Close
Welcome to Green Books India
sil-2

sil-2

Author: Hoda Barakat

star

ശിലാഹൃദയരുടെ

Out of stock.

Translation of Hoda Barakat's 'The Stone of Laughter'by Dr. Ashok d'cruz.

1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള്‍ പല വിഭാഗീയതകളായി വേര്‍പിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ബെയ്‌റൂട്ടിനെ രക്തപങ്കിലമാക്കി. വെടിയുണ്ടകള്‍ തുളഞ്ഞ കെട്ടിടസമുച്ചയങ്ങളും തകര്‍ന്ന തെരുവീഥികളും നഗരത്തിന്റെ ദയനീയ കാഴ്ചയായി മാറി. മനുഷ്യത്വം മരവിച്ചുപോയ ഒരു കാലഘട്ടം. കല്ലിന്റെ ഹൃദയമുള്ള ഒരു നാടും മനുഷ്യരും രൂപമെടുക്കുന്നു. ഒപ്പം ഒരു സാംസ്‌കാരിക നഗരത്തിന്റെ തകര്‍ച്ചയും.

No reviews found

ശിലാഹൃദയരുടെ ചിരിമുഴക്കം

ശിലാഹൃദയരുടെ ചിരിമുഴക്കം
കല്ലിന്റെ ഹൃദയമുള്ള ഒരു നാടും മനുഷ്യരും രൂപപ്പെടുന്നു        1940-കളില്‍ പലസ്തീന്‍ എന്ന ഭാഗം വിഭജിക്കപ്പെട്ട ശേഷമാണ് അറബ് ദേശങ്ങളില്‍ രക്തം ഒരു പുഴയായി ഒഴുകാന്‍ തുടങ്ങിയത്. ഇത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത ഒരു ചരിത്രനിഗമനമാണ്. പടിഞ്ഞാറന്‍ ഘട്ടോകളിലും  തടങ്കല്‍ പാളയങ്ങളിലും കൂട്ടക്കൊല ചെയ്യപ്പെട്ട ജൂതചരിത്രം യൂറോപ്പിന്റെ  ഇരുട്ടായി മാറി. അവര്‍ക്ക് കിഴക്കൊരു കൈത്തിരിവച്ച് വെളിച്ചം നല്‍കാനുള്ള ശ്രമമായിരുന്നു പലസ്തീന്‍ വിഭജനം. അതുണ്ടായില്ലെന്നുമാത്രമല്ല വിഭജിച്ചുകിട്ടിയ സ്വന്തം മണ്ണില്‍നിന്നും  അവര്‍ നിഷ്‌കരുണം കുടിയൊഴിപ്പിക്കപ്പെട്ടു.  അയല്‍രാജ്യങ്ങളിലെ അഭയാര്‍ത്ഥികളായി മാറിയ ഒരു ജനത ജിബ്രാന്റെയും റൂഹാനിയുടെയും ജന്മദേശമായ ലെബനോണില്‍ എത്തിച്ചേരുകയും സ്വാഭാവികമായും അത്  അവിടത്തെ സാമൂഹികസാംസ്‌കാരിക കാലാവസ്ഥയെ അട്ടിമറിക്കുകയും ചെയ്തു. 


    പൊട്ടിപ്പൊളിഞ്ഞ നരകതുല്യമായ പലസ്തീന്‍ ക്യാമ്പുകള്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത്  നഷ്ടമായ തങ്ങളുടെ ജന്മദേശത്തിന്റെ പ്രതിരോധക്യാമ്പുകളായി മാറിയപ്പോള്‍ ഒരു പ്രതികാരമെന്നോണം ഇസ്രായേല്‍ പാശ്ചാത്യസാമ്രാജ്വത്വശക്തികളുടെ ആധുനികമായ കവചിത വാഹനങ്ങളുമായി കരുത്ത് കാട്ടി ബെയ്‌റൂട്ട് നഗരം കയ്യടക്കി. ഒരു ദിവസംകൊണ്ടല്ല ഒരു നിശ്ചിതകാലം കൊണ്ടാണ് അതവര്‍ സാധിച്ചെടുത്തത്. ഇസ്രായേല്‍ അധിനിവേശത്തിന്റെ മറവില്‍ ബെയ്‌റൂട്ടില്‍ ആഭ്യന്തരകലാപമുണ്ടായി. അവിടെ പരസ്പരം  പടവെട്ടാന്‍ നിരവധി ഗ്രൂപ്പുകളുണ്ടായിരുന്നു. ക്രിസ്ത്യന്‍, ശിയാ, പലസ്തീന്‍, ഇടതുപക്ഷം എന്നിങ്ങനെ നിരവധി ഗ്രൂപ്പുകള്‍. അവര്‍ ബെയ്‌റൂട്ട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ വിഭജിച്ചു; യുദ്ധക്കളമാക്കി മാറ്റി. പലരും  നഗരം ഒഴിഞ്ഞു പോയി സുരക്ഷിതമായ ഇടങ്ങള്‍ നേടി. ഒഴിഞ്ഞുപോകാന്‍ കഴിയാത്തവര്‍ ബുള്ളറ്റുകള്‍ കുത്തിക്കീറിയ കെട്ടിടങ്ങളുടെ പ്രേതാവശിഷ്ടങ്ങളില്‍, മണ്ണും പൊടിയുമേറ്റ് ചോര വാര്‍ന്ന കബന്ധങ്ങളുമായി ജീവിച്ചു. ഹുദാ ബറാക്കത്തിന്റെ 'ശിലാ ഹൃദയരുടെ ചിരിമുഴക്കം' എന്ന നോവലിന്റെ പശ്ചാത്തലം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.


    തുടര്‍ന്ന് പലസ്തീന്‍ സമൂഹത്തിലെ പടയാളികളായ ആയിരക്കണക്കിനു സൈനികരെതന്നെ കുടിയൊഴിപ്പിച്ചുകൊണ്ട് ബെയ്‌റൂട്ടിലെ ഇസ്രായേല്‍ ആക്രമണം ഒരു ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. അറബ് രാജ്യങ്ങളായ യെമനിലേക്കും സിറിയയിലേക്കുമായി അവരെ നാടുകടത്തി. ഒരു അനുതാപത്തോടെ മാത്രം ആ പഴയ ചരിത്രം കുത്തിക്കുറിച്ച് പിന്നെ എന്തു സംഭവിച്ചു എന്ന് ഓര്‍ക്കുമ്പോള്‍, മനസ്സിലൊരു ചിരി പടരുന്നു. സര്‍ഗ്ഗാത്മകമായ ഒന്നും സംഭവിച്ചില്ല. അറബ് രാഷ്ട്രീയത്തിലെ മിതവാദികളും ഇടതുപക്ഷക്കാരും ചരിത്രത്താളുകളില്‍ പോയി മറഞ്ഞു; മതവര്‍ഗ്ഗീയതയുടെ കറുപ്പണിഞ്ഞ ഒരു വര്‍ത്തമാനകാലഘട്ടം നമ്മെ പരിഭ്രാന്തരാക്കാന്‍ പിന്നെയും കടന്നുവന്നു.


    The Stone of Laughter എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട ഹൂദാ ബറാക്കത്തിന്റെ നോവല്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുമ്പോള്‍ നാമിത്രയും ഓര്‍ത്തെടുക്കുന്നു. ഈ പഴയ ചരിത്രത്തെ അനാവരണം ചെയ്തുകൊണ്ടല്ലാതെ വായനക്കാരന് ഈ നോവല്‍ വായിച്ചെടുക്കാനാകില്ല.  സംഘര്‍ഷം മുറ്റിനിന്ന ഓരോ കാലഘട്ടവും ആസ്പദമാക്കി അവ എങ്ങനെ സാഹിത്യത്തില്‍ പ്രതിഫലിക്കുന്നു എന്ന് കൗതുകപൂര്‍വ്വം നോക്കിക്കാണാനാകും. അറബികള്‍ ദയനീയമായി തോറ്റോടിയ 1967-ലെ അറബ് ഇസ്രായേല്‍ യുദ്ധത്തിനുശേഷം വന്നുചേര്‍ന്ന എണ്‍പതുകളിലെ  ലെബനോണ്‍ ആഭ്യന്തരകലാപത്തിന്റെ പശ്ചാത്തലത്തിലാണ് എഴുത്തുകാരി ഈ നോവലിന് ജന്മം നല്‍കിയത്.  


    പട്ടിണി, ക്ഷാമം, യുദ്ധം ഇവയൊക്കെ ഉത്പ്പാദിപ്പിക്കുന്ന ചില വൈകാരികതലങ്ങളുണ്ട്. സ്‌നേഹം, ദയ, കാരുണ്യം എന്നിങ്ങനെയുള്ള മനുഷ്യത്വവികാരങ്ങള്‍ അപ്രത്യക്ഷമാകും. ഒരു തരം പൈശാചികത വന്നുനിറയും. സാധാരണ വികാരവിചാരവിക്ഷോഭങ്ങളില്‍ തരളഹൃദയനായ ഖലില്‍ എന്ന യുവാവ് തന്റെ ചുറ്റുപാടുമുള്ള ഒരു സമൂഹത്തോടൊപ്പം ശിലാഹൃദയനാകുന്നു എന്നതാണ് ഈ നോവലിന്റെ സരളമായ ഉള്ളടക്കം. കല്ലിന്റെ ഹൃദയമുള്ള ഒരു നാടും മനുഷ്യരും രൂപപ്പെടുന്നു. ശിലാഹൃദയരുടെ  ചിരിമുഴക്കങ്ങള്‍ അവിടെ നിറയുന്നു.
ഈ ചിരിമുഴക്കം, ഇപ്പോഴും എപ്പോഴും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. തന്റെ വിക്ഷോഭമായ മനസ്സിനെ ഈ രചനയിലൂടെ ഹൂദാ പാകപ്പെടുത്തിയെടുത്തതാകും. ബെയ്‌റൂട്ടില്‍ തന്റെ പി.എച്ച്.ഡി. തിസീസ് രൂപപ്പെടുത്തുമ്പോഴാണ് ബെയ്‌റൂട്ട് യുദ്ധം വന്നെത്തിയത്. തുടര്‍ന്ന് അവര്‍ പാരീസിലേക്ക് മാറി താമസിച്ചു.  ഇതിലെ കഥാനായകനായ ഖലില്‍ എന്ന യുവാവ് ഒരു സ്വവര്‍ഗ്ഗാനുരാഗിയായിട്ടാണ് (Homo Sexual) ചിത്രീകരിക്കപ്പെട്ടത് എന്നത് അറബ് സാഹിത്യരചനയിലെ വിവാദമായിരുന്നു.


ശിലാഹൃദയരുടെ ചിരിമുഴക്കം
ഹുദാ ബറാക്കത്ത്, നോവല്‍
വിവ:അശോക് ഡിക്രൂസ്‌About Author

Hoda Barakat

Hoda Barakat

About Hoda Barakat

ലെബനീസ് നോവലിസ്റ്റ്. ജീവിതത്തിന്റെ നല്ലൊരു പങ്ക് ബെയ്‌റൂട്ടില്‍ ചെലവഴിച്ചതിനുശേഷം ഇപ്പോള്‍ പാരീസിലാണ് താമസം. ബറാക്കത്തിന്റെ അറബിക് രചനകള്‍ ഇംഗ്ലീഷ്, ഹീബ്രൂ, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, തുര്‍ക്കിഷ്, ഗ്രീക്ക് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1975-76 കാലഘട്ടത്തില്‍ ലെബനനിലെ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോള്‍ ബറാക്കത്ത് പി.എച്ച്ഡി. പഠനം നിര്‍ത്തിെവച്ച് പാരിസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ തീരുമാനിച്ചു. യുദ്ധസമയത്തായിരുന്നു അവരുടെ രചനകളെല്ലാം പ്രസിദ്ധീകൃതമായത്. ആദ്യ കൃതിയായ വനിതാസന്ദര്‍ശകര്‍ എന്ന ചെറുകഥാസമാഹാരം 1985ല്‍ പ്രസിദ്ധീകരിച്ചു. 1988ല്‍ ഷഹ്രസാദ് വനിതാമാസിക തുടങ്ങുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1989ല്‍ പാരീസിലേക്കു മടങ്ങിപ്പോവുകയും അവിടെവെച്ച് പ്രധാനകൃതികളായ സ്റ്റോണ്‍ ഓഫ് ലാഫര്‍, പീപ്പിള്‍ ഓഫ് ലവ് എന്നിവ പ്രസിദ്ധീകരിച്ചു. ബറാക്കത്തിന്റെ ആദ്യനോവലും സ്വവര്‍ഗ്ഗാനുരാഗിയായ പുരുഷന്റെ കഥ പറഞ്ഞ ആദ്യ അറബിക് കൃതിയുമായ സ്റ്റോണ്‍ ഓഫ് ലാഫര്‍ അല്‍- നാക്വിദ് സാഹിത്യപുരസ്‌കാരം നേടി.