Close
Welcome to Green Books India
Anantharam

Anantharam

Author: Kailas Narayanan

star

അനന്തരം

Add to Basket

മലയാളത്തിലാദ്യമായി ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കിയ ഒരു കൗരവപക്ഷ നോവൽ. യുദ്ധം അവസാനിച്ചു. ഹസ്തിനപുരം രാജകൊട്ടാരം ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. കൗരവപക്ഷത്തെ മുച്ചൂടും കൊന്നൊടുക്കിയ ഈ മഹായുദ്ധത്തിന്റെ കാരണങ്ങൾ, ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ച തെറ്റുകുറ്റങ്ങൾ, ധൃതരാഷ്ട്രരും ഗാന്ധാരിയും വിചിന്തനം ചെയ്യുന്നു. തന്റെ മകൻ ദുര്യോധനൻ, എത്രത്തോളം അപരാധിയാണ്? പാണ്ഡവപക്ഷത്തിന്റെ ധാര്മികനൈതിക പരാജയങ്ങൾ ഒരു വെളിപാട് പോലെ ധൃതരാഷ്ട്രർ കണ്ടെടുക്കുകയാണ്. ഇതിഹാസമാനമുള്ള ഒരു നോവൽ.

No reviews found

ദുര്യോധനനുവേണ്ടി ഹൃദയസ്പര്‍ശിയായ ഒരു നോ

ദുര്യോധനനുവേണ്ടി ഹൃദയസ്പര്‍ശിയായ  ഒരു നോ

    കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷമുള്ള നാളുകള്‍. സ്ഥലം, ഹസ്തിനപുരി കൊട്ടാരം. ശ്മശാനവിമൂകതയില്‍ ഏകാന്തതലത്തിലിരുന്ന് ധൃതരാഷ്ട്രര്‍ ചിന്തിക്കുകയാണ്. ഉറ്റവരും ഉടയവരും മക്കളും എല്ലാം നഷ്ടപ്പെട്ടു. ജീവിക്കാന്‍ തനിക്ക് ഇനിയെന്ത് കാരണമാണുള്ളത്. എവിടെയൊക്കെയാണ് തനിക്ക് പിഴച്ചുപോയത്? പാണ്ഡവരും കൗരവരും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍, സംഘര്‍ഷങ്ങള്‍, എപ്രകാരമാണ് സര്‍വ്വനാശത്തിന്‍റെ ഒരു മഹായുദ്ധത്തില്‍ പര്യവസാനിച്ചത് എന്ന് ധൃതരാഷ്ട്രര്‍ ചിന്തിക്കുകയാണ്. ആരുടെ പക്ഷമാണ് ശരി? പുത്രസ്നേഹത്തിന്‍റെ പേരില്‍ ദുര്യോധനനെ താന്‍ അസ്ഥാനത്ത് പിന്തുണയ്ക്കുകയായിരുന്നുവോ? തിരുത്താനാകാത്ത ഒരു പ്രതികാരാഗ്നിയായി പാണ്ഡവകൗരവസംഘര്‍ഷങ്ങള്‍ വളര്‍ന്നതെങ്ങനെയെന്ന് ധൃതരാഷ്ട്രര്‍ മുന്‍പെങ്ങുമില്ലാത്ത ഒരു ഉള്‍വെളിച്ചത്തോടെ ഓര്‍ത്തെടുക്കുന്നു. ഹസ്തിനപുരിയിലെ അന്തഃപുരത്തിന്‍റെ ചുവരുകള്‍ക്കപ്പുറമുള്ള ഒരു ലോകം എന്തെന്ന് തിരിച്ചറിയാന്‍ കണ്ണുപൊട്ടനായ താന്‍ വളരെയേറെ വൈകിപ്പോയി. മുന്നില്‍ ഓരോരുത്തരും വന്നുപറയുന്ന വാക്കുകള്‍ സത്യമെന്ന് കരുതാനേ തനിക്ക് നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. അതിലപ്പുറം സത്യവും അസത്യവും വേര്‍തിരിച്ചറിയാനുള്ള പ്രാപ്തിയില്ലായിരുന്നു. ഗാന്ധാരിയുംകൂടി സ്വയം കണ്ണ് കെട്ടി അന്ധത സ്വീകരിച്ചതിനാല്‍ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് വളരെയേറെ അകന്നുപോയി.


 യഥാര്‍ത്ഥത്തില്‍ ആരാണ് കുരുക്ഷേത്രയുദ്ധത്തിന് ഹേതുവായത്? ഭീകരമായ ഈ സര്‍വ്വനാശത്തിനും വംശനാശത്തിനും കാരണക്കാരനായവന്‍ മറ്റാരേക്കാള്‍ ഈ ധൃതരാഷ്ട്രര്‍ എന്നയാള്‍ തന്നെയല്ലെ? മുന്നില്‍ വന്നു പറയുന്ന വാക്കുകള്‍ നേരോ നുണയോ എന്ന് തിരിച്ചറിയാനുള്ള കഴിവ് ദൈവം ധൃതരാഷ്ട്രര്‍ക്ക് നല്കിയിട്ടില്ല. അബദ്ധങ്ങളുടെ ഒരു വലിയ പഞ്ചാംഗമാണ് തന്‍റെ ജീവിതം. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവുമറിയാതെ താന്തോന്നിയായി വളര്‍ന്ന ദുര്യോധനന്‍. അത്യധികമായ പുത്രസ്നേഹം കൊണ്ടു മാത്രം കാര്യമില്ല. മക്കളുടെ അപഥസഞ്ചാരമറിയാന്‍ കണ്ണുകള്‍ക്കൂടി വേണം. ചൂതുകളി, പഞ്ചാലിവസ്ത്രാക്ഷേപം, ക്ഷണിച്ചു വരുത്തിയ വലിയ അത്യാഹിതങ്ങള്‍. ആരുടെ കുറ്റമാണ്? തമ്മില്‍ത്തല്ലി സര്‍വ്വരും കൊല്ലപ്പെട്ടു. ഇപ്പോഴും അടങ്ങാത്ത പ്രതികാരാഗ്നിയില്‍ ഭീമസേനന്‍ കത്തുകയാണ്. ആയിരം  ആനകളുടെ  ശക്തിയുള്ള  ഭീമസേനന്‍, നൂറ് മക്കളേയും ഞെരിച്ചുകൊന്ന ഭീമസേനന്‍, ധൃതരാഷ്ട്രരേയും  വെല്ലുവിളിക്കുന്നു. ധൃതരാഷ്ട്രരുടെ അതിമോഹമാണത്രേ കുരുവംശത്തിന്‍റെ മഹാവിപത്തിന് കാരണമായത്. എന്തേ, തന്‍റെ നൂറു മക്കളും പിഴയായിപ്പോയത്? പാണ്ഡവരും കൗരവരെപ്പോലെ ഈ ഹസ്തിനപുരിയില്‍ തന്നെയല്ലേ വളര്‍ന്നത്? ഒന്ന് നല്ലതും മറ്റൊന്ന് പിഴയുമാകാന്‍ എന്താണ് കാരണം? കാലത്തിനും  ദേശത്തിനും അവസ്ഥയ്ക്കും അനുസരിച്ച് ധര്‍മ്മഗതികള്‍ മാറുമോ? ദൈവവിധിക്കുമുന്നില്‍ ധര്‍മ്മങ്ങളും പ്രമാണങ്ങളും ഒന്നുമല്ലാതാവുമോ? അപശകുനങ്ങളായി മാറിയ വിധവകളായ നൂറ് പെണ്‍മക്കള്‍, ശപിക്കപ്പെട്ട ഈ കൊട്ടാരത്തില്‍ മക്കളെല്ലാം മരിച്ച ധൃതരാഷ്ട്രരും ഗാന്ധാരിയും. മറ്റുള്ളവരുടെ കാരുണ്യത്തില്‍ ഇനി ജീവിക്കുന്നത് എന്തിനാണ്?


    നോവലിന്‍റെ അവസാനം വനവാസത്തിന് പുറപ്പെടുന്ന ധൃതരാഷ്ട്രരും ഗാന്ധാരിയും. അവരുടെ വനാന്തര ജീവിതവും അതിന്‍റെ പര്യവസാനവും.


    എം.ടി.വാസുദേവന്‍നായരുടെ 'രണ്ടാമൂഴ'ത്തിലെ ധര്‍മ്മവിചാരങ്ങളാല്‍ നയിക്കപ്പെടുന്ന ഭീമനല്ല, ചോര കുടിക്കുന്ന രക്തരക്ഷസ്സായ ഭീമനാണ് ഈ നോവലില്‍.
ഈ കൊച്ചുനോവലില്‍ മഹാഭാരതത്തിന്‍റെ സര്‍വ്വസാരാംശങ്ങളും സമസ്യകളും ഉള്ളടക്കിയിരിക്കുന്നു. ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കി ക്ലാസ്സിക്കല്‍ തലങ്ങളിലേക്ക് ഉയരുന്ന നോവല്‍ രൂപത്തിലുള്ള ഒരു ഉന്നതവ്യഖ്യാനം.
അനന്തരം, കൈലാസ് നാരായണന്‍, About Author

Kailas Narayanan

Kailas Narayanan

About Kailas Narayanan