Close
Welcome to Green Books India
Sodompapathinte Seshapathram

Sodompapathinte Seshapathram

Author: Vijayan Kodencheri

star

സോദോം പാപത്തിന്റെ ശേഷപത്രം

Out of stock.

book by Vijayan Kodencheri

അതീവ കാവ്യാത്മകയാണ് ഈ കൃതി. ബൈബിള്‍ ഭാഷയുടെ ധ്വനിഭംഗികള്‍ ശരിക്കും മോഹിപ്പിക്കുന്നതാണ്. സരളമായിരിക്കെ തന്നെ സൂക്ഷ്മതയും കൃത്യതയും നിറഞ്ഞ ശൈലി ഈ രചയിതാവില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മരുഭൂമിയുടെ ഭാവങ്ങളും ഗന്ധങ്ങളും ഒപ്പിയെടുത്തിരിക്കുന്നു ഈ കൃതി. ബൈബിളിലെ ചെറിയൊരു കഥയെ ദൈവശിക്ഷയുടെയും ദൈവാന്വേഷണങ്ങളുടെയും ഇതിഹാസമാക്കി മാറ്റുകയാണ് വിജയന്‍ കോടഞ്ചേരി.

No reviews found

സോദോംപാപത്തിന്റെ ശേഷപത്രം

സോദോംപാപത്തിന്റെ ശേഷപത്രം

ശരീരവേദം

ബൈബിള്‍ എക്കാലത്തും കലാകാരന്മാരുടെ വറ്റാത്ത നിധിപേടകമാണ്. ബൈബിളിനെ അടിസ്ഥാനമാക്കി ധാരാളം കലാസൃഷ്ടികള്‍ ഇപ്പോഴും പുറത്തുവരുന്നു. കേരളത്തിലും ഇത്തരം രചനകള്‍ ധാരാളം ഉണ്ടാവുന്നു. ബൈബിളിലെ പ്രധാന പ്രമേയങ്ങള്‍ക്കൊപ്പം ഉപകഥകളും സര്‍ഗാത്മക രചനകള്‍ക്ക് നിമിത്തമാവുന്നുണ്ട്. ഉപകഥകളാവുന്പോള്‍ കലാകാരന്‍റെ  ഭാവനയ്ക്കും വ്യാഖ്യാനങ്ങള്‍ക്കും കുറേക്കൂടി സാധ്യത തെളിയുന്നു. ബൈബിളില്‍ വേരാഴ്ത്തുന്പോള്‍ തന്നെ ആകാശത്തേയ്ക്ക് വളരെ ഉയരത്തില്‍ പടര്‍ന്നുകയറാന്‍ പറ്റും. ഇത്തരം രചനകള്‍ നടത്തുന്പോഴാണ് കലാകാരന്‍റെ ഭാവനയുടെയും ആര്‍ജ്ജവത്തിന്‍റെയും അളവ് വായനക്കാര്‍ക്ക് ബോദ്ധ്യപ്പെടുക. കലാസൃഷ്ടികള്‍ ഒരിക്കലും രചിക്കപ്പെട്ട കാലത്തിന്‍റെതു മാത്രമായിരിക്കില്ലല്ലോ.
 
ഒരേസമയം ഓര്‍മ്മയുടെ പല വിതാനങ്ങളിലൂടെ കലാകാരന്‍റെ മനസ്സ് ചരിക്കുന്നുണ്ട്. ഭൂതകാലത്തിലൂടെ ആഴത്തിലേയ്ക്ക് പോവുകയും ഓര്‍മ്മകളെ വര്‍ത്തമാനവുമായി ഘടിപ്പിച്ച് വരാന്‍ പോകുന്ന കാലത്തെ ഭാവന ചെയ്യുകയായിരിക്കും വലിയ കലാകാരന്മാര്‍ ചെയ്യുക.  ഇതിഹാസങ്ങളില്‍ നിന്നോ വേദങ്ങളില്‍ നിന്നോ ചെറിയൊരു കഥയോ സംഭവമോ സ്വീകരിച്ചുകൊണ്ട് ഒരു കലാസൃഷ്ടി നടത്തുന്പോള്‍ വര്‍ത്തമാന കാലത്തെ ഏത് ജീവിത പ്രശ്നത്തോടാണ് ആ കൃതി സംവദിക്കുക എന്നത് വലിയൊരു പ്രശ്നമാണ്, വെല്ലുവിളിയാണ്. പാരന്പര്യം ജീവിക്കുന്നു എന്ന് ബോദ്ധ്യപ്പെടണമെങ്കില്‍ ഈ രചനാപരമായ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കണം. ഇല്ലെങ്കില്‍ അത് മരവിച്ച രചനയായിത്തീരും. പഴയൊരു കഥ പുതിയ കാലത്തിന്‍റെ സങ്കീര്‍ണ്ണതകളെ അര്‍ത്ഥവത്തായി പ്രക്ഷേപണം ചെയ്യുന്പോള്‍ കൃതിയിലെ ഞരന്പുകളില്‍ ചോരോട്ടം നമുക്ക് തൊട്ടറിയാം. ബൈബിള്‍ കഥയെ അടിസ്ഥാനമാക്കി വിജയന്‍ കോടഞ്ചേരി എഴുതിയ 'സോദോംപാപത്തിന്‍റെ ശേഷപത്രം' എന്ന നോവല്‍ സാഹിത്യത്തിലെ വേറിട്ട രചനയാവുന്നതും അതുകൊണ്ടാണ്. സമാനതകള്‍ ഇല്ലാത്ത വിധം മികവു പുലര്‍ത്തുന്നുണ്ട് ഈ കൃതി. ലൈംഗികതയെ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് അശ്ലീലത്തിലേക്ക് വഴുതിപ്പോകും.
 
അഗമ്യഗമനവും സ്വവര്‍ഗ്ഗരതിയും തന്നെയാണ് ഈ കൃതിയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നതെങ്കിലും അതിന് ദാര്‍ശനിക മാനം നല്‍കുകയാണ് വിജയന്‍.  വിശദാംശങ്ങളിലെ മിതത്വം ലൈംഗിക വര്‍ണ്ണനകളെ അശ്ലീലത്തിലേക്ക് വീഴാതെയാക്കുന്നു. സര്‍ഗശോഭ കൂടുതലുള്ള കൃതിയാണിത്. ഇരുട്ടില്‍ അകപ്പെട്ടുപോവുക എന്നത് പല ജനതയും അനുഭവിക്കുന്ന പ്രതിസന്ധികളാണ്. ഈ കൃതി വ്യക്തികളുടെ കഥ എന്നതിനേക്കാള്‍ ജനതയുടെ കഥയാണ്.  ദൈവത്തിന്‍റെ ശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെടുന്പോള്‍ ഇരുട്ടിലൂടെ നിലവിളിച്ചുകൊണ്ട് ഓടാനേ അവനു പറ്റൂ. ഇരുട്ട് ഒത്തിരി പാപം ചെയ്യാന്‍ ജനതയെ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് സഞ്ചരിക്കാനും ജനതയ്ക്കു കഴിയില്ല. ഈ കൃതിയിലെ ലോത്ത് ആ വിധം വെളിച്ചത്തിലേയ്ക്ക് ശ്രദ്ധിക്കപ്പെട്ടവനാണ്.
 
കേരളീയ ജീവിതത്തില്‍ രതിയുടെ ആവിഷ്കാരങ്ങള്‍ മലിനമാവുന്ന കാലത്താണ് വിജയന്‍ കോടഞ്ചേരിയുടെ നോവല്‍ നമ്മള്‍ വായിക്കുന്നത്. അഗമ്യഗമനങ്ങള്‍ ഇത്രയ്ക്കു പെരുകിയ മറ്റൊരുകാലം മലയാളിയുടെ ഓര്‍മ്മയിലില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രത്യയശാസ്ത്രപരമായി അഗമ്യഗമനങ്ങള്‍ തന്നെയാണ് സംഭവിക്കുന്നത്. പിറക്കാന്‍ പാടില്ലാത്തത് പിറക്കുന്നു. അശ്ലീലത അതിന്‍റെ എല്ലാ മേഖലകളിലേയ്ക്കും പടരുന്നു. പുറത്തെ ജീര്‍ണ്ണതയേക്കാള്‍ എത്രയോ വലുതാണ് ആന്തരികജീര്‍ണ്ണത. അടഞ്ഞ ജീവിതങ്ങള്‍ വീടുകള്‍ക്കകത്തും പെരുകുകയാണ്. തുറസ്സുകളിലേയ്ക്ക് പോവാന്‍ മനുഷ്യന് കഴിഞ്ഞില്ലെങ്കില്‍ അവന്‍ മൃഗത്തേക്കാള്‍ മോശമാവും. ലൈംഗിക ജീവിതം മൃഗത്തേക്കാള്‍ മോശമാവുന്നതിന്‍റെ ചിത്രങ്ങള്‍ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
 
തന്‍റെ കുരുന്നു പെണ്‍കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയമാക്കുകയും പിന്നീട് കൊന്നുകളയുകയും ചെയ്യുന്നത് ഏത് മൃഗലോകത്താണ് സംഭവിക്കുക? അടഞ്ഞലോകത്ത് കാമം സദാചാരത്തെ കൈവിടുന്നതും നമ്മള്‍ കാണുന്നു. ഇതും ആന്തരിക ജീവിതത്തിന്‍റെ പ്രതിസന്ധിയോ ദാരുണതയോ ഒക്കെയാണ്. രതിജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അത്രമേല്‍ അപവിത്രമായി ത്തീരുകയാണല്ലോ. പൌരാണികലോകത്തും അങ്ങനെ സംഭവിച്ചതിന്‍റെ സാക്ഷ്യമാണ് ' സോദോംപാപത്തിന്‍റെ ശേഷപത്രം' എന്ന കൃതി. ഇതിന്‍റെ പാരായണം വലിയ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. ബി.സി. 2050നും ബി.സി. 1950നും ഇടയില്‍ ഇന്നത്തെ ട്രാന്‍സ് ജോര്‍ദ്ദാനില്‍ സംഭവിച്ചത് എന്ന് ബൈബിള്‍ പറയുന്ന കഥയാണ് ഈ നോവലിന് ആധാരം.
 
പാപികളുടെ നഗരത്തില്‍ അഗ്നിയും ഗന്ധകവും വര്‍ഷിക്കുന്നതിനു മുന്പായി നീതിമാനായ ലോത്തിനോടും കുടുംബത്തോടും രക്ഷപ്പെടാന്‍ കര്‍ത്താവ് കല്‍പ്പിച്ചു. ഏകാന്തമായ ബോലായിലെ കുന്നിനു മുകളിലുള്ള ഗുഹയില്‍ ലോത്തും അവന്‍റെ രണ്ട് പെണ്‍മക്കളും മാത്രമായി. ജൈവവാസനകളും പാപഭയവും അവരെ നിരന്തരം വേട്ടയാടി.  പാപത്തിനും ജൈവവാസനകള്‍ക്കും ഇടയ്ക്കുള്ള മനുഷ്യജീവിതത്തിന്‍റെ തീര്‍ത്ഥാടനമാണ് ഈ കൃതി. ബൈബിളിന്‍റെ ഭാവമേഖലകളെ ഉജ്ജ്വലമായിത്തന്നെ അനുഭവിപ്പിക്കാന്‍ വിജയന്‍ കോടഞ്ചേരിക്കു കഴിഞ്ഞിട്ടുണ്ട്.  ഉഷ്ണസ്വപ്നങ്ങളുടെ താഴ്വര എന്നത് ഈ നോവലിലെ ഒരു അദ്ധ്യായത്തിന്‍റെ പേരാണ്. ഈ നോവലിന്‍റെ സമഗ്രഭാവത്തെ ദ്യോതിപ്പിക്കുന്ന കല്പനയുമാണത്. വേദഗ്രന്ഥത്തില്‍ പറയുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ ഭ്രാന്തമായ രതി ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനം അസാധാരണമാണ്.
 
ഒന്നും സൃഷ്ടിക്കാത്ത രതിവൈകൃതത്തിന്‍റെ ചിത്രീകരണം വളരെ ഭ്രമാത്മകമാണ്. തര്‍ക്കത്തേയും പ്രത്യയശാസ്ത്രത്തേയും കുറിച്ച് ധാരാളം സൂചനകള്‍ നോവലിസ്റ്റ് നല്‍കുന്നുണ്ട്. സവിശേഷമായ മാനസിക ജീവിതത്തിന്‍റെ അപഗ്രഥനമാണ് പറുദീസയിലേക്കുള്ള പാതയിലുള്ളത്. സ്വവര്‍ഗ്ഗഭോഗ പ്രസ്ഥാനത്തിന്‍റെ നേതാവിനെ 'സോദോമിന്‍റെ പ്രത്യയശാസ്ത്രകാരന്‍' എന്നാണ് നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത്. അധീശത്വത്തിന്‍റെ ചെടിപ്പെടുത്തുന്ന അവസ്ഥ ഉജ്ജ്വലമായി ആവിഷ്ക്കരിച്ചിരിക്കുന്നു. തര്‍ക്കത്തില്‍ പരാജയപ്പെടുന്പോള്‍ പരാജിതന്‍ പ്രത്യയശാസ്ത്രപരമായും ശാരീരികമായും കീഴടങ്ങണം. അവന്‍ വിജയികളുടെ പ്രചാരകനാവണം. വര്‍ത്തമാനകാലത്ത് രാഷ്ട്രീയ ഭൂപടങ്ങളില്‍ ഇങ്ങനെയുള്ള ലോകം നമുക്കും പരിചിതമാവുകയല്ലേ?  സന്ദേഹി ക്രൂരമായിത്തന്നെ വേട്ടയാടപ്പെടുന്നു. രതി എന്നത് അറപ്പും വെറുപ്പും പേടിയും ഉത്പാദിപ്പിക്കുന്ന ഒന്നായി മാറുകയാണിവിടെ. തീര്‍ച്ചയായും രാഷ്ട്രീയമാനങ്ങളില്‍ ഈ ആഖ്യാനത്തെ വായിക്കാം. പാപ പുണ്യങ്ങള്‍ക്കിടയ്ക്ക് വിശ്രാന്തിയുടെ അന്വേഷണത്തിലും കണ്ടെത്തലിലുമാണ് നോവല്‍ അവസാനിക്കുന്നത്.
 
സന്ദേഹങ്ങളുടെയും തര്‍ക്കങ്ങളുടെയും അനിവാര്യതയാണ് നോവല്‍ ബോദ്ധ്യപ്പെടുത്തുന്നത്. ജീവിതം തളംകെട്ടിയ ജലം പോലെ ആവരുതെന്ന് ലോത്ത് പറയുന്നുണ്ട്. പുതിയ അനുഭവങ്ങള്‍തേടിയുള്ള യാത്ര മനുഷ്യനെ ഭാരരഹിതനാക്കും. ഈ തിരിച്ചറിവാണ് നോവല്‍ പങ്കുവെയ്ക്കുന്നത്. അതീവ കാവ്യാത്മകയാണ് ഈ കൃതി. ബൈബിള്‍ ഭാഷയുടെ ധ്വനിഭംഗികള്‍ ശരിക്കും മോഹിപ്പിക്കുന്നതാണ്. സരളമായിരിക്കെ തന്നെ സൂക്ഷ്മതയും കൃത്യതയും നിറഞ്ഞ ശൈലി ഈ രചയിതാവില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മരുഭൂമിയുടെ ഭാവങ്ങളും ഗന്ധങ്ങളും ഒപ്പിയെടുത്തിരിക്കുന്നു ഈ കൃതി. ബൈബിളിലെ ചെറിയൊരു കഥയെ ദൈവശിക്ഷയുടെയും ദൈവാന്വേഷണങ്ങളുടെയും ഇതിഹാസമാക്കി മാറ്റുകയാണ് വിജയന്‍ കോടഞ്ചേരി.
 

About Author

Vijayan Kodencheri

Vijayan Kodencheri

About Vijayan Kodencheri