Close
Welcome to Green Books India
Pieta

Pieta

Author: Honey Bhaskaran

star

പിയേത്താ

Out of stock.

A Book by HONEY BHASKARAN - Author of Udal Rashtreeyam

വരകളുടേയും വര്‍ണ്ണങ്ങളുടേയും അദ്ഭുതലോകത്തേക്ക് ജൊനാഥന്‍ അവളെയും കൈ പിടിച്ചുയര്‍ത്തി. അയാള്‍ കല്‍ക്കത്തയ്ക്ക് തിരികെ പോയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട കാന്‍വാസുകള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പുതുതായി ഒന്നു കൂടിയുണ്ടായിരുന്നു, "സാറ"- പ്രണയോന്നതിയില്‍ എരിയുന്ന ആത്മനൊമ്പരങ്ങളുടെ കഥ. ഉടല്‍ രാഷ്ട്രീയം എഴുതിയ ഹണിഭാസ്ക്കരന്‍റെ മറ്റൊരു പെണ്‍പക്ഷനോവല്‍, പിയേത്താ. ജീവിതത്തിന്‍റെ കാണാപ്പുറക്കാഴ്ചകള്‍.

No reviews found

അകവും പുറവും എരിയുന്ന കനലുകള്‍

അകവും പുറവും എരിയുന്ന കനലുകള്‍


സ്ത്രീയുടെ വൈകാരികജീവിതത്തിന്റെ അരക്ഷിതമായ ഭാവതലങ്ങളെയാണ് 'ഉടല്‍രാഷ്ട്രീയം' എന്ന നോവലില്‍ ഹണി ഭാസ്‌കരന്‍ തുറന്നുകാട്ടിയതെങ്കില്‍ പുതിയ നോവല്‍ 'പിയേത്താ' പറയുന്നത് സമകാലികസ്ത്രീജീവിതത്തിന്റെ സാമൂഹ്യാവസ്ഥകളാണ്. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീയുടെ ഇന്നത്തെ പദവിയും സ്ഥാനവും എവിടെയാണെന്ന് അന്വേഷിക്കുക കൂടിയാണ് ഈ നോവല്‍. 
യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യരാജ്യം അര്‍ഹിക്കുന്ന രീതിയിലുള്ള സ്വാതന്ത്യം ഇന്ത്യ നേടിയിട്ടുണ്ടോ എന്ന് നോവലിസ്റ്റ് ചോദിക്കുന്നു. തലസ്ഥാനനഗരിയായ ഡല്‍ഹിയിലും സാംസ്‌കാരിക നഗരിയെന്നു പറയാവുന്ന കൊല്‍ക്കത്തയിലും നിന്നുമൊക്കെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍ ഇത്തരം അവകാശവാദങ്ങളെ തിരുത്തിക്കുറിക്കുന്നവയാണ്. സ്ത്രീയുടെ സുരക്ഷ, അന്തസ്സ്, സ്വാതന്ത്ര്യം എന്നിവയെല്ലാം ഇവിടെ അപകടകരമായ ചോദ്യചിഹ്നം ഉയര്‍ത്തിനില്‍ക്കുന്നു. ഭരണകൂടം ഉത്തരം പറയേണ്ടതായ ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങളുയര്‍ത്തുന്ന സാഹചര്യങ്ങളിലൂടെയാണ് 'പിയേത്താ' കടന്നുപോകുന്നത്. ചൂഷണം ചെയ്യപ്പെടാത്ത സ്ത്രീത്വമാണ് ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ സന്തുലിതാവസ്ഥ. അല്ലാത്തതെല്ലാം രോഗാതുരമായ സമൂഹത്തിന്റെ സൂചനകളാണ്.
സാറ എന്ന പത്രപ്രവര്‍ത്തകയുടെയും അവളില്‍ പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും നിറങ്ങള്‍ പടര്‍ത്തിനില്‍ക്കുന്ന ജൊനാഥന്‍ എന്ന ചിത്രകാരന്റെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ജയശ്രീ മിശ്ര എന്ന സാമൂഹ്യപ്രവര്‍ത്തകയുടെയും കഥയാണ് 'പിയേത്താ' എന്നു ഒറ്റവരിയില്‍ പറയാമെങ്കിലും ഇത് കൊല്‍ക്കത്തയുടെ കഥയാണ്. ഇന്ത്യയുടെ ഇരുണ്ട സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ്. 
ക്ഷേത്രനഗരിയെന്നു പറയാവുന്ന കാളീഘട്ടിലെയും കുപ്രസിദ്ധമായ സോനാഗച്ഛിയിലെയും മാംസവ്യാപാരങ്ങളുടെ ഇരുണ്ട കാഴ്ചകളാണ് നോവലിന്റെ പശ്ചാത്തലം. ഇന്ത്യയില്‍ വളര്‍ന്നുപന്തലിച്ച ഒരു അധോലോകസംസ്‌കാരത്തിന്റെ സൂചിക മാത്രമാണ് കൊല്‍ക്കത്ത.
സ്ത്രീയുടെ ശരീരത്തിനും ജീവിതത്തിനും മേലുള്ള പലവിധ അധിനിവേശങ്ങളെ ചെറുക്കുകയെന്നതിനൊപ്പം അവളുടെ ആന്തരീകമായ രതികാമനകളെയും അനുഭൂതികളെയും നിര്‍വചിച്ചെടുക്കുകയെന്നതും നോവലിന്റെ ലക്ഷ്യമാകുന്നു. ബൈബിളിലെ ലിലിത്തെന്ന കഥാപാത്രത്തെ സാറയിലൂടെ പൂര്‍ത്തീകരിക്കാനൊരുങ്ങുന്ന ജൊനാഥന്‍ അത്യന്തം സര്‍ഗാത്മകമായാണ് അവളെ പ്രണയിക്കുന്നത്.
നോട്ടം കൊണ്ടും സ്പര്‍ശം കൊണ്ടും പെണ്‍ശരീരങ്ങളെ തിരക്കിനിടയില്‍ മലിനമാക്കുന്നവര്‍ പോലും സാറയുടെ ചിന്തകളെ അസ്വസ്ഥമാക്കുന്നു. എന്തുകൊണ്ട് ഒരു സമൂഹം, ഒരു ജനത, രാഷ്ട്രം ഇങ്ങനെയാകുന്നുവെന്ന വിചാരണയും ഈ നോവല്‍ പരോക്ഷമായി നടത്തുന്നുണ്ട്. പ്രണയരാഹിത്യമാണ് എല്ലാ കടന്നാക്രമണങ്ങളുടെയും സ്ത്രീവിരുദ്ധ അധിനിവേശങ്ങളുടെയും കാരണമായി നോവലിസ്റ്റ് ഇവിടെ കണ്ടെത്തുന്നത്.
അവളെ സമൂഹം വേശ്യയെന്നു മുദ്രകുത്തുന്നു. ഒരിക്കല്‍ ഇങ്ങനെ മുദ്രകുത്തപ്പെട്ടവള്‍ക്ക് പിന്നെ ഒരിക്കലും മോചനമില്ല. എന്നാല്‍ ഇതേ വേശ്യയെ പ്രാപിക്കാന്‍ വരുന്നവന് മാന്യതയുടെ മുഖം മൂടിയും സമൂഹം എന്തുകൊണ്ട് നല്‍കുന്നുവെന്ന് നോവലിസ്റ്റ് ലിംഗ അനീതിയുടെ അലിഖിതനിയമങ്ങളെ ചോദ്യം ചെയ്യുന്നു. പെറ്റുവീണ പെണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം പോലും ക്രൂരമായി ആക്രമിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ലിംഗനീതിക്കും സ്ത്രീസുരക്ഷക്കും വേണ്ടിയുള്ള ശബ്ദം ഒറ്റപ്പെട്ട വനരോദനമായി തീരുന്നില്ലെന്നുതന്നെയാണ് സാറയുടെ പോരാട്ടം തെളിയിക്കുന്നത്. പ്രതീക്ഷാനിര്‍ഭരമായ ഒരു സമൂഹത്തെ ഈ നോവല്‍ സ്വപ്നം കാണുന്നുണ്ട്. അത് പ്രണയപൂര്‍ണ്ണതയുടെ സാക്ഷാത്കാരം കൂടിയാണ്. അതിനാല്‍ ഈ നോവല്‍ പുരുഷവിരുദ്ധമല്ല, യഥാര്‍ത്ഥ പുരുഷനിലേക്കുള്ള പ്രയാണം കൂടിയാണ്. About Author

Honey Bhaskaran

Honey Bhaskaran

About Honey Bhaskaran

കണ്ണൂര്‍ ജില്ലയിലെ കോളിക്കടവില്‍ ജനനം. കേരളത്തിലും ബാംഗ്ലൂരുമായിരുന്നു വിദ്യാഭ്യാസം. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദം. ഇപ്പോള്‍ ദുബായിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍. ഇരുപത്തിയഞ്ചോളം കവിതാസമാഹാരങ്ങള്‍ എഴുതിയിട്ടുണ്ട്. സീല് വെച്ച പറുദീസ 2015ലെ ചിരന്തന കവിതാ അവാര്‍ഡ് നേടി. കൂടാതെ പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ഉടല്‍ രാഷ്ട്രീയം ആദ്യ നോവല്‍.