Close
Welcome to Green Books India
Choravarakal

Choravarakal

Author: Rajeev G.Idava

star

Add to Basket

Book By Rajeev G. Idava

കാര്‍ഗില്‍ യുദ്ധം ഭയവും അസ്വസ്ഥതയും നടുക്കവും അനുനിമിഷം നിറഞ്ഞു നില്‍ക്കുന്ന കാശ്മീര്‍ താഴ്വരകള്‍ . അവിടെ എണ്ണമറ്റ ദുരന്തങ്ങള്‍ക്കു സാക്ഷിയായ ഒരു സൈനികന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകമാണ് � ചോരവരകള്‍ � . കൈകാല്‍ നഷ്ടപ്പെട്ടവര്‍ , ശിരസ്സറ്റവര്‍ , നെഞ്ചുതകര്‍ന്നവര്‍ , ചെവികളിലൂടെ രക്തം ചീറ്റുന്നവര്‍ , കണ്ണുകള്‍ തകര്‍ന്നവര്‍ , മുഖം വികൃതമായവര്‍ , അവര്‍ക്കിടയില്‍ ഇനിയും ജീവ‌ന്‍ അവശേഷിക്കുന്നവരെ തേടി പരക്കം പായുന്ന ഡോക്ടര്‍മാരും അസിസ്റ്റന്റുമാരും ���. ഇതൊരു ഓര്‍മ്മ പുസ്തകമാണ്.മലയാള സാഹിത്യത്തില്‍ ആരും ഇന്നേവരെ എഴുതാത്ത ചോരവരകള്‍ രാജീവിന്റെ പട്ടാളക്കഥകളില്‍ നിറയുകയാണ് .

No reviews found

ചോരവരകള്‍'

ചോരവരകള്‍'


കാര്‍ഗില്‍ യുദ്ധവും ചോരവരകളും


Image title

എണ്ണമറ്റ ജീവിത ദുരന്തങ്ങള്‍ക്കു സാക്ഷിയായ ഒരു സാധാരണ സൈനികന്റെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം അനാവരണം ചെയ്യുന്ന പുസ്തകമാണ് ''ചോരവരകള്‍''. ഇതൊരു ഓര്‍മ്മപ്പുസ്തകമാണ്
.ഭയവും അസ്വസ്ഥതയും നടുക്കവും അനുനിമിഷം നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യാ ഭൂപടത്തിന്റെ താഴ്‌വരകള്‍. പാക്കിസ്ഥാനും ചൈനയും ബംഗ്ലാദേശും പങ്കിടുന്ന കിലോമീറ്ററുകള്‍ നീണ്ട അതിര്‍ത്തികളില്‍ നിലകൊള്ളുന്ന ഒരു സൈനികന്റെ അസ്വസ്ഥമായ മനസ്സ് നാം വായിച്ചെടുക്കുകയാണിവിടെ. തന്റെ സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന് സ്വയം വെടിയുണ്ടയ്ക്കിരയാകുന്ന സൈനികന്റെ കഥകള്‍ നാം എപ്പോഴും വര്‍ത്തമാനപത്രങ്ങളില്‍ വായിക്കുന്നില്ലേ? ആ ഭയാനകമായ അസ്വസ്ഥത തന്നെയാണ് ഈ അനുഭവങ്ങളില്‍നിന്നും നാം വായിച്ചെടുക്കുന്നത്.


പട്ടാളക്കഥകള്‍

പട്ടാളക്കഥകള്‍ പകര്‍ന്നുതന്ന കോവിലന്റെയും പാറപ്പുറത്തിന്റെയും നന്തനാരുടെയും പിന്‍ഗാമിയായിട്ടുതന്നെയാണ് രാജീവ് ജി. ഇടവ എന്ന എഴുത്തുകാരന്‍ മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനയും പാക്കിസ്ഥാനുമായി പതിറ്റാണ്ടുകള്‍ക്കു മുമ്പ് പയറ്റിയ ഒരു യുദ്ധതന്ത്രമല്ല രാജീവിന്റെ പുതിയ മില്ലേനിയത്തിന്റെ പട്ടാളക്കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതിര്‍ത്തിക്കപ്പുറത്ത് ജിഹാദിനുവേണ്ടി യുദ്ധം ചെയ്യുന്ന തീവ്രവാദികളെ സൃഷ്ടിക്കുക, മഞ്ഞണിഞ്ഞ മാമലകളിലൂടെ അവര്‍ ആയിരങ്ങളായി നുഴഞ്ഞു കയറി അതിര്‍ത്തികള്‍ കടക്കുക -  അങ്ങനെ അതിവിദഗ്ദ്ധമായി നുഴഞ്ഞുകയറിയ വ്യൂഹത്തെ തുരത്താന്‍ നമ്മുടെ സൈനികര്‍ക്ക് ഒരു കടുത്ത യുദ്ധംതന്നെ ചെയ്യേണ്ടി വന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പൊലിഞ്ഞു വീണത് ആയിരങ്ങള്‍. ഇതൊരു ഭരണകൂടത്തിന്റെ ജാഗ്രതയുടെ കുറവും അശ്രദ്ധയുമായി നമുക്ക് വ്യാഖ്യാനിക്കാം. പക്ഷേ, തീപാറുന്ന സംഘട്ടനങ്ങള്‍ക്കിടയിലെ ചോരവരകളും അസ്വസ്ഥമായ മനസ്സും ഇവിടെ അനാവരണമാകുന്നു. ഈ പുസ്തകത്തിന്റെ ഹൃദയം കാര്‍ഗില്‍ യുദ്ധത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. 


കാര്‍ഗില്‍ യുദ്ധം

''അയല്‍രാജ്യത്തെ തച്ചുടയ്ക്കാന്‍ ആവേശത്തിന്റെ കടലിരമ്പുകയായിരുന്നു ഉള്ളില്‍. ഞങ്ങളെ അത്യധികം ആവേശഭരിതരാക്കിയതും നെഞ്ചിലൊരു ഉന്മാദം പടര്‍ത്തിയതും യാത്രയാക്കാന്‍ വന്ന ഹൈദ്രാബാദിലെയും സെക്കന്ദരബാദിലെയും ജനങ്ങളാണ്. ചില സംഘടനകള്‍ ഞങ്ങള്‍ക്ക് ആഹാരത്തിന്റെ കിറ്റുകള്‍ തന്നു. മറ്റു ചിലര്‍ ഫ്രൂട്ട്‌സ് കൂടകള്‍ തന്നു. ഇന്ത്യന്‍ ആര്‍മിക്ക് അവര്‍ ജയ് വിളിച്ചു. ക്ഷേത്രങ്ങളില്‍നിന്നും മസ്ജിദുകളി

ല്‍നിന്നും ജപിച്ചു വാങ്ങിയ ചരടുകള്‍ ഞങ്ങളുടെ കയ്യില്‍ കെട്ടി.... ഞങ്ങളുടെ കണ്ണുകള്‍ തുളുമ്പി.'' എന്നാല്‍ യുദ്ധത്തിന്റെ ദയനീയവും തീവ്രവുമായ ചിത്രം ഇങ്ങനെയാണ്. ''മലമുകളില്‍നിന്ന് ഇറങ്ങിവരുന്നിടത്ത് വന്നുപോകുന്ന ആംബുലന്‍സുകള്‍. ചോരനിറമാര്‍ന്ന സൈനികരെ സ്ട്രച്ചറിലും തോളിലുമെടുത്ത് ആംബുലന്‍സുകളിലേക്ക് കയറ്റുകയാണ്. അടിവയറ്റില്‍നിന്നൊരു സങ്കടഗോളം. അതു പേശികളിലാകെ പടര്‍ന്നുപിടിച്ചു. കൈകാല്‍ നഷ്ടപ്പെട്ടവര്‍, ശിരസ്സറ്റവര്‍, നെഞ്ചുതകര്‍ന്നവര്‍, അടിവയര്‍ പിളര്‍ന്നവര്‍, ചെവികളിലൂടെ രക്തം ചീറ്റുന്നവര്‍, കണ്ണുകള്‍ തകര്‍ന്നവര്‍, മുഖം വികൃതമായവര്‍. അവയ്ക്കിടയില്‍ ഇനിയും ജീവന്‍ അവശേഷിക്കുന്നവരെ തേടി പരക്കം പായുന്ന ഡോക്ടര്‍മാരും അസിസ്റ്റന്റുമാരും... അതിര്‍ത്തിയില്‍നിന്നു മടങ്ങുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവരില്‍ പലരും ഉണ്ടായിരുന്നില്ല. യൂണിറ്റിലെ പതിനഞ്ച് സൈനികരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഞങ്ങളെ പിടിച്ചുലച്ചത്. എങ്ങനെയാണ് കാര്‍ഗില്‍ യുദ്ധം മറക്കുക?''
മലയാള സാഹിത്യചരിത്രത്തില്‍ ആരും ഇന്നേവരെ എഴുതാത്ത ചോരവരകള്‍ രാജീവിന്റെ പട്ടാളക്കഥകളില്‍ നിറയുകയാണ്. 


പ്രകൃതിയുടെ മായാക്കാഴ്ചകള്‍
ഏതു നിമിഷവും വന്നെത്താവുന്ന ഒരു സ്‌ഫോടനത്തില്‍ വിരിയുന്ന അഗ്നിഗോളവും ചിതറുന്ന ലോഹക്കഷണങ്ങളും കത്തിക്കരിഞ്ഞ മാംസക്കഷണങ്ങളും. മൃത്യു വാ പിളര്‍ന്നു നില്‍ക്കുമ്പോഴും എഴുത്തുകാരനായ സൈനികന് കാശ്മീരിന്റെ അതി ഹൃദ്യമായ സൗന്ദര്യം പകര്‍ത്താതിരിക്കാനാവില്ല. 
താനിടപഴകിയ സിക്കിം, ഹിമാചല്‍പ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളിലെ സൗന്ദര്യം അതീവഹൃദ്യമാണ് എന്ന് രാജീവ് അടയാളപ്പെടുത്തുന്നു. മലകളും ഗര്‍ത്തങ്ങളും കൊണ്ട് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന ദമാള്‍ ഹാജിപ്പുര, മഞ്ഞുസ്പര്‍ശവുമായി വന്നകാറ്റും വനത്തില്‍ നിന്നും നദികളി
Image title
ല്‍നിന്നും പരസ്പരം പുണര്‍ന്നെത്തുന്ന കാറ്റും കൈകോര്‍ത്ത് ഒരു ശീതീകരണ മുറിപോലെ ദമാള്‍ ഹാജിപ്പുര. പിന്നെ ആകാശം ചുംബിച്ചുനില്‍ക്കുന്ന മലകളും ഉച്ചിയിലെ വെള്ളപ്പരവതാനി വിരിച്ച മഞ്ഞും ഫിറിന്‍ ധരിച്ച ചുവന്നു തുടുത്ത കാശ്മീരികളും. 
ഈ അപൂര്‍വക്കാഴ്ചയാണ് പ്രകൃതി സൈനികനായി അവിടെ ഒരുക്കിവച്ചിരിക്കുന്നത്. വനവും കാട്ടാറുകളും കൊണ്ട് മനോഹരമായൊരിടം. എന്നാല്‍ തങ്ങളെ വിസ്മയപ്പെടുത്തിയത് പറക്കുംതളികപോലൊരു മലയായിരുന്നു എന്ന് രാജീവ് എഴുതുന്നു. അതിന്റെ സൗന്ദര്യം ആകൃതി എന്നിവ വിവരണാതീതമാണ്. പ്രകൃതിയുടെ ആ കരവിരുതില്‍ എഴുത്തുകാരന്‍ കണ്ണും മിഴിച്ച് നില്‍ക്കുകയാണ്. 


സത്‌ലജ് നദിയില്‍ പാലം പണിയുന്നവര്‍

എന്നാല്‍ അവര്‍ അഗാധമായ സത്‌ലജ് നദിയില്‍ പാലംപണിയുന്ന വീരജവാന്മാരാണ്. ജീവിതവും മരണവും കൈകോര്‍ത്തുനില്‍ക്കുന്ന അവരുടെ ഓരോ നിമിഷവും പ്രവചനങ്ങള്‍ക്കതീതമാണ്.ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന സത്‌ലജ് നദിക്കുമുകളില്‍ പാലമുയര്‍ത്താന്‍ നിയോഗിക്കപ്പെട്ടവരുടെ കഥപറയാന്‍ വിധിക്കപ്പെട്ടവനാണ് രാജീവ്. ജലനിരപ്പില്‍നിന്ന് 1869 ഉയരത്തില്‍ ഒരു പാലം. കുത്തിയൊലിക്കുന്ന നദിയില്‍ ഒരു താങ്ങുമില്ലാതെ വടങ്ങള്‍കൊണ്ട് ഉരുക്കുപ്ലേറ്റുകള്‍ വലിച്ചുകെട്ടിയുള്ള കഠിനമായ നിര്‍മ്മാണം. അവസാനത്തെ ഉരുക്കുപ്ലേറ്റ് ബന്ധിപ്പിക്കുമ്പോള്‍ മധ്യഭാഗം രണ്ടായിപിളര്‍ന്ന് ജവാന്മാര്‍ സത്‌ലജിലേക്കു കുതിച്ചു. 33 പേരുടെ ജീവന്‍ പൊലിഞ്ഞു. ഓര്‍മ്മയ്ക്കായി നദിക്കരയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഒരു സ്മാരകമവിടെ നിലകൊള്ളുന്നു.  


പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍

ഇങ്ങനെ ചോരയും കബന്ധങ്ങളും ഉടനീളം നിറയുന്ന പുസ്തകത്തിന്റെ രണ്ടാംഭാഗമെന്ന് വിശേഷിക്കപ്പെടുന്ന ഭാഗം പാര്‍ശ്വവത്കരിക്കപ്പെട്ടകാശ്മീര്‍ താഴ്‌വരയിലെ ജനങ്ങള്‍ക്കായി സമര്‍പ്പണം ചെയ്യപ്പെട്ടതാണ്. ശവവേട്ട, 3നമ്പര്‍ഗലി, ഗുജര്‍, ഇരുണ്ട ബാരക്കിലെ പെണ്‍ജീവിതം എന്നിവ അതീവ ഹൃദ്യവും തീവ്രവുമായ ലിഖിതങ്ങളാണ്. 


ഈ സമാഹാരത്തിന്റെ ഉപസംഹാരം അമ്മയും യുദ്ധവുമെന്ന ആത്മസ്പര്‍ശിയായ ഒരു കഥനത്തില്‍ അവസാനിക്കുന്നു. രാജീവിന്റെ തൂലികയ്ക്കുമുമ്പില്‍ മനസ്സു കുനിയുന്നു. ഒപ്പം അടര്‍ന്നുവീഴുന്ന ഒരിറ്റു കണ്ണുനീരും.

 കൃഷ്ണദാസ്‌
About Author

Rajeev G.Idava

Rajeev G.Idava

About Rajeev G.Idava

കഥാകൃത്ത്, നോവലിസ്റ്റ്. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ജനനം. അച്ഛന്‍ ഗോപിനാഥന്‍ നായര്‍. അമ്മ സുകുമാരി നായര്‍. പഠനത്തിനിടയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കൊല്ലം ജില്ലയിലെ പരവൂരില്‍ താമസം. പുരസ്‌കാരങ്ങള്‍: തകഴി അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ ജന്മശതാബ്ദി കഥാപുരസ്‌കാരം, അങ്കണം ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം, കേരളസംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ തകഴി അവാര്‍ഡ്, സി.വി.ശ്രീരാമന്‍ സ്മാരക കഥാപുരസ്‌കാരം, അറ്റ്‌ലസ് കൈരളി സാഹിത്യ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരം.