Close
Welcome to Green Books India
Kesari Balakrishna Pilla - Keralathile Socrates

Kesari Balakrishna Pilla - Keralathile Socrates

Author: K. Balakrishnan

star

കേസരി ബാലകൃഷ്ണപിള്ള

Add to Basket

Book By K. Balakrishnan

നവോത്ഥാന കാലഘട്ടത്തിന്റെ തിളക്കമാര്‍ന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും . എന്നാല്‍ ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകനാണ് കേസരിയെന്ന് ജീവചരിത്രകാര‌ന്‍ അടയാളപ്പെടുത്തുമ്പോള്‍ മാത്രമെ അദ്ദേഹത്തിന്റെ അനുപമമായ വലുപ്പം നമുക്കൂഹിക്കാനാകു . കഷ്ടനഷ്ടങ്ങള്‍ നിറഞ്ഞ ഒരു ജീവിത പന്ഥാവിലും ചിന്തയുടെ വെളിച്ചം തേടിപ്പോയ കേസരിയെക്കുറിച്ചുള്ള ഈ പുസ്തകം വിശിഷ്യാ പുതിയ തലമുറയ്ക്കുവേണ്ടി എഴുതപ്പെട്ടതാണ് .

No reviews found

കേസരി ബാലകൃഷ്ണപിള്ള കേരളത്തിലെ സോക്രട്ട

കേസരി ബാലകൃഷ്ണപിള്ള കേരളത്തിലെ സോക്രട്ട


കേരളത്തിലെ സോക്രട്ടീസ്കേസരിയെ സോക്രട്ടീസായി പലരും വിശേഷിപ്പിച്ചിട്ടുണ്ട്. കുറ്റിപ്പുഴയും വിടിയുമെല്ലാം. ഇടശ്ശേരി, അക്കിത്തം എന്നിവരോടൊപ്പം മാടവനപ്പറമ്പില്‍ കേസരിയെ സന്ദര്‍ശിച്ചതിന്റെ അനുഭവം വി ടി ഭട്ടതിരിപ്പാട്   ഴുതിയപ്പോള്‍ നല്‍കിയ തലക്കെട്ട് 'കേരളത്തിലെ സോക്രട്ടീസ്' എന്നാണ്. ഈ പുസ്തകത്തിന്റെ പേരായി അത് സ്വീകരിക്കുകയാണ്. 
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേസരിയെ ആദ്യമായി കണ്ടത് - കേരള പാഠാവലിയില്‍ അന്ന് കേസരിക്കും സ്ഥാനമുണ്ടായിരുന്നു. സമുദായത്തിലെ വിഷം തീനികള്‍ എന്ന ഉജ്ജ്വലമായ പ്രബന്ധം. ആ പാഠത്തിലൂടെ ഒരു യഥാര്‍ത്ഥ വിപ്ലവകാരിയെ ആദ്യം കാണുകയായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം തലശ്ശേരിയില്‍ കേസരിയുടെ ഇരുപതാം ചരമവാര്‍ഷികം ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ വക ആചരിച്ചപ്പോള്‍ സംബന്ധിക്കാന്‍ കഴിഞ്ഞു. അതില്‍ കേസരിയുടെ ചരിത്ര ഗവേഷണങ്ങളും മറ്റും പണ്ഡിതമൂഢത്വത്തിന്റെ തെളിവാണെന്ന ആക്ഷേപത്തെക്കുറിച്ച്  അവസാനം പ്രസംഗിച്ച വിജയന്‍ മാസ്റ്റര്‍ അത്യന്തം വികാരാധീനനായി - കേസരി ഈ യുഗത്തിന്റെ ചിന്തകനല്ല, വരാനിരിക്കുന്ന യുഗത്തിന്റെ ചിന്തകനാണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്. 
ബിരുദപഠനത്തിന് കേസരിയുടെ രണ്ട് പുസ്തകങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. സാങ്കേതിക ഗ്രന്ഥനിരൂപണങ്ങളും കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങളും. ആ പുസ്തകങ്ങള്‍ പക്ഷേ, ലഭ്യമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ആ പുസ്തകങ്ങളിലെ ലേഖനങ്ങള്‍ കൂടി ഉള്‍പ്പെട്ട 'കേസരിയുടെ സാഹിത്യവിമര്‍ശനങ്ങള്‍' പുറത്തുവന്നു. പിന്നീട്, കേസരിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചു. കേസരിയുടെ അമ്പതാം ചരമവാര്‍ഷിക വേളയില്‍ തിരുവനന്തപുരത്ത് പ്രതിമാസ്ഥാപനം, പുതുതായി കണ്ടുകിട്ടിയ ലേഖനങ്ങളും കൂടി ചേര്‍ത്ത് സമ്പൂര്‍ണ സാഹിത്യവിമര്‍ശനത്തിന്റെ പ്രസാധനം, മലയാളത്തിലുള്ള ചരിത്ര ഗവേഷണങ്ങളുടെ പ്രസാധനം (നാല് വാള്യങ്ങള്‍) എന്നിവ യാഥാര്‍ഥ്യമായി. അതിലെല്ലാം എളിയ നിലയില്‍ ഭാഗഭാക്കാക്കാന്‍ കഴിഞ്ഞു. ഇംഗ്ലീഷിലുള്ള ചരിത്ര ഗവേഷണ ഗ്രന്ഥം കേരള സര്‍വകലാശാല പ്രസിദ്ധപ്പെടുത്തിയത് 2009 ലാണ്. കേസരി, പ്രബോധകന്‍ പത്രങ്ങളുടെ മുഴുവന്‍ ശേഖരവും കണ്ടെടുത്ത് പുരാരേഖാ വകുപ്പില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതും ഈ കാലയളവിലാണ്. 
എന്നാല്‍, 'കേസരി വരാനിരിക്കുന്ന യുഗത്തിന്റെ ചിന്തകനായി' ഇപ്പോഴും തുടരുകയാണ്. സ്‌ഫോടനാത്മകവും വിപ്ലവകരവും അത്യന്തം മാനുഷികവുമായ ആ ചിന്തയിലേക്ക് അധികമാളുകള്‍ ഇനിയും ശ്രദ്ധിച്ചുതുടങ്ങിയിട്ടില്ല. സ്‌കൂള്‍ - സര്‍വകലാശാലാ പാഠപുസ്തകങ്ങളില്‍ നിന്നും കേസരി പൂര്‍ണമായും ഒഴിച്ചുനിര്‍ത്തപ്പെട്ടിരിക്കുകയുമാണ്. 
കേസരിയുടെ നൂറ്റിരുപത്തഞ്ചാമത് ജന്മവാര്‍ഷികമാണിത്. ഈ അവസരത്തില്‍ കേസരിയുടെ ചിന്താ ലോകത്തേക്ക് പുതിയ തലമുറയിലെ വായനക്കാരെയും വിദ്യാര്‍ഥികളെയുമെല്ലാം ആകര്‍ഷിക്കുന്നതിന് അവര്‍ക്കൊരു 'പ്രവേശക'മായി  സഹായകമാകാന്‍ ഒരു പുസ്തകം - അതാണ് ഈ പുസ്തകം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഇതൊരു സമ്പൂര്‍ണ ജീവചരിത്രമല്ല, സമ്പൂര്‍ണ പഠനവുമല്ല - കേസരിയിലേക്ക് ഒരു ചൂണ്ടുപലക മാത്രമാണ്. 


 കെ ബാലകൃഷ്ണന്‍
About Author

K. Balakrishnan

K. Balakrishnan

About K. Balakrishnan