Close
Welcome to Green Books India
KAVITHAGRAHAM

KAVITHAGRAHAM

Author: Narayanan Kottapurath

star

കവിതാഗ്രഹം

Out of stock.

book by Narayanan Kottapurath

നാരായണന്‍ കൊട്ടാപ്പുറത്ത് എന്ന പേരില്‍ എഴുതുന്ന ഈ പഴയ പോലീസുകാരന് കവിതയുണ്ട് എന്ന് ഞാനറിഞ്ഞിരുന്നില്ല. ജോലിയില്‍നിന്ന് വിരമിച്ച് സ്വസ്ഥമായി കഴിയുന്ന നാരായണന്‍കുട്ടിയില്‍ ഉറങ്ങിക്കിടന്ന കാവ്യവാസന ഇപ്പേള്‍ മുളപൊട്ടി ഇലവിരിഞ്ഞു കാണുന്നതില്‍ സന്തോഷമുണ്ട്. ഇത്തിരി ദാര്‍ശനികതയിലേക്ക് ചെരിഞ്ഞു നിക്കുന്ന ഈ കവിതകള്‍ മുഴുവനും അര്‍ത്ഥ സമ്പുഷ്ടമാണ്, ലളിതവുമാണ്. മാത്രമല്ല ഈ കവിതകള്‍ക്ക് ലക്ഷമുണ്ട്; ധാര്‍മികതയിലൂന്നിയ ലക്ഷ്യബോധം. - മാടമ്പ് കുഞ്ഞുകുട്ടന്‍

No reviews found

കവിതാഗ്രഹം

കവിതാഗ്രഹം


ആഗ്രഹങ്ങള്‍ സാധിക്കട്ടെ 


ആര്‍ഷ സമ്പ്രദായം അനുസരിച്ച് കവി ഋഷിയാകുന്നു. ഋഷിയല്ലാത്തവന്‍ കവിയല്ല എന്ന വചനമുണ്ട്. താമരോത്ഭവനായ ബ്രഹ്മദേവനും വാല്മീകത്തിലുണര്‍ന്ന ആദി കവിയും ദ്വീപില്‍ പിറന്നുവീണ വ്യാസഭഗവാനും സൃഷ്ടികര്‍മ്മത്തിന്റെ സനാതന ചൈതന്യമാകുന്നു. വിശ്വചേതന അവരില്‍ക്കൂടി സ്പന്ദിച്ചു. തല്‍ഫലമായി അപൗരുഷേയമായ വേദം മാനവരാശിക്കു ലഭിച്ചു. അതാണ് ആദ്യത്തെ കവിത. പ്രാചീന ഋഷികള്‍ ദര്‍ശിച്ച ശാശ്വതസത്യങ്ങളാണ് അവ. കവിത-സാഹിത്യം വിദ്യയാകുന്നു എന്നു താല്പര്യം.

 കവിതയ്ക്ക് ആത്മാവും ശരീരവും ഉണ്ട്. ആത്മാവിന് - ജീവന് - പെരുമാറുവാനുള്ള വാസസ്ഥാനമാണ് ശരീരം. ദേഹിക്ക് ദേഹമെന്നപോലെ. മജ്ജ അസ്ഥി രക്ത മാംസത്വക്കുകളാല്‍ ആച്ഛാദനം ചെയ്ത് രൂപപ്പെട്ട ശരീരമെന്നോണം വൃത്താലങ്കാരങ്ങളാലും സ്വരവ്യഞ്ജനങ്ങളാലും ശബ്ദ ഘടനയാലും കവിതയുടെ ബാഹ്യരൂപം മനോഹരമായിത്തീരുന്നു. ആത്മാവിന് ശരീരമില്ലാതെ നിലനില്പില്ലല്ലോ. അപ്പോള്‍ കവിതയ്ക്ക് ബാഹ്യരൂപവും  ആവശ്യമാണെന്നു വരുന്നു.  വൃത്ത-താളങ്ങളെ ഉപേക്ഷിച്ച കവിത സഹൃദയസംവേദന ക്ഷമമായിരിക്കില്ല എന്ന് സാരം. ഇന്ന് വൃത്തവിഹീനമായ ഗദ്യകവിതയ്ക്കാണ് പ്രചാരം. വൃത്തം എന്നു പറയുമ്പോള്‍ പാടിപ്പതിഞ്ഞ ക്ലിപ്താക്ഷരസംയുക്തവാക്യം എന്നര്‍ത്ഥമില്ല. താളം എന്നേ ധരിക്കേണ്ടതുള്ളൂ. ഇംഗ്ലീഷ് ഭാഷയില്‍ സമസ്തപദങ്ങളില്ലാത്തതിനാല്‍ - എന്നു പറഞ്ഞാല്‍ ആര്യ ഭാഷയായ സംസ്‌കൃത ജന്യഭാഷകളെപ്പോലെ സാധിക്കാത്തതിനാല്‍ അവിടെ പദ്യത്തിന്റെ സ്വരൂപം അധികം ഗദ്യമായി. അഥവാ നമ്മുടെ ചമ്പു പോലുള്ളതായി മാറി. എന്നാലും ആദ്യകാല സംഭാഷണങ്ങള്‍ക്കൂടി താളനിബദ്ധമായിരുന്നു എന്ന് അനുമാനിക്കാം. 
വൃത്തം ഉപേക്ഷിക്കുവാനുള്ള മുഖ്യകാരണം പുത്തന്‍കൂറ്റുകാരുടെ ശേഷിക്കുറവാണെന്നു തോന്നും. അശിക്ഷിത പടുവായ കവിയശഃപ്രാര്‍ത്ഥികള്‍ക്ക് എളുപ്പപ്പണിയാണ് കാമ്യം. ജന്മസിദ്ധമായവാസന കര്‍മ്മം കൊണ്ട് വളര്‍ത്തണമല്ലോ. നൈപുണ്യം പ്രയത്‌നസിദ്ധമാണ്, വലിയപരിധിവരെ. കരകൗശലത്തിന്റെ മേന്മകൊണ്ട് കലയുടെ ന്യൂനത കുറെ ഏറെ പരിഹരിക്കുവാനാവും.

ഈ സാമാന്യതത്ത്വങ്ങളൊക്കെ ഏതു തുടക്കക്കാരനും അറിയാം. ഇപ്പോള്‍ ഇവിടെ നാരായണന്‍കുട്ടിയുടെ കവിതകള്‍ വായിച്ചപ്പോള്‍ പഴയപാഠങ്ങള്‍ ഓര്‍മ്മിച്ചു എന്നു മാത്രം. നാരായണന്‍ കൊട്ടാപ്പുറത്ത് എന്ന പേരില്‍ എഴുതുന്ന ഈ പഴയ പോലീസുകാരന് കവിതയുണ്ട് എന്ന് ഞാനറിഞ്ഞിരുന്നില്ല. (ഞാനറിയണമെന്നല്ല പറഞ്ഞത്! ഉണ്ടെങ്കില്‍ അറിയാനുള്ള സാധ്യതകളും സൗകര്യവുമുണ്ടായിരുന്നു എന്നാണ്.) ജോലിയില്‍ നിന്ന് വിരമിച്ച് സ്വസ്ഥമായി കഴിയുന്ന നാരായണന്‍കുട്ടിയില്‍ ഉറങ്ങിക്കിടന്ന കാവ്യവാസന ഇപ്പോള്‍ മുളപൊട്ടി ഇലവിരിഞ്ഞു കാണുന്നതില്‍ സന്തോഷമുണ്ട്. ഇത്തിരി ദാര്‍ശനികതയിലേക്ക് ചെരിഞ്ഞുനിക്കുന്ന ഈ കവിതകള്‍ മുഴുവനും അര്‍ത്ഥ സമ്പുഷ്ടമാണ്, ലളിതവുമാണ്. ആരാണ് ഞാന്‍ എന്ന  ആദ്യ കവിതയില്‍ത്തന്നെ  കവിയുടെ ഉള്ള് വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. തൊട്ടുവരുന്ന കവിത മദ്യദുരന്തത്തെക്കുറിച്ചാണ്. സോദ്ദേശ്യം. കവിതയ്ക്ക് ലക്ഷ്യമുണ്ട്; ധാര്‍മികതയിലൂന്നിയ ലക്ഷ്യബോധം. സമര്‍പ്പണത്തിലെ ആദ്യവരി സ്വേച്ഛാചാരിയായ മകളെക്കുറിച്ചാണെങ്കില്‍  കവി ഉദ്ദേശിക്കുന്ന അര്‍ത്ഥം ചിലപ്പോള്‍ വിചാരിക്കാത്ത ഭാവത്തിലേക്കുണരുന്നുണ്ടോ എന്നു ശങ്ക. നാലു ചതുഷ്പാദി മാത്രമുള്ള ആ പദ്യം - പദ്യം മുഴുവനും നീണ്ട തേനീച്ച എന്ന പ്രതീകം  കൊണ്ട് ആദ്യവായനയില്‍  ''തന്നിഷ്ടപ്പടി നടക്കുന്ന പുത്രിയെ'' ഓര്‍മിപ്പിക്കും. ചുറ്റിപ്പറന്ന് മധുസംഭരിച്ച് അന്യന് - കുടുംബത്തിനും നല്‍കുന്ന മഹാത്യാഗിയെ  ഓര്‍മ്മിപ്പിക്കുവാന്‍  വിഷമം. ഒരുപക്ഷേ, വക്രോക്തിയാണ് കാവ്യമര്‍മ്മം എന്ന ഭാരതീയ ചിന്ത ഈ സന്ദര്‍ഭത്തില്‍  ഓര്‍മ്മിച്ചാലും അര്‍ത്ഥശങ്ക ഉണ്ടാക്കുന്നു. കവിയുടെ സാധാരണ അനുഭവങ്ങളില്‍ ചിലതും കവിതയ്ക്ക് കാരണമായിട്ടുണ്ട് - ക്ഷമിക്കു അമ്മാവാ.

കവിതയ്ക്ക് എന്തു വിഷയമാവണം എന്ന് ഒരു നിയമവുമില്ല. എന്തും ആവാം. ക്ഷണികമായ ഒരു ദര്‍ശനം, സ്പര്‍ശം, ശ്രവണം, ഘ്രാണം, രുചി(സ്വാദ്) എന്തും കവിക്ക് കാവ്യനിര്‍മ്മാണത്തിന് ഹേതുവാകാം. ചരിത്രവും ഏറ്റവും നല്ല വിഷയമാകുന്നു. ലോക പ്രസിദ്ധ കവിതകള്‍- ആഖ്യായികള്‍ തത്തല്‍ പ്രദേശ ചരിത്രത്തിന്റെ വിശാലകാഴ്ചകളാകാറുണ്ട്. രാമായണ ഭാരതങ്ങള്‍ തൊട്ട് സിവിയുടെ മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പെടെ നമുക്കുദാഹരണങ്ങളുണ്ട്. സാമാന്യബോധമുള്ള ഒരാളോടും ഈ വസ്തുതകള്‍ നൂറ്റൊന്നാവര്‍ത്തിക്കേണ്ടതില്ല. ഇതിലെ എല്ലാ ചെറുകവനങ്ങളും ഒന്നൊന്നായി നോക്കി പഠിച്ചു പറയുവാന്‍ എനിക്കാവില്ല. ഞാന്‍ അതിന് ആളല്ല. ഒട്ടും വിമര്‍ശകനല്ലാത്ത ഒരാള്‍ ഈ ചെറുകവിതകള്‍ ആസ്വദിച്ചു വായിച്ചു എന്നും വായിച്ചാസ്വദിച്ചു എന്നും പറയട്ടെ.
സ്വാദുനോക്കുന്നപോലെ ഒന്നുരണ്ടെണ്ണംകൂടി തൊട്ടുനോക്കാം. ആ വാതായനം ജീവിതയാത്രയെ ചെറുകുമിളയിലൊതുക്കുമ്പോള്‍ കൊതുകിന്റെ പാട്ട് -മശകരാഗം ഇത്തിരി ചിരിക്കുള്ള ഒരു വഹ തരുന്നു. ഒപ്പം അനിശ്ചിതമായി അറിയാനേരത്ത് എത്തുന്ന മരണത്തേയും ഓര്‍മ്മിപ്പിക്കുന്നു. നന്ന്.
അധികം പറയുന്നില്ല പറയാനുള്ളത് പറഞ്ഞു എന്ന നാട്യവുമില്ല. ഒരു തുടക്കക്കാരനെ കാവ്യമാര്‍ഗ്ഗത്തിലേക്കുപനയിക്കുമ്പോള്‍  ക്രിയാംഗമായി ഈ തൊടുക്കുറിയും. നാരായണന്‍  കൊട്ടാപ്പുറത്തിന്റെ കാവ്യ ജീവിതത്തിന് എല്ലാ അനുഗ്രഹങ്ങളും നല്‍കാന്‍ എനിക്കര്‍ഹതയുണ്ട് എന്ന് വിശ്വസിക്കുന്നു. ഒന്നാമത് പ്രായം. രണ്ടാമത് നാരായണന്‍കുട്ടിയുടെ ഭാര്യ സുഭദ്ര എന്റെ ചാര്‍ച്ചക്കാരിയുമാണ്. നന്നായിവരും.

മാടമ്പ് കുഞ്ഞുകുട്ടന്‍


About Author

Narayanan Kottapurath

Narayanan Kottapurath

About Narayanan Kottapurath