Close
Welcome to Green Books India
Mayasooryan

Mayasooryan

Author: Zacharia

star

മായാസൂര്യന്‍

Add to Basket

Article by Paul Zacharia

എഴുത്ത് ഒരു സ്വപ്നവ്യാപാരം എന്ന തലം വിട്ട്, അനിവാര്യമായ ഒരു സാംസ്കാരിക അക്ടിവിസമായിക്കാണുന്ന സക്കറിയ, തന്റെ പ്രതികരണങ്ങളിലെല്ലാം ഒരു മൂന്നാം കണ്ണിന്‍റെ ജാഗ്രതാബോധം പുലര്‍ത്തുന്നു. തള്ളിക്കളയാനാവാത്ത ഒരു പ്രധിരോധമൂല്യം പ്രഭാഷണങ്ങളിലും പ്രതികരണങ്ങളും എഴുത്തിന്റെ രസതന്ത്രങ്ങളിലും നിലനിർത്തുന്ന നേരിവുകളുടെ പുസ്തകം.

No reviews found

മായാസൂര്യന്‍

മായാസൂര്യന്‍

സ്വന്തം ബുദ്ധിശക്തി ആര്‍ക്കും പണയപ്പെടുത്താതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത്.


  എഴുത്ത് ഒരു സ്വപ്നവ്യാപാരമെന്ന തലംവിട്ട്, അനിവാര്യമായ ഒരു സാംസ്‌കാരിക ആക്ടിവിസമായിക്കാണുന്ന സക്കറിയ, തന്റെ പ്രതികരണങ്ങളിലെല്ലാം ഒരു മൂന്നാംകണ്ണിന്റെ ജാഗ്രതാബോധം പുലര്‍ത്തുന്നു. സക്കറിയയുടെ പ്രഭാഷണങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരു പ്രതിരോധമൂല്യമുണ്ട്. ഏതൊരു കൊടിക്കീഴിലും ഫാസിസത്തിന്റെ സമഗ്രാധിപത്യ പ്രവണത അന്തര്‍ലീനമാണെന്നും സാമൂഹ്യാന്ധതയേയും പൊതുമറവികളേയും ചരിത്രാജ്ഞതയേയും മുതലെടുത്താണ് സമഗ്രാധിപത്യം വളരുന്നതെന്നും സക്കറിയ പറയുന്നു. ആഗോളവത്കരണവും അതിനോടൊത്ത് വികസിച്ചുവന്നിട്ടുള്ള കമ്പോളസംസ്‌കാരവുമാണ് യഥാര്‍ത്ഥത്തില്‍ മതത്തേയും രാഷ്ട്രീയത്തേയും കലാസാഹിത്യപ്രവര്‍ത്തനങ്ങളെയും നയിച്ചുകൊണ്ടിരിക്കുന്നതെന്നും സക്കറിയ പറയാതിരിക്കുന്നില്ല. മലയാളിയുടെ ദൗര്‍ഭാഗ്യമായി സക്കറിയ പറയുന്നത്, അവന്റെ പുറത്തെ പരിസ്ഥിതിയും അകത്തെ പരിസ്ഥിതിയും ഒരുപോലെ ചീഞ്ഞളിഞ്ഞിരിക്കുന്നു എന്നതാണ്. സ്വന്തം സൃഷ്ടിയായ മാലിന്യക്കൂമ്പാരങ്ങള്‍ക്കു നടുവില്‍ നിന്നുകൊണ്ട് പരിസ്ഥിതിസ്‌നേഹവും സംസ്‌കാരസമ്പന്നതയും പ്രഖ്യാപിക്കുന്നവരാണത്രേ നാം മലയാളികള്‍!


  സ്വന്തം ആശയപ്രഖ്യാപനവും കാഴ്ചപ്പാടുകള്‍ക്കും ഒപ്പം പ്രഖ്യാതരായ ഒട്ടേറെ വ്യക്തികളെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു. കയ്യൂര്‍ സമരചരിത്രം വളച്ചൊടിച്ചതാണെന്നും കൃഷ്ണപിള്ളയെ തലശ്ശേരിയില്‍വെച്ച് യുവാവായ എ.കെ.ജി കയ്യേറ്റം ചെയ്തുവെന്നുമൊക്കെ വിവാദമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഇതിലുണ്ട്. അടിയന്തരാവസ്ഥ, നക്‌സലൈറ്റ് വ്യാമോഹങ്ങള്‍, സിഖ് കൂട്ടക്കൊല, ബാബറി മസ്ജിദ്, ഒട്ടനവധി വിഷയങ്ങള്‍ അനുസ്മരിക്കുന്നതിനോടൊപ്പം, ആരുടെയും വക്താവാതെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും നിഴലാകാതെ, പറയേണ്ടത് കാര്‍ക്കശ്യത്തോടെ വിളിച്ചുപറയുന്നുണ്ട് സക്കറിയ. കേരളീയ നവോത്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ഉന്മൂലനം ചെയ്തുവെന്നും മാധ്യമങ്ങള്‍ അസത്യങ്ങളുടേയും അര്‍ദ്ധസത്യങ്ങളുടെയും ഉപജ്ഞാതാക്കളായി മാറിയെന്നും മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളേക്കാള്‍ വലിയവരായി രാജാക്കന്മാരായി ചമഞ്ഞുഞളിഞ്ഞുനടക്കുകയാണെന്നും ആതുരശുശ്രൂഷാലയങ്ങള്‍ ആരോഗ്യത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കശാപ്പുശാലകളായെന്നുമൊക്കെ സക്കറിയ ധീരമായി പ്രതികരിക്കുന്നു.


  എഴുത്തുകാരന്റെ നിലപാടുതറയെക്കുറിച്ചും സക്കറിയയ്ക്ക് സ്വന്തമായ വീക്ഷണങ്ങളുണ്ട്. ''നമ്മെത്തന്നെ പുതുക്കുമ്പോള്‍ നമ്മുടെ എഴുത്തും സ്വയം പുതുക്കപ്പെടും.'' എഴുത്തിന്റെ നവീകരണത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം എം.ടിയെക്കുറിച്ച്, ഒ.വി. വിജയനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഏറ്റവും നിസ്സാരമായ എഴുത്തുകാരനെപ്പോലും പത്രാധിപര്‍ എന്ന നിലയില്‍ എം.ടി. ഗൗരവമായി കണക്കിലെടുത്തു. ഒ.വി. വിജയന്റെ സംഘര്‍ഷങ്ങള്‍ ഒരു ഗുരുവിനോ മിത്തോളജിക്കോ പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഏതോ ഒരു അസാമാന്യമായ അസ്വസ്ഥത വിജയനെ ജീവിതം നീളെ വേട്ടയാടിക്കൊണ്ടിരുന്നു. കീര്‍ത്തിയോ, താന്‍ കണ്ടെത്തിയ ആധ്യാത്മികതയോ ഒന്നുംതന്നെ വിജയനെ ആശ്വസിപ്പിച്ചിരുന്നില്ല. ഒരു തവണപോലും ഉള്ള് തണുത്ത് ആനന്ദത്തോടെ ഒരു നിമിഷം കണ്ണടച്ചിരിക്കാന്‍ വിജയന് കഴിഞ്ഞിട്ടില്ല. വിജയന്‍ എന്തായിരിക്കും അന്വേഷിച്ചത്? സ്‌നേഹമായിരുന്നോ? സത്യമായിരുന്നോ? ദൈവസങ്കല്പമായിരുന്നോ?
എഴുത്തുകാരനായതെങ്ങനെ, മതവിശ്വാസം, ജീവിതം തുടങ്ങി അനവധി വിഷയങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. മതത്തെ വിമര്‍ശനബുദ്ധിയില്‍ കാണുന്നവന്‍ മിഥ്യാബോധത്തില്‍നിന്ന് വിമോചിക്കപ്പെടുമെന്നും വിശ്വാസിയേക്കാള്‍ മുമ്പേ മിഥ്യാവിമോചിതനാവുന്നത് അവിശ്വാസിയാണെന്നുമൊക്കെ സ്വന്തം അനുഭവങ്ങളില്‍നിന്ന് സക്കറിയ ധീരമായി കണ്ടെത്തുന്നുണ്ട്. സ്വന്തം ബുദ്ധിശക്തി ആര്‍ക്കും പണയപ്പെടുത്താതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത്. 


  'ഇനിയും മരിച്ചിട്ടില്ലാത്ത എം. സുകുമാരന്‍' എന്ന ലേഖനം ദീപ്തമായ വായനാനുഭവമാണ്. ''പ്രത്യയശാസ്ത്രം വേറെ, പാര്‍ട്ടി വേറെ.'' എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷം നിലനില്‍ക്കണമെന്ന് എം. സുകുമാരന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്നു. 


  ''ഇടതുപക്ഷ അപചയങ്ങള്‍ ധാരാളമായി കടന്നുവരുന്നുണ്ട്. നമ്മള്‍ മുതലാളിത്തത്തിന്റെ ഭാഗമായിക്കഴിഞ്ഞു.'' സക്കറിയയുടെ കാഴ്ചപ്പാടുകളെ എം. സുകുമാരനും പിന്തുണയ്ക്കുന്നുണ്ട്. ധീരമായ കാഴ്ചപ്പാടുകളുടെ ഒരു സക്കറിയ പുസ്തകം.
About Author

Zacharia

Zacharia

About Zacharia

കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത് ജനനം. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം അമ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയില്‍ പ്രസാധന-മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപകപ്രവര്‍ത്തകന്‍. താമസം തിരുവനന്തപുരത്ത്.