കറിയാതെ വന്നുകൂടിയ മഞ്ഞശലഭങ്ങള്‍ ജ്ഞാനം ശുശ്രൂഷ ചെയ്യാനായി തിടുക്കം കൂട്ടി ചിറകടിക്കുന്നതിനിടയില്‍ , അവ ഉതിര്‍ത്തിട്ട ക്രൈസ്തവ വചനങ്ങളുടെ ശൈത്യകാല പരാഗങ്ങള്‍ പ്രാര്‍ത്ഥനാ പൂര്‍‌വ്വം താഴേക്കു പതിച്ചുകൊണ്ടിരുന്നു . ആകാശങ്ങളിലൂടെ സം‌വേദനക്ഷമമായി , അവ മെല്ലെ പടര്‍ന്നു . ദൈവം പ്രാണനെ പാതാളത്തിന്റെ പിടിയില്‍നിന്ന് വീണ്ടെടുക്കുമെന്ന് അവ മൗനമായി ആമന്ത്രണം ചെയ്തു . വാകമര ചില്ലകള്‍ക്കിടയില്‍ നിന്ന് ദൈവികതയുടെ ആദ്യാനുഭവങ്ങള്‍ തേടി ആ ശലഭങ്ങള്‍ പൂക്കളോട് മന്ത്രിച്ചു ഇതല്ല ഇതല്ല . മലയാള നോവലിന്റെ പ്രകൃതിയെത്തന്നെ മാറ്റിമറിച്ചുകൊണ്ട് ഹരികുമാരിന്റെ രചന . സര്‍ഗ്ഗാത്മകതയുടെ വിസ്ഥോടനമാണ്‌ ജലച്ഛായ.

No reviews found

ജലഛായ

ജലഛായ

ജലഛായ മലയാളത്തില്‍ നിന്ന് ഒരു ലോകക്ലാസിക

Image title


ഒരു നോവലിസ്റ്റിന് സ്വന്തമായ ഒരു മാനിഫെസ്റ്റോ ഉണ്ടാകുമോ? അതായത്, അയാള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍, ജീവിതാദര്‍ശത്തിന്റെ പ്രത്യേകതകള്‍, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം എന്നിവ തന്റെ നോവലില്‍ സന്നിവേശിപ്പിച്ചുകൊണ്ട് ഒരു നോവലിസ്റ്റ് ഈ ലോകത്തോട് വിളിച്ചു പറയുന്നതെന്താണ്? അയാള്‍ ഒരു ജീവിത മാതൃക കാണിക്കാന്‍ മുതിരുകയില്ല. ഒരു ആദര്‍ശവാനെ ചൂണ്ടിക്കാണിച്ചുതരാന്‍ വിവരമുള്ള ഒരു നോവലിസ്റ്റും മുതിരുകയില്ല. നോവലിലെ കഥാപാത്രങ്ങള്‍, എഴുത്തുകാരന്റെ ആഗ്രഹമാകാം; അല്ലെങ്കില്‍ ഉള്ളില്‍ അമര്‍ന്നുപോയ ജീവിതമാകാം, ചിലപ്പോള്‍ എല്ലാം തോന്നലുകളായിരിക്കാം. ഇങ്ങനെയൊക്കെ ജീവിച്ചാല്‍ എല്ലാത്തിനും അര്‍ത്ഥമുണ്ടാകുമെന്ന് ചിന്തിക്കാന്‍ പാകത്തിലുള്ള ഒരു കഥാപാത്രത്തെ സമീപലോക നോവല്‍ സാഹിത്യത്തിലെ ഒരതികായനും സൃഷ്ടിച്ചിട്ടില്ല; അങ്ങനെ ചെയ്യുന്നവന് കാര്യവിവരമില്ലെന്നേ പറയാനാകൂ.

ജലഛായയിലും, അതുപോലെ, ഒരാദര്‍ശകഥാപാത്രമില്ല. ആദര്‍ശമുള്ള മനുഷ്യര്‍ എവിടെയുമില്ല. അതുകൊണ്ട് നോവലിനും അതുവേണ്ട. നോവല്‍ ഒരു ജീവിതസന്ദേശമല്ല; മറിച്ച് ജീവിതത്തെപ്പറ്റിയുള്ള പല വിചിന്തനങ്ങളും ആകുലതകളുമാണ് പങ്കുവയ്ക്കുന്നത്.

ജലഛായയുടെ പ്രധാനകഥാപാത്രമായ ലൂക്ക് ജോര്‍ജ് ഒരു വിശ്വാസിയല്ല; എന്നാല്‍ ഇയാള്‍ ബൈബിള്‍ ഇഷ്ടപ്പെടുന്നു. ക്രിസ്തുവിനെ സ്‌നേഹിക്കുന്നു. ദൈവത്തെപ്പറ്റി ചിന്തിക്കുന്നു. ജീവിക്കാന്‍ വേണ്ടിയെങ്കിലും, അയാള്‍ ക്രിസ്തുവിനെപ്പറ്റി തെരുവുകളില്‍ പ്രസംഗിച്ചു. അയാള്‍ ഒരേസമയം യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ ജീവിതത്തിലൂടെ കടന്നുപോകുന്നു. അയാള്‍ ചെയ്യാത്ത കുറ്റത്തിനു പലപ്പോഴും ശിക്ഷിക്കപ്പെടുന്നു. ആശുപത്രിയിലെ രോഗിക്ക് വെള്ളം കൊടുത്തതിന്, ലേഖനമെഴുതിയതിന്, കഥയെഴുതിയതിന് എല്ലാം അയാള്‍ ശിക്ഷിക്കപ്പെട്ടു. അതിനു ഉത്തരമില്ല. ഒന്നും നേരെയാക്കാന്‍ അയാള്‍ക്കാവില്ല. മറ്റുള്ളവരുടെ ജീവിതത്തെ നന്നാക്കാന്‍ വേണ്ടി അയാള്‍ കടല്‍തീരത്ത് ഒരു പട്ടിയെപ്പോലെ അലഞ്ഞു നടന്നു. പക്ഷേ, ആ കമിതാക്കള്‍ പരസ്പരം അകലുകയാണ് ചെയ്തത്. റോബര്‍ട്ട് ബ്രൗണിംഗ് ഒരു കവിതയില്‍ സൂചിപ്പിച്ചതുപോലെ, ലൂക്ക് ഒരു അന്ധവിശ്വാസിയായ നിരീശ്വരവാദിയാണോ? സത്യസന്ധനായ കള്ളനോ?

ലൂക്ക് ജോര്‍ജിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്ന ജോര്‍ദ്ദാനാണ് ഈ നോവല്‍ എഴുതുന്നതെന്ന് പറയാം. കാരണം, ജോര്‍ദ്ദാന്‍ നടത്തുന്ന അഭിമുഖമാണ് നമ്മുടെ മുമ്പിലുള്ളത്. ആ അഭിമുഖത്തിന് കാലാനുസൃതമായ തുടര്‍ച്ചയോ, ക്രമമോ ഒന്നുമില്ല. പക്ഷേ, അതില്‍ വലിയ സമസ്യകളും അവയെചൊല്ലിയുള്ള സങ്കടങ്ങളുമുണ്ട്. മനുഷ്യന്റെ ജീവിതം മാത്രമല്ല, ജീവിനുള്ളവയുടെയെല്ലാം മഹാ അസ്തിത്വ രഹസ്യങ്ങള്‍ക്ക് നേര്‍ക്ക് നിഷ്‌കാമിയായി നിസ്സഹായമായി കടന്നു ചെല്ലുന്ന ഒരു പ്രപഞ്ചാവബോധമുണ്ട്. ജോര്‍ദ്ദാന്‍ ഒരു നോവലെഴുമായിരിക്കും. എന്നാല്‍ അവരുടെ അഭിമുഖം തന്നെ ഒരു നോവലായി പരിണമിക്കുകയാണ്.

ജലഛായ ഏകമുഖമായ ഒരു ദര്‍ശനത്തെ ചൂണ്ടിക്കാണിക്കുന്നുവെന്ന് തോന്നുന്നില്ല. അത് ദര്‍ശനങ്ങളുടെയെല്ലാം ചരിത്രത്തിന്റെ കോട്ടവാതിലിനു മുന്നില്‍ നിന്ന് മറ്റൊരു ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കുകയാണ്. നോവലിസ്റ്റിന്റെ നവാദ്വൈതം എന്ന ദര്‍ശനത്തിന്റെ നാനാതരത്തിലുള്ള വീചികള്‍ ഇവിടെ അലയടിക്കുന്നുണ്ട്. നവാദ്വൈതം പഴയ അദ്വൈതമല്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അത് വസ്തുക്കളുടെയുള്ളിലെ, മനസ്സിനുള്ളിലെ, വാക്കുകള്‍ക്കുള്ളിലെ നിരന്തരമായ സ്വയം നിരാസത്തിന്റെയും നിര്‍മ്മാണത്തിന്റെയും ഒരേയൊരു ഭാവമാണ് അവതരിപ്പിക്കുന്നത്. അത് പുതിയ ഒരു അദ്വൈതമാണ്; അതായത് പുതിയ ഒരേയൊരു ഒഴുക്ക്. ഒരു ലക്ഷ്യമില്ല, എങ്ങും എത്തിച്ചേരാനില്ല. എന്നാല്‍ എങ്ങും നിശ്ചലമായിരിക്കാനും കഴിയില്ല.ഏകാന്തതയില്‍ നിന്ന് വാക്കുകള്‍ സ്വയം രക്ഷപ്പെടാനായി മറ്റ് വാക്കുകളുമായി കൂട്ടുപിടിക്കുകയാണെന്ന് ഹരികുമാര്‍ എഴുതിയിട്ടുണ്ട്. നവാദ്വൈതത്തിലേക്ക് എത്തണമെങ്കില്‍, ഉപനിഷത്ത്, വേദം, ഉത്തരാധുനികത, ഉത്തരഘടനാവാദം, സൗന്ദര്യചിന്തകള്‍, ഭാഷാ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയൊക്കെ പഠിക്കണമെന്ന് പറയുമ്പോള്‍ അതും ഒരു ഭാരമായിത്തോന്നാം. എന്നാല്‍ ജ്ഞാനകുതുകിക്ക്, കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതാവശ്യമാണ്. തത്ത്വചിന്തയും കലയും തമ്മിലുള്ള ഒരു കൂടിച്ചേരല്‍, അതിന്റെ വിവിധതലങ്ങളിലുള്ള സംഗീതാത്മകതജലഛായയ്ക്ക് ഒരു ആഗോള പ്രസക്തി നല്‍കുന്നുണ്ട്. കാരണം, മലയാളത്തില്‍ ഇതുപോലുള്ള വലിയ നോവലുകള്‍ ഉണ്ടായിട്ടില്ലല്ലോ. പിക്കാസോ ചിത്രം വരയ്ക്കുമ്പോള്‍, സ്ഥൂലമായി ഒന്നും തന്നെ കാണില്ല. വളരെ സൂക്ഷ്മവും ധ്വന്യാത്മകവുമായി വരയ്ക്കുകയാണ്. നോവലിനും ആ സാധ്യതയുണ്ട് എന്ന് ജലഛായ വ്യക്തമാക്കുന്നു. പലതും നോവലിസ്റ്റ് വളരെ ചെറിയ വാക്കുകളില്‍ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നോവലിസ്റ്റ് തന്നെ പറയുന്നതുപോലെ, ഇതൊരു വ്യാജലോകമാണ്. ആ അര്‍ത്ഥത്തില്‍ ജലഛായ ലോക നോവലില്‍ വ്യാജയാഥാര്‍ത്ഥ്യം അഥവാ സ്യൂഡോ റിയാലിറ്റി എന്ന ഷാങ്ങര്‍ (genre) സൃഷ്ടിച്ചിരിക്കുകയാണ്. ഒരു പുതിയ നോവല്‍ ശാഖയാണിത്. എന്താണ് ഈ വ്യാജ യാഥാര്‍ത്ഥ്യം?

ഇത് ജീവിതത്തിന്റെ നവാദ്വൈതപരമായ ഒരു മൗനമാണ്. ഒരു യാഥാര്‍ത്ഥ്യത്തെ വിവരിക്കുന്നതിനിടയില്‍, അതിനെ എഴുതപ്പെട്ട ഒരു രേഖയാക്കാന്‍ നോവലിസ്റ്റ് ചിലപ്പോഴൊക്കെ ശ്രമിക്കുന്നു. ഉറുമ്പുകളുടെ ജീവിതം പറയുമ്പോള്‍, ഉറുമ്പുകളുടെ വേദപുസ്തകം , ഉറുമ്പുകളുടെ യാത്ര  തുടങ്ങിയ വ്യാജ പുസ്തകങ്ങളില്‍ നിന്ന് ഉദ്ധരിക്കുന്നു. നോവലിസ്റ്റ് ഏത് വാസ്തവത്തെയും ഭാവനയെയും എഴുതപ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കമാക്കി മാറ്റുന്നു. അതുപോലെ എഴുതപ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കവും ശകലങ്ങളും തന്റെ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഹ്വാന്‍ റുള്‍ഫോ, സരമാഗോ തുടങ്ങിയവരുടെ കൃതികളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ലൂക്ക് ജോര്‍ജ്ജിന്റെ അവസ്ഥയെപ്പറ്റിയുള്ള ആഖ്യാനമാക്കി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. സര്‍പ്പങ്ങളുടെ കഥകളി അവതരിപ്പിക്കുമ്പോള്‍, അതിനെ എമ്മാനുവല്‍ ഭക്തയുടെ പുസ്തകവുമായി ബന്ധിപ്പിക്കുന്നു. പുസ്തകമേത്, ജീവിതമേത്, യാഥാര്‍ത്ഥ്യമേത് എന്ന സമസ്യയാണ് നോവലിസ്റ്റ് തൊടുത്തുവിടുന്നത്.

സര്‍പ്പങ്ങളുടെ കഥകളി നമ്മുടെ സംസ്‌കാരത്തിന് ഈ നോവലിസ്റ്റ് നല്‍കുന്ന ഒരു പുതിയ കലാരൂപമാണ്. ഇതിനു മുമ്പ് ഇങ്ങനെയൊരു കളിയെപ്പറ്റി കേട്ടിട്ടില്ല. നോവലില്‍ ആ കളിയുടെ മുഴുവന്‍ ചിട്ടകളും വിവരിക്കുന്നുണ്ട്. അതുമാത്രമല്ല, സര്‍പ്പകഥകളിക്കാരുടെ പരമ്പരാഗതമായ ആചാരങ്ങളും ജീവിതരീതിയും വിശ്വാസങ്ങളും നിരത്തുന്നു.


05

എം കെ ഹരികുമാര്‍


ഈ നോവലിലെ ഏതൊരു അദ്ധ്യായവും എന്നെ വിസ്മയിപ്പിച്ചു. കാരണം, അത് ഹരികുമാര്‍, ഒരു ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ യാഥാര്‍ത്ഥ്യത്തെ റദ്ദ് ചെയ്യുന്നു; പുതിയ അസ്തിത്വകണങ്ങള്‍ കണ്ടെടുക്കുന്നു. ഓരോ അധ്യായവും മനുഷ്യാസ്തിത്വത്തിന്റെ ഓരോ വന്‍കരയാണ്. ആത്മാവിന്റെ അന്തര്‍ലോകങ്ങളെ ജപിച്ചുവരുത്തുകയാണ്. കാഫ്കയുടെ അപ്രകാശിത കഥ, സര്‍പ്പങ്ങളുടെ കളി എന്നിവ , എന്റെ വായനയുടെ പരിമിതിവച്ചു കൊണ്ടുതന്നെ പറയുകയാണ്, ലോക നോവലില്‍ തന്നെ അത്ഭുതമായിരിക്കും. കാഫ്ക എഴുതിയ ഒരു കഥ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുന്നുവെന്ന് സങ്കല്‍പിക്കുക. സാഹിത്യലോകത്ത് വലിയൊരു അത്ഭുതമായിരിക്കില്ലേ അത്? ആ അത്ഭുതം തന്റെ അസാധാരണമായ സര്‍ഗാത്മക സിദ്ധികള്‍കൊണ്ട് ഹരികുമാര്‍ ഇവിടെ സാധ്യമാക്കിയിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍, കാഫ്കയുടെ ഏത് കഥയോടും കിടിപിടിക്കുന്ന ഒരു രചനയാണിത്. ചിലപ്പോള്‍ കാഫ്കയെപ്പോലും പിന്നിലാക്കുകയും ചെയ്യുന്നു. എന്താണ് ഈ കഥ സംവേദനം ചെയ്യുന്നത്? ഞാന്‍ ഈ ഭാഗം ഏഴ് തവണയെങ്കിലും വായിച്ചു. വ്യക്തിപരമായ അപര്യാപ്തതകളെപ്പറ്റി ബോധം നേടിയ ഇമ്മാനുവല്‍ എന്ന വ്യക്തി മറ്റാരും കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നു. അത് ഈ ഭൂമിയിലേക്ക് പിറക്കാന്‍ കാത്തു നില്‍ക്കുന്ന മനുഷ്യശിശുക്കളുടെ ശബ്ദമാണ്. ആ ശിശുക്കള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ആര്‍ക്കും പരിഹരിക്കാവുന്നതല്ല. ഇത് മനുഷ്യവ്യക്തിയുടെ ഉള്ളിലെ നിത്യമായ ആകാംക്ഷയുടെയും, ഉള്ളിലെ പെരുക്കുന്ന ചിന്തകളുടെയും ലോകമാണെന്ന് തോന്നുന്നു. ഓരോ വ്യക്തിയിലും പിറക്കാത്ത അനേകം വ്യക്തികളുണ്ടായിരിക്കാം. അവര്‍ എവിടേക്ക് പോകുന്നു? അവര്‍ ഏതോ ഗ്രഹത്തില്‍ നിന്ന് വരുന്നതാകാം. അവരെയെല്ലാം ജീവിക്കുന്ന മനുഷ്യന്‍, ഉടലിന്റെ ഉടമയായ മനുഷ്യന്‍ കൊന്നൊടുക്കുന്നു. ചിലപ്പോള്‍, അവരില്‍ ആരെയെങ്കിലും തന്നിലേക്കാവാഹിച്ച് വേറൊരു വ്യക്തിയായി രൂപാന്തരപ്പെടാം. അല്ലെങ്കില്‍ ഇങ്ങനെയും കാണാം: നമ്മളില്‍ മരണം പ്രാപിക്കുന്ന നിരവധി ആഗ്രഹങ്ങള്‍ , ആശകള്‍, തൃഷ്ണകള്‍ ഒക്കെയുണ്ടല്ലൊ? അവയ്ക്ക് ഹരികുമാര്‍ എന്ന നോവലിസ്റ്റ് ഒരാവിഷ്‌കാരം നല്‍കി എന്നു പറഞ്ഞാലും അധികമാവില്ല.മനഃശ്ശാസ്ത്രത്തിനോ, തത്ത്വചിന്തയ്‌ക്കോ, മതത്തിനോ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു ലോകമാണ് ഇവിടെ നോവലിസ്റ്റ് എഴുതുന്നത്. ഇതല്ലേ എഴുത്തുകാരന്റെ ധര്‍മ്മം? അയാള്‍ നമുക്ക് പുതിയ ലോകങ്ങളെക്കുറിച്ച് അറിവുതരുന്ന പ്രവാചകനാകണം.

ഭൂതകാലത്തെ വീണ്ടും കണ്ടെത്തേണ്ടതാണെന്ന് ഹരികുമാര്‍ എഴുതിയത് അടുത്തിടെ ഇന്റര്‍നെറ്റില്‍ വായിച്ചു. നമ്മള്‍ ചുമക്കുന്ന ഭൂതകാലം നമ്മുടേതാണോ എന്ന ആലോചന എത്ര അര്‍ത്ഥപൂര്‍ണ്ണമാണ്! ഒരു വിലയിരുത്തല്‍ മാത്രം കൊണ്ട് നാം തൃപ്തരാകാന്‍ പാടില്ല, ഭൂതകാലത്തിന്റെ കാര്യത്തില്‍, പലതരത്തില്‍ കൂട്ടിയും കുറച്ചും നോക്കേണ്ടതുണ്ട്. വീണ്ടും വീണ്ടും ആലോചിച്ചാല്‍, നേരത്തെ കണ്ടെത്തിയത് പലതും തെറ്റാണെന്ന് മനസ്സിലാകും. അതുകൊണ്ട് നമ്മെക്കുറിച്ചു തന്നെ ജാഗ്രതയോടെയിരിക്കാന്‍ പ്രേരണയുണ്ടാകുന്നു. മലയാള സിനിമാ ചരിത്രത്തിലെ രണ്ടു വലിയ താരങ്ങളാണല്ലോ നസീറും ഷീലയും. എന്നാല്‍ നോവലിസ്റ്റ് നസീര്‍, ഷീല എന്നിവരെയും അവരുടെ ബന്ധത്തെയും അപനിര്‍മ്മിച്ച് പുതിയൊരു ആത്മീയമാര്‍ഗം തിരയുന്നു. ഏതില്‍ നിന്നും അനുകൂലമായ തരത്തില്‍ വളം വലിച്ചെടുക്കാന്‍ മനുഷ്യനു കഴിയണം. എവിടെ നട്ടാലും ചരിത്രം മുളയ്ക്കുമെന്ന് അദ്ദേഹം എഴുതുന്നതുപോലെ തോന്നി. മുലയുത്സവം, കുരുമുളകു മരണങ്ങള്‍ എന്നിവയും ചരിത്രം എന്ന ഭൂഗോളത്തില്‍ പുതിയ വന്‍കരകള്‍ കണ്ടെടുക്കുന്നപോലെ അനുഭവപ്പെട്ടു. പരിചിതമായത് അപരിചിതമാവുകയാണ്; തിരിച്ചും.

മറ്റൊരു പ്രധാന സംഗതി, ജലഛായ പരോക്ഷമായി സൃഷ്ടിക്കുന്ന വിവാദമേഖലകളാണ്. കവി കുമാരനാശാന്‍ എന്ന് പറയുന്നില്ലെങ്കിലും കുമാരന്‍ എന്ന കവിയെ ചിലര്‍ ബോട്ടപകടത്തില്‍ കരുതിക്കൂട്ടി കൊല്ലുകയായിരുന്നുവെന്ന് എഴുതിവച്ചിട്ടുണ്ട്. അതുപോലെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ആയിരുന്ന അഴീക്കോടിനെ (സുകുമാര്‍ അഴീക്കോട്?) ചിലര്‍ ഗൂഢപദ്ധതിപ്രകാരം ചായയില്‍ വിഷം കലര്‍ത്തി വധിക്കുകയായിരുന്നെന്നും എഴുതിയത് ഫിക്ഷന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചാണെന്ന്,വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ബുദ്ധന്‍ ജനിച്ചിട്ടേയില്ലെന്നും രാമായണം എഴുതിയത് വാത്മീകിയല്ലെന്നും, വാത്മീകി എന്നത് ഒരു ഉപരിവര്‍ഗ സന്യാസി സംഘത്തിന്റെ പേരാണെന്നും ഫിക്ഷന്റെ ലീലയായി വ്യാഖ്യാനിക്കാവുന്നതാണ്. എഴുത്തുകാരന്‍ ചരിത്രത്തിന്റെയോ വ്യക്തിയുടെയോ പക്ഷത്തായിരിക്കണമെന്നില്ല, എപ്പോഴും. അയാള്‍ സൗന്ദര്യം നിര്‍മ്മിക്കാന്‍ എല്ലാവഴിയും നോക്കി എന്നിരിക്കും. സൗന്ദര്യമാണ് അയാളുടെ പ്രാണവായു. കസന്ദ് സാക്കീസ്, ക്രിസ്തുവില്‍ നിന്ന് സൗന്ദര്യമാണല്ലോ തേടിയത്. ദസ്തയെവ്‌സ്‌കി, ക്രിസ്തുവിനെ വിചാരണ ചെയ്യുന്നുണ്ടല്ലോ. ജോര്‍ജ് ഓര്‍വല്‍ സമകാലീന രാഷ്ട്രീയത്തെ ഏതെല്ലാം വിധത്തില്‍ അപഹസിച്ചു!

ഈ നോവലിന്റെ ഭാഷയാണ് മറ്റൊരു വലിയ ഈടുവയ്പ്. മലയാള നോവല്‍ ഇന്നുവരെ ആലോചിക്കാത്ത വഴികളിലൂടെ ജലഛായ കടന്നുപോകുന്നു. സ്ഥലകാലങ്ങളെയും കാറ്റിനെയും ശലഭങ്ങളെയും പുതിയ കലയുടെ നിര്‍മ്മിതിയില്‍ പങ്കുകൊള്ളിക്കുന്നു. ശലഭങ്ങള്‍, ഇതുപോലെ നവചാരുതയോടെ ആത്മീയ പ്രഭാവമാകുന്നത് ഒരിടത്തും വായിച്ചിട്ടില്ല. ഭാഷയുടെ ഗാന്ധര്‍വ്വമാണിവിടെ കാണാവുന്നത്. നമ്മുടെ ഗദ്യത്തിന്റെ ഏകവും മനോഹരവുമായ മുഖം ഇവിടെ ആവിര്‍ഭവിക്കുകയാണ്.
About Author

M.K.Harikumar

M.K.Harikumar

About M.K.Harikumar

നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍. 1962ല്‍ കൂത്താട്ടുകുളത്ത് ജനനം. കുറവിലങ്ങാട് ദേവമാതാ കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മംഗളം, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പത്രാധിപ സമിതിയംഗമായിരുന്നു. കൃതികള്‍: ആത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങള്‍, അഹംബോധത്തിന്റെ സര്‍ഗാത്മകത, കഥ ആധുനികതയ്ക്കു ശേഷം, പുതിയ കവിതയുടെ ദര്‍ശനം, അക്ഷരജാലകം, വീണ പൂവ് കാവ്യങ്ങള്‍ക്കു മുമ്പേ, നവാദ്വൈതം - വിജയന്റെ നോവലുകളിലൂടെ, ചിന്തകള്‍ക്കിടയിലെ ശലഭം, എന്റെ മാനിഫെസ്റ്റോ, എന്റെ ജ്ഞാനമുകുളങ്ങള്‍, സാഹിത്യത്തിന്റെ നവാദ്വൈതം. കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഗവേഷണ ഫെലോഷിപ്പ്, അങ്കണം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ എക്‌സ്പ്രസ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച മലയാളം കോളമിസ്റ്റായി തിരഞ്ഞെടുത്തു. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ താമസം.