Close
Welcome to Green Books India
Nithyantharangam

Nithyantharangam

Author: Shoukath

star

നിത്യന്താരംഗം

Out of stock.

Book By Shoukath

ഗുരുവിനോടൊത്തു കഴിഞ്ഞ നാളുകളില്‍നിന്നും അടര്‍ത്തിയെടുത്ത ചില താളുകള്‍. എന്നും ആര്‍ക്കും നന്മചൊരിയുന്ന ഹൃദയത്തിന്റെ സ്പന്ദനം ആ താളുകളെ പൂണര്‍ന്നുനില്ക്കുന്നതായി എനിക്കുതോന്നി. അതു വാക്കുകളിലൂടെ നിങ്ങളുമായി പങ്കുവെക്കാമെന്നുറപ്പിച്ചു. വലിയ തത്ത്വചിന്തയോ അദ്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങള്‍. കൊച്ചു കൊച്ചു കാര്യങ്ങള്‍. അത്രമാത്രം.- ഷൗക്കത്ത്‌

No reviews found

നിത്യാന്തരംഗം

നിത്യാന്തരംഗം


സൂര്യനും താമരയും - വിനയചൈതന്യ
സൂര്യനും താമരയും തമ്മിലുള്ള ബന്ധം പറഞ്ഞു പഴകിയതാണെങ്കിലും ഇന്നും സൂര്യനുദിക്കുന്നതും നോക്കി താമരമൊട്ടുകള്‍ കാത്തുനില്ക്കുകതന്നെ ചെയ്യുന്നു. ഗുരുശിഷ്യപാരസ്പര്യത്തിന് ഏറ്റവും ചേരുന്ന ഒരു പ്രതീകമെന്ന നിലയില്‍ അനന്തമായ ഭാവസാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന ശിഷ്യന്റെ അകമലരിനെ താമരയോടും അതിനെ പ്രണവമൗനത്താല്‍ മുഖരിതമാക്കി ഉദ്‌ബോധിപ്പിക്കുന്ന ഗുരുവിനെ സൂര്യനോടും ഉപമിച്ചുപോരുന്നു.


സൂര്യനെപ്പറ്റി എന്തുതന്നെ പറയാന്‍ താമര ശ്രമിച്ചാലും അത് ആത്മനിഷ്ഠമായിപ്പോകും. വസ്തുനിഷ്ഠമായി താമരയ്ക്ക് തന്നെപ്പറ്റിയല്ലാതെ മറ്റാരെപ്പറ്റി പറയാനാകും? ഓരോ താമരയുടെയും മാത്രമായ ഒരു സൂര്യനുണ്ട്, ഒരേ സൂര്യന്‍തന്നെ. അതു താമരയുടെ ചെമപ്പാണ്, ചന്തം.


ഓരോ താമരയേയും സൂര്യനോടു ബന്ധിപ്പിക്കുന്ന ഒരു പൊന്‍കിരണം ഉള്ളതുപോലെത്തന്നെ തന്റെ തായ്‌വേരില്‍നിന്ന് ഊര്‍ജ്ജസേചനം നടത്തുന്ന ഒരു പൊന്‍ചരടുമുണ്ട്. ഇത് ഓരോ താമരയേയും മറ്റെല്ലാ താമരകളുമായും കോര്‍ത്തിണക്കുന്നുണ്ട്. ഇതുപോലെ ആത്മസാക്ഷാത്കാരത്തിന്റേയും വിശ്വസാഹോദര്യത്തിന്റേയും രണ്ടു സരണികള്‍ ഓരോ സാധകന്റേയും ഹൃദയകമലത്തില്‍ ഒരുമിക്കുന്നു. ഇത്രയൊക്കെ പറയുന്നത് ഗുരുശിഷ്യപാരസ്പര്യത്തെ, അതിന്റെതന്നെ കളിയരങ്ങായ ഗുരുകുലത്തെ, പങ്കിടാനുള്ള ഈ എളിയ പുസ്തകത്തെ എങ്ങനെ അവതരിപ്പിക്കണം എന്നു നിശ്ചയമില്ലാത്തതുകൊണ്ടാണ്.


തന്നെ സ്പര്‍ശിച്ച ഗുരുവിനെക്കുറിച്ച് ശിഷ്യന്‍ പറയുന്നതെന്തും തന്നെക്കുറിച്ചുമാകാതിരിക്കില്ല. പ്രണയിതാക്കള്‍ തമ്മിലുള്ളതുപോലെ തീവ്രതയുള്ള, മുനയുള്ള ഒരു ഉല്‍ക്കടത ഗുരുശിഷ്യബന്ധത്തിലുണ്ട്. സാമൂഹികമല്ല അതിന്റെ മാനദണ്ഡം. തന്റെ പ്രണയിനിയെ കാണാന്‍ വേണ്ടി കൂരിരുട്ടില്‍ കല്ലും മുള്ളും പാമ്പും മലയും പുഴയും ഒക്കെ താണ്ടി പോകാനും വിശപ്പും ദാഹവും ഒന്നും അറിയാതെ ദിനരാത്രങ്ങള്‍ കഴിക്കാനും കഴിയുമെങ്കിലും ആ പ്രേമബന്ധത്തെപ്പറ്റി പൊതുവേദിയില്‍ പറയുകയെന്നത് കാമുകന് ഒട്ടും എളുപ്പമായിരിക്കില്ല. ഗുരുവിനെപ്പറ്റി പറയേണ്ടിവരുന്ന ശിഷ്യന്റെ അവസ്ഥയും ഇതുതന്നെയാണ്. ഷൗക്കത്ത് അതിനു മുതിര്‍ന്നതില്‍ ഗുരുകൃപ തന്നെയാണ് പ്രേരകമായിരിക്കുന്നത്. അതുപോലെതന്നെ താന്‍ കണ്ടത് പറയാന്‍ നിര്‍ബന്ധിക്കുന്ന ഒരു സത്യസന്ധത മറുവശമായും ജന്മനാതന്നെ മനുഷ്യനുണ്ടെന്നതും കാരണമാകാം. പറയുന്നവന്റെ വാക്കും കേള്‍ക്കുന്നവന്റെ അര്‍ത്ഥവും ഒന്നാകുമ്പോള്‍ വാക്കും അര്‍ത്ഥവും മാത്രമല്ല പറയുന്നവനും കേള്‍ക്കുന്നവനും ഒന്നാകുന്നു. ഇങ്ങനെയുള്ള പാരസ്പര്യത്തെ ബോധപൂര്‍വം വെളിവാക്കിക്കൊണ്ട് ജീവിക്കുന്ന ഒരു ആപ്തയെ, ആപ്തനെയാണ് നാം ഗുരുവെന്ന് വിളിക്കുന്നത്. അങ്ങനെയുള്ള ഗുരുവിന്റെ കുടുംബം, കുലം ആണ് ഗുരുകുലം. സ്വകാര്യ സ്വത്തിലോ രക്തബന്ധത്തിലോ മാത്രം ഊന്നുന്ന നിലവിലുള്ള കുടുംബത്തിനുപകരം സമാനദര്‍ശനങ്ങളുള്ള ത്യാഗികളുടെ കൂട്ടായ്മകള്‍. ലോകത്തെത്തന്നെ തന്റെ കുടുംബമായി തിരിച്ചറിഞ്ഞവര്‍, നിലവിലുള്ള വ്യവസ്ഥകളില്‍ അസംതൃപ്തരായി അതിരുകളില്ലാത്ത വിശാലതകളെ തേടുന്ന അന്വേഷകരെ സ്വന്തം മാതൃകകൊണ്ട് നന്മയിലേക്ക് ഉണര്‍ത്തുന്ന നിഷ്പക്ഷതയുടെ തുരുത്തുകള്‍. ഇതാണ് ഗുരുകുലം.


നടരാജഗുരു മുഖ്യാതിഥിയായിരുന്ന ഒരു യോഗത്തില്‍ സ്വാഗതപ്രസംഗകന്‍ ഗുരുവിനെ ഈ ദിവ്യമനുഷ്യന്‍ എന്നു രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചപ്പോള്‍ ഗുരു അദ്ദേഹത്തോട് ക്ഷമാപണത്തോടെ പ്രസംഗത്തിനിടയ്ക്കു ഞാന്‍ ദിവ്യമനുഷ്യനല്ല. എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യനാണ് ദിവ്യന്‍ എന്നു പറഞ്ഞത് ഓര്‍മ്മവരുന്നു.


മനുഷ്യത്വത്തിന്റെ പൂര്‍ണതതന്നെയാണ് ഗുരുത്വം. ഈ ഗുരുത്വത്തെ ഓരോ മനുഷ്യനും സദാ തേടിക്കൊണ്ടിരിക്കുന്നു. ഗുരുക്കന്മാരുടെ മനുഷ്യത്വത്തേയും മനുഷ്യന്റെ ഗുരുത്വത്തേയും ഒരുപോലെ ഉറപ്പിക്കുന്നതാണ് ഓരോ ഗുരുചരിതവും. ഗുരു നിത്യചൈതന്യയതിയുടെ അന്തേവാസിയായിരുന്ന ഷൗക്കത്ത് പിന്തിരിഞ്ഞുനോക്കുന്ന സ്മൃതികളും വഴിയില്‍ മുഴങ്ങിയും പതിഞ്ഞും ഒക്കെ കേട്ട ശ്രുതികളുമാണ് ഇതിലുള്ളത്. ഈ ലോകത്തില്‍ മനുഷ്യന് സമാധാനത്തോടെ നന്മയില്‍ അടിയുറച്ചു നടക്കാമെന്നു പഠിപ്പിക്കുന്ന ധൈര്യം തരുന്ന ധന്യനിമിഷങ്ങളെ തന്റെതന്നെ ഉള്‍നാരില്‍ കോര്‍ത്തിട്ടിരിക്കുന്ന ഒരു കൊച്ചുപൂമാലയാണ് ഈ പുസ്തകം. തോട്ടത്തിലെ പൂക്കളെല്ലാം പൂമാലയിലുണ്ടോ എന്നൊന്നും ആരും ചോദിക്കില്ലല്ലോ? ഗുരുപാദങ്ങളില്‍ ശിഷ്യനര്‍പ്പിക്കുന്ന പൂക്കള്‍തന്നെ അവന്റെ മുടിയില്‍ വിളങ്ങുന്നു. അതിനാല്‍ നമസ്‌കാരം.

About Author

Shoukath

Shoukath

About Shoukath